തിരുവനന്തപുരം: സംസ്ഥാനത്ത് സാമ്പത്തിക പ്രതിസന്ധി രൂക്ഷമാണെന്നും പരമാവധി ആളുകളുടെ കൈയിലേക്ക് പണം എത്തിക്കുകയാണ് സർക്കാരിന്റെ ലക്ഷ്യമെന്നും ധനമന്ത്രി കെഎൻ ബാലഗോപാൽ. സഭയിൽ ബജറ്റ് ചർച്ചയ്ക്ക് മറുപടി പറയുകയായിരുന്നു ധനമന്ത്രി.

5000 കോടി രൂപ ഖജനാവിലുണ്ടെന്ന് മുൻധനമന്ത്രി പറഞ്ഞപ്പോൾ അദ്ദേഹം ഉദ്ദേശിച്ചത് പണലഭ്യതയ്ക്ക് പ്രശ്നമില്ലെന