കൊച്ചി: സ്വന്തം വിവേചനാധികാരം ഉപയോഗിച്ചാണ് കോവിഡ് വിവരശേഖരണത്തിനായി സ്പ്രിംഗ്ലർ കമ്പനിയെ തിരഞ്ഞെടുത്തതെന്ന ഐടി സെക്രട്ടറി എം.ശിവശങ്കറിന്റെ വാദത്തിന് നിയമസാധുതയില്ലെന്ന് വാദം. നിയമവകുപ്പിന്റെ ചുമതലകൾ വ്യക്തമാക്കുന്ന 'റൂൾസ് ഓഫ് ബിസിനസ്' ചട്ടത്തിന്റെ ലംഘനമാണ് നടന്നിരിക്കുന്നത്.

സർക്കാർ വകുപ്പുകളുടെ ഇടപാടുകൾ എങ്ങനെ വേണമെന്നത് സംബന്ധിച്ച ചട്ടങ്ങളാണ് 'റൂൾസ് ഓഫ് ബിസിനസ്'. ഇതിൽ സർക്കാരിന്റെ ഇടപാടുകളുടെ രേഖകളും കരാറുകളും തയ്യാറാക്കേണ്ട ചുമതല നിയമ വകുപ്പിനാണ്. അ‌തേസമയം, റൂൾസ് ഓഫ് ബിസിനസിൽ എവിടെയും ഇക്കാര്യത്തിൽ ഒരു ഉദ്യോഗസ്ഥനും വിവേചനാധികാരം നൽകുന്നതായി പറയുന്നില്ല.

Rules of Business
റൂൾസ് ഓഫ് ബിസിനസിൽ നിയമ വകുപ്പിന്റെ ചുമതലകൾ വിശദമാക്കുന്ന ഭാഗത്തിൽ നിന്ന്.

സ്പ്രിംഗ്ലർ തിരഞ്ഞെടുത്തതുമായി ബന്ധപ്പെട്ട് നിയമ വകുപ്പിന്റെ ഉപദേശം തേടണമെന്ന് തോന്നിയില്ലെന്നാണ് ഐടി സെക്രട്ടറി പറയുന്നത്. വിവരങ്ങൾ ശേഖരിക്കാൻ ഒരു ടെക്‌നോളജിക്കല്‍ പ്ലാറ്റ്‌ഫോം വേണമെന്ന് തീരുമാനിച്ചിരുന്നു. സേവനം സൗജന്യമാണെന്നും സുരക്ഷാ പ്രശ്നമില്ലെന്നും ഉറപ്പുവരുത്തിയിരുന്നു. പ്ലാറ്റ്‌ഫോം ഏതാണെന്ന് തിരഞ്ഞെടുത്തതും ഒപ്പിട്ടതും തന്റെ ഉത്തരവാദിത്തമാണെന്നും ഐടി സെക്രട്ടറി കൂട്ടിച്ചേർത്തു. 

എന്നാൽ, ഈ വാദങ്ങൾക്ക് നിയമസാധുത ഇല്ലെന്നാണ് റൂൾസ് ഓഫ് ബിസിനസ് വ്യക്തമാക്കുന്നത്. നിലവിൽ മറ്റു വകുപ്പുകൾ തയ്യാറാക്കുന്ന കരാറുകൾ നിയമ വകുപ്പ് കണ്ട ശേഷം അ‌ംഗീകാരം നൽകുകയാണ് ചെയ്യുന്നത്. നിയമ വകുപ്പ് മാറ്റങ്ങൾ നിർദേശിച്ചാൽ അ‌വ വരുത്തി വീണ്ടും സമർപ്പിച്ച് അ‌ംഗീകാരം വാങ്ങണം.

അ‌തേസമയം, കരാർ ധനകാര്യ വകുപ്പ് കാണാത്തതിൽ ചട്ടലംഘനമില്ല. സർക്കാരിന് സാമ്പത്തിക ബാധ്യത ഇല്ലെങ്കിൽ ഫയൽ ധനവകുപ്പിന് നൽകേണ്ടതില്ലെന്നാണ് ചട്ടം.

Content Highlights: sprinkle agreement no discretion for it secretary in rules of business