എം. മാധവൻ നമ്പ്യാർ | ഫോട്ടോ: മാതൃഭൂമി
ചെന്നൈ: സ്പ്രിംക്ലര്‍ ഇടപാടിനെക്കുറിച്ചുള്ള അന്വേഷണ കമ്മീഷന്‍ റിപ്പോര്‍ട്ട് കേരള സര്‍ക്കാര്‍ പുറത്തുവിടണമായിരുന്നെന്ന് കമ്മീഷന്‍ ചെയര്‍മാനും മുന്‍ കേന്ദ്ര വ്യോമയാന സെക്രട്ടറിയുമായ എം. മാധവന്‍നമ്പ്യാര്‍ പറഞ്ഞു. ''റിപ്പോര്‍ട്ട് മുഖ്യമന്ത്രിക്കും ചീഫ് സെക്രട്ടറിക്കും കൈമാറിയപ്പോള്‍ ഇക്കാര്യം ആവശ്യപ്പെട്ടിരുന്നു. അന്നത് പ്രസിദ്ധീകരിച്ചിരുന്നെങ്കില്‍ ഇന്നിപ്പോഴുള്ള വിവാദങ്ങള്‍ ഉയരുമായിരുന്നില്ല.'' ചെന്നൈയിലെ വീട്ടില്‍നിന്നു മാതൃഭൂമി ഡോട്ട് കോമിനോട് ടെലിഫോണില്‍ സംസാരിക്കുകയായിരുന്നു മാധവന്‍ നമ്പ്യാര്‍.
റിപ്പോര്‍ട്ടിനോട് അനുകൂല പ്രതികരണമാണ് മുഖ്യമന്ത്രിയുടെ ഭാഗത്തുനിന്ന് ഉണ്ടായതെന്നും എന്നാല്‍, റിപ്പോര്‍ട്ട് പുറത്തുവിടാതിരുന്നത് അത്ഭുതപ്പെടുത്തിയെന്നും മാധവന്‍നമ്പ്യാര്‍ പറഞ്ഞു. പഞ്ചായത്ത് തിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിലായിരിക്കാം ചിലപ്പോള്‍ റിപ്പോര്‍ട്ട് പുറത്തുവിടേണ്ടെന്ന തീരുമാനമുണ്ടായതെന്നും നമ്പ്യാര്‍ പറഞ്ഞു.
റിപ്പോര്‍ട്ടില്‍ ഏറെ പ്രസക്തം കമ്മിറ്റിയുടെ ശുപാര്‍ശകളാണെന്നും ഡേറ്റ സംരക്ഷണവും സ്വകാര്യതയും ഉറപ്പാക്കുന്നതിനുള്ള വ്യക്തമായ നിര്‍ദ്ദേശങ്ങളാണ് കമ്മിറ്റി സമര്‍പ്പിച്ചതെന്നും നമ്പ്യാര്‍ പറഞ്ഞു. സ്പ്രിംക്ലര്‍ ഇടപാട് മുഖ്യമന്ത്രി അറിഞ്ഞിരുന്നില്ലെന്ന കമ്മിറ്റിയുടെ പരാമര്‍ശത്തെക്കുറിച്ച് ചോദിച്ചപ്പോള്‍ അത് പുതിയ വിവരമല്ലെന്നും ഇടപാടിന്റെ പൂര്‍ണ്ണ ഉത്തരവാദിത്തവും നേരത്തെ തന്നെ മുന്‍ ഐ.ടി. സെക്രട്ടറി ശിവശങ്കര്‍ പരസ്യമായി ഏറ്റെടുത്തിരുന്നതാണെന്നും നമ്പ്യാര്‍ ചൂണ്ടിക്കാട്ടി.
നടപടിക്രമങ്ങള്‍ പാലിക്കുന്ന കാര്യത്തില്‍ വലിയ വീഴ്ചയാണുണ്ടായതെന്നും എന്നാല്‍, കോവിഡ് മഹാമാരി ഉയര്‍ത്തിയ ഭീഷണിയുടെ അടിസ്ഥാനത്തില്‍ സ്പ്രിംക്ലര്‍ ഇടപാട് ന്യായീകരിക്കുന്ന സമീപനമാണ് ഐ.ടി. മുന്‍ സെക്രട്ടറിയുടെ ഭാഗത്തുനിന്ന് ഉണ്ടായതെന്നും നമ്പ്യാര്‍ പറഞ്ഞു. കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ 17-നാണ് കമ്മിറ്റിയുടെ റിപ്പോര്‍ട്ട് ചെയര്‍മാന്‍ മുഖ്യമന്ത്രിക്ക് കൈമാറിയത്.
