-
തിരുവനന്തപുരം: സ്പ്രിംക്ലർ വിവാദത്തിൽ മുഖ്യമന്ത്രി പിണറായി വിജയനെതിരെ രൂക്ഷ വിമർശനങ്ങളുമായി കോൺഗ്രസ നേതാവ് കെ. സുധാരകൻ. ഐടി സെക്രട്ടറിയുടെ വെളിപ്പെടുത്തിൽ വിവാദത്തെ പുതിയ ദിശയിലേക്ക് നയിച്ചിരിക്കുകയാണെന്ന് സുധാകരൻ പറഞ്ഞു. ആരോപണത്തിന് ശേഷമാണ് കരാർ രേഖ ഉണ്ടാക്കിയത്. നിയമോപദേശം തേടിയിട്ടില്ല എന്ന് സെക്രട്ടറി സമ്മതിക്കുന്നു. പർച്ചേസ് ഓർഡർ ഒപ്പിടുന്നതിന് മുമ്പുതന്നെ ജനങ്ങളുടെ ആരോഗ്യ വിവരങ്ങൾ കമ്പനിയുടെ സെർവറിലേക്ക് നൽകി തുടങ്ങിയിരുന്നുവെന്ന് സെക്രട്ടറി കേരളത്തിലെ ജനങ്ങളോട് സമ്മതിച്ചിരിക്കുന്നു. ഇതിന്റെയൊക്കെ പ ശ്ചാത്തലത്തിൽ ഇടതുപക്ഷ സർക്കാരിന്റെ പ്രതികരണം എന്താണെന്ന് അറിയാൻ ആഗ്രഹിക്കുന്നുവെന്നും ഇടതുമുന്നണിയിലെ ഘടകകക്ഷികളുടെ പ്രതികരണം എന്താണെന്ന് അറിയാൻ ആഗ്രഹമുണ്ടെന്നും സുധാകരൻ പറഞ്ഞു.
പ്രതിപക്ഷ നേതാവിന്റെ ആരോപണങ്ങൾ ഇന്ന് യാഥാർഥ്യമായി മാറുന്നു. ഇന്നലെവരെ ഇതെല്ലാം സർക്കാർ നിഷേധിച്ചിരുന്നു. ഒരു ജനതയുടെ ആരോഗ്യ വിവരങ്ങൾ വിറ്റ് കാശാക്കുന്ന ആദ്യത്തെ സർക്കാരാണ് പിണറായി വിജയന്റെ സർക്കാരെന്നും സുധാകരൻ ആരോപിച്ചു. നിയമാനുസൃതം നിലനിൽക്കുന്ന ഒരു ഭരണസംവിധാനത്തിലെ നിയങ്ങളും കീഴ്വഴക്കങ്ങളും മുഴുവൻ ലംഘിച്ചുകൊണ്ടാണ് ഈ ഇടപാട് നടന്നരിക്കുന്നത്. രണ്ട് വർഷമായി ആരംഭിച്ചതാണ് ഈ കരാർ എന്നാണ് പറയുന്നത്. ഇതിനിടയിൽ നിയമസഭ എത്രതവണ കൂടിയിരിക്കുന്നു. ഇക്കാലയളവിൽ നിയമസഭയിൽ ഇതിനേപ്പറ്റി ഒരു പരാമർശമോ സൂചനയോ നടത്താൻ സർക്കാർ തയ്യാറായില്ല. എന്തിനാണ് മുഖ്യമന്ത്രി വസ്തുതകളിൽ നിന്ന് ഒളിച്ചോടുന്നത്. എന്തിനാണ് കേരളത്തിലെ ജനങ്ങളോട് മുഖ്യമന്ത്രി കളവു പറഞ്ഞു. കമ്പനിയുടെ സെർവറിലേക്ക് വിവരങ്ങൾ കൈമാറിക്കൊണ്ടിരിക്കെ തന്നെ ഇതൊരു സേവനമാണെന്നും സാമ്പത്തിക ബാധ്യതയുണ്ടാകില്ലെന്ന് നാടകം കളിച്ചു- ഇതിനൊക്കെ കേരളത്തിലെ ജനങ്ങളോട് മറുപടി നൽകണമെന്നും
