കൊച്ചി: കോവിഡ് വിവര വിശകലനത്തിൽനിന്ന് അ‌മേരിക്കൻ കമ്പനിയായ സ്പ്രിംക്ലറിനെ ഒഴിവാക്കിയെന്ന് സർക്കാർ ​ഹൈക്കോടതിയിൽ. ഡാറ്റാ ശേഖരണവും വിശകലനവും ഇനി സർക്കാരിന് കീഴിലുള്ള സി-ഡിറ്റ് നടത്തുമെന്ന് ​ഹൈക്കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിൽ സർക്കാർ വ്യക്തമാക്കി.

സ്പ്രിംക്ലറിന്റെ കയ്യിലുള്ള ഡാറ്റയെല്ലാം സുരക്ഷിതമായി സി-ഡിറ്റിന്റെ സെർവറിലേക്ക് മാറ്റിയിട്ടുണ്ട്. സ്പ്രിംക്ലറിന്റെ ​കൈവശമുള്ള ഡാറ്റയെല്ലാം നശിപ്പിക്കാൻ നിർദേശം നൽകി. ഇനി ​സോഫ്റ്റ് വെയർ അ‌പ്ഡേഷനിൽ മാത്രമാകും സ്പ്രിംക്ലറിന് പങ്കാളിത്തമുണ്ടാവുക. ആ സമയത്തും കമ്പനിയ്ക്ക് സി-ഡിറ്റിന്റെ പക്കലുള്ള വിവരങ്ങളൊന്നും കാണാനാവില്ലെന്നും സത്യവാങ്മൂലത്തിൽ പറയുന്നു.

സംസ്ഥാനത്തെ കോവിഡ് രോഗികളുടെ വിവരങ്ങൾ ശേഖരണത്തിനും വിശകലനത്തിനും വിദേശ കമ്പനിയായ സപ്രിംക്ലറിന്റെ സേവനം ഉപയോഗിച്ചത് വലിയ വിവാദമായിരുന്നു. പൗരൻമാരുടെ വിവരങ്ങൾ വൻവിലയ്ക്ക് മറിച്ചുവിൽക്കുകയാണ് സർക്കാർ എന്നത് ഉൾപ്പെടെയുള്ള ആരോപണങ്ങളുമായി പ്രതിപക്ഷം രംഗത്തെത്തിയിരുന്നു.

ഇതു സംബന്ധിച്ച ഹർജികളിൽ ഇടപാടിനെതിരെ ​ഹൈക്കോടതി പരാമർശങ്ങളുമുണ്ടായി. ഈ പശ്ചാത്തലത്തിലാണ് സർക്കാർ സ്പ്രിംക്ലറിനെ ഒഴിവാക്കിയതായി സത്യവാങ്മൂലം സമർപ്പിച്ചിരിക്കുന്നത്.