കേരള സര്‍ക്കാര്‍ ആരോഗ്യ മേഖലയില്‍ നടപ്പാക്കുന്ന സര്‍വ്വെ (കിരണ്‍- കേരള ഇന്‍ഫര്‍മേഷന്‍ ഒഫ് റെസിഡന്റ്‌സ് - ആരോഗ്യം നെറ്റ്‌വര്‍ക്ക് )യുടെ കാര്യത്തില്‍ മാധവന്‍ നമ്പ്യാര്‍ സമിതി മുന്നോട്ടുവെച്ചിട്ടുള്ള ശുപാര്‍ശകള്‍ ഏറെ പ്രസക്തമാണെന്നാണ് വിലയിരുത്തപ്പെടുന്നത്. നേരത്തെ യു.ഡി.എഫ്. സര്‍ക്കാര്‍ നടപ്പാക്കാനൊരുങ്ങിയ അതേ പദ്ധതിയാണ് കിരണ്‍ എന്ന ആരോപണം അടുത്തിടെ ഉയര്‍ന്നിരുന്നു.
കേരള ജനതയുടെ ആരോഗ്യ വിവരങ്ങള്‍ കനേഡിയന്‍ കമ്പനിക്ക് കൈമാറുന്നുവെന്ന സി.പി.എമ്മിന്റെ കടുത്ത എതിര്‍പ്പിനെത്തുടര്‍ന്നാണ് മുന്‍ യു.ഡി.എഫ്. സര്‍ക്കാര്‍ ഈ പദ്ധതി വേണ്ടെന്നുവെച്ചത്. പത്ത് ലക്ഷം പേരുടെ ആരോഗ്യ വിവരങ്ങളാണ് ഈ സര്‍വ്വെയിലൂടെ കേരള സര്‍ക്കാര്‍ ശേഖരിക്കുന്നത്.
കിരണ്‍ പദ്ധതി നടപ്പാക്കാന്‍ മുന്‍കൈയ്യെടുത്ത മുന്‍ ആരോഗ്യ വകുപ്പ് സെക്രട്ടറി രാജീവ് സദാനന്ദനെയാണ് സ്പ്രിംക്ലര്‍ അന്വേഷണ കമ്മീഷനില്‍ രണ്ടാമത്തെ അംഗമായി സര്‍ക്കാര്‍ ആദ്യം നിയോഗിച്ചത്. രാജീവിനെ പിന്നീട് കോവിഡ് 19 വിഷയത്തില്‍ സര്‍ക്കാരിന്റെ ഉപദേഷ്ടാവാക്കിയതോടെയാണ് സൈബര്‍ സുരക്ഷാ വിദഗ്ദന്‍ ഗുല്‍ഷന്‍ റായ് കമ്മീഷനിലേക്കെത്തിയത്. ആറു മാസത്തോളം എടുത്താണ് കമ്മീഷന്‍ റിപ്പോര്‍ട്ട് തയ്യാറാക്കിയത്.
എന്നാല്‍, ഈ കമ്മിറ്റിയുടെ റിപ്പോര്‍ട്ടിന്മേല്‍ നടപടികളെടുക്കുന്നതിനു പകരം പുതിയൊരു അന്വേഷണ കമ്മിറ്റിയെ നിയോഗിക്കുകയാണ് പിണറായി വിജയന്‍ സര്‍ക്കാര്‍ ചെയ്തത്. മുന്‍ ജില്ലാ ജഡ്ജി ശശിധരന്‍ നായരുടെ നേതൃത്വത്തിലുള്ള ഈ സമിതിയെക്കുറിച്ച് തനിക്കൊന്നും പറയാനില്ലെന്ന് മാധവന്‍ നമ്പ്യാര്‍ വ്യക്തമാക്കി.
Content Highlights: Sprinklr commission report should be released earlier, says M Madhavan Nambiar
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..