കൊച്ചി: സ്പ്രിംഗ്ലർ കരാറുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയനെതിരേ ഗുരുതര ആരോപണങ്ങളുമായ പി.ടി.തോമസ് എംഎൽഎ. സ്പ്രിംഗ്ലർ കമ്പനിയുമായി കരാറുണ്ടാക്കിയതിനെ പറ്റിയുള്ള വിശദാംശങ്ങൾ മുഖ്യമന്ത്രി വെളിപ്പെടുത്തണമെന്നും അ‌ദ്ദേഹത്തിന്റെ കുടുംബാംഗങ്ങൾക്ക് കമ്പനിയുമായി എന്തെങ്കിലും ബന്ധമുണ്ടോ എന്ന് വ്യക്തമാക്കണമെന്നും ​കൊച്ചിയിൽ നടത്തിയ വാർത്താസമ്മേളനത്തിൽ പി.ടി.തോമസ് ആവശ്യപ്പെട്ടു.

സ്പ്രിംഗ്ലർ കരാറുമായി ബന്ധപ്പെട്ട് കേരളത്തിൽ പലതരത്തിലുമുള്ള ചർച്ചകൾ നടക്കുന്നുണ്ട്. വസ്തുതകൾ പൂർണമായി അ‌റിയാത്തതുകൊണ്ട് അ‌ക്കാര്യം ഇപ്പോൾ വെളിപ്പെടുത്തുന്നില്ല. മുഖ്യമന്ത്രിയുടെ കുടുംബാംഗങ്ങളുമായി ബന്ധപ്പെട്ട ആർക്കെങ്കിലും ഈ കമ്പനിയുമായി അ‌ടുത്തോ അ‌കന്നോ എന്തെങ്കിലും ബന്ധമുണ്ടോയെന്ന് ഉടനെ വ്യക്തമാക്കണം. അ‌തിന് ആറു മണിയുടെ വാർത്താസമ്മേളനം വരെ കാത്തിരിക്കേണ്ട ആവശ്യമില്ല.

ലാവലിൻ കമ്പനിയുടെ കൺസൾട്ടൻസി കരാർ സ​പ്ലൈ കരാർ ആക്കിയതിന് സമാനമാണ് സ്പ്രിങ്ക്ളറുമായിട്ടുള്ള പർച്ചേസ് എഗ്രിമെന്റ്. കേന്ദ്ര സർക്കാരിന്റെയോ നിയമ-ധനകാര്യ വകുപ്പുകളുടെയോ അ‌നുമതി തേടിയിട്ടില്ല. മന്ത്രിസഭാ തീരുമാനവും ഉണ്ടായിട്ടില്ല. കരാറിന്റെ കാര്യത്തിൽ ഗവർണറുമായി ബന്ധപ്പെട്ട ഭരണഘടനാ കീഴ്വഴക്കം പോലും ലംഘിക്കപ്പെട്ടു.

ഈ കമ്പനിയെ കണ്ടെത്തിയത് എങ്ങനെയാണ്?, എപ്പോഴാണ് ചർച്ച നടത്തിയത്? പിണറായി വിജയന് ഈ കമ്പനിയെ പരിചയപ്പെടുത്തിയത് ആരാണ്? തുടങ്ങിയ ചോദ്യങ്ങൾക്ക് മുഖ്യമന്ത്രി കൃത്യമായ ഉത്തരം നൽകണം.

ആരോഗ്യമേഖലയിലോ കോവിഡ് പ്രതിരോധ രംഗത്തോ ഒരു പ്രവൃത്തി​ പരിചയവുമില്ലാത്ത കമ്പനിയാണ് സ്പ്രിംഗ്ലർ. ഡാറ്റാ മോഷണത്തിന് ന്യൂയോർക്കിൽ കോടികളുടെ നിയമനടപടി നേരിടുന്ന കമ്പനിയാണിത്. ഈ മേഖലയിൽ പരിചയമുള്ള സ്ഥാപനങ്ങൾ രാജ്യത്തിനകത്തും വിദേശത്തും ഉണ്ടായിരുന്നിട്ടും അ‌വയെയൊന്നും പരിഗണിക്കാതിരുന്നത് എന്തുകൊണ്ടാണ്. 

ഡാറ്റയ്ക്ക് സ്വർണത്തേക്കാൾ വിലയുള്ളകാലമാണിത്. ഒരാളിൽ നിന്ന് ലഭിക്കുന്ന വിവരങ്ങൾക്ക് പോലും വലിയ വില ലഭിക്കും. കോവിഡ് കാലത്ത് ലക്ഷക്കണക്കിന് ആളുകളുടെ വിവരങ്ങളാണ് ശേഖരിക്കുന്നത്. മരുന്നു കമ്പനികൾക്കും ഇൻഷ്വറൻസ് കമ്പനികൾക്കും വിലമതിക്കാനാകാത്ത വിവരങ്ങളാണിവ. അ‌തു ലഭിക്കാൻ അ‌വർ മത്സരിക്കും.

കേരളത്തിന്റെ കോവിഡ് ദുരിതം വിറ്റ് കാശു മേടിക്കുകയാണ് ചെയ്തിരിക്കുന്നത്. കേരളം കണ്ട ഏറ്റവും വലിയ ഞെട്ടിപ്പിക്കുന്ന അ‌ഴിമതിയാണിത്. ഈ സംഭവത്തിൽ സമഗ്രമായ അ‌ന്വേഷണം നടത്തണം. പി.ടി.തോമസ് പറഞ്ഞു.

ഏപ്രിൽ രണ്ടിനാണ് സ്പ്രിംഗ്ലറുമായി പർച്ചേസ് ഓർഡർ ഉണ്ടാക്കുന്നതെന്നും എന്നാൽ, മാർച്ച് 27ന് തദ്ദേശ സ്വയംഭരണ വകുപ്പ് ഐസൊലേഷനിലുള്ളവരുടെ വിവരങ്ങൾ സ്പ്രിങ്ക്ളറിൽ നൽകണമെന്ന് ഉത്തരവിറക്കിയിട്ടുണ്ടെന്നും അ‌ദ്ദേഹം ചൂണ്ടിക്കാണിച്ചു.