സാമ്പത്തികമായി നേട്ടമുണ്ടാക്കാത്ത ഇതുപോലൊരു കരാർ ആരുമുണ്ടാക്കില്ല. കരാറിന് പിന്നിൽ ആരുടെയൊക്കെ കൈകൾ പ്രവർത്തിച്ചുവെന്ന് അന്വേഷിക്കേണ്ടതായിട്ടുണ്ട്. നിലവിൽ ഉയർന്നിരിക്കുന്ന സംശയത്തിന്റെ പുകമറ നീക്കാൻ സത്യസന്ധമായ അന്വേഷണം വേണം. സിബിഐയെക്കൊണ്ട് അന്വേഷിച്ച് ഇതിന്റെ വസ്തുത പുറത്തുകൊണ്ടുവരണം. ആരുടെയും ശ്രദ്ധയിൽപെടാതിരുന്ന ഈ വസ്തുത സിപിഎം സൈബർ പോരാളികളുടെ ഭീഷണികളെ അതിജീവിച്ച് പ്രതിപക്ഷ നേതാവ് നടത്തിയ ശ്രമങ്ങളെ അഭിനന്ദിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
എസ്എൻസി ലാവ്ലിൻ ഇതേപോലെയൊന്നായിരുന്നു. കൺസൾട്ടൻസിക്ക് പോയ പിണറായി കരാർ ഉറപ്പിച്ചാണ് തിരികെ വന്നത്. കേരളത്തിലെ ജനങ്ങളുടെ പണം ധൂർത്തടിക്കുന്ന ഇതേപോലെയുള്ള കരാറുകൾ നല്ലതാണോ. അത് ചോദിക്കുന്ന രാഷ്ട്രീയക്കാർ പീഡിപ്പിക്കപ്പെടേണ്ടവരാണോയെന്നും സുധാകരൻ ചോദിച്ചു.
സിപിഎമ്മിന്റെ കഴിഞ്ഞകാല നേതാക്കൾക്കും രക്തസാക്ഷികൾക്കും പൊതുഫണ്ട് നൽകിയതിനെ വിമർശിച്ചതാണ് കെ.എം. ഷാജി ചെയ്ത തെറ്റ്. കെ.എം. ഷാജിയല്ല പിണറായി വിജയനാണ് നികൃഷ്ട മനസിന്റെ ഉടമസ്ഥൻ. ഒരു ജനപ്രതിനിധിയെന്ന തരത്തിലുള്ള ഉത്തരവാദിത്തം നിറവേറ്റുകയായിരുന്നു ഷാജി. ഇപ്പോൾ ഷാജിക്കെതിരെ കേസെടുത്തിരിക്കുന്നു, വധഭീഷണി വന്നിരിക്കുന്നു.
കളവെഴുതി പ്രചരിപ്പിച്ചതിന് കെ.എം. ഷാജിക്കെതിരെ വിജിലൻസ് റിപ്പോർട്ട് തയ്യാറാക്കിയ ആളെ ഞങ്ങൾ വിചാരണ ചെയ്യിക്കും. പാർട്ടിയിൽ നിന്ന് സസ്പെൻഡ് ചെയ്ത് പുറത്തുനിർത്തിയ ഒരുവന്റെ സാക്ഷിമൊഴിയെ ആടിസ്ഥാനമാക്കി 25 ലക്ഷം രൂപ വാങ്ങി എന്ന് കള്ളക്കേസുണ്ടാക്കി വിജിലസ് കേസെടുത്തത് ഈ സർക്കാന്റെ പാപ്പരത്തമാണ് തെളിവാകുന്നത്. ഷാജിയെ ഈ സർക്കാർ അത്ര ഭയപ്പെടുന്നുണ്ട് ആതാണ് കാരണം. പണം നൽകിയെന്ന് സ്കൂൾ മാനേജുമെന്റ് പറയുന്നില്ല. രേഖകളില്ല. എന്നിട്ടും അങ്ങിനെ നൽകിയെന്ന് എഴുതിയുണ്ടാക്കിയ ഉദ്യോഗസ്ഥൻ മറുപടി പറയേണ്ടി വരുമെന്നും അദ്ദേഹം പറഞ്ഞു.
Content Highlights:Springer controversy, K Sudhakaran slams LDF Govt
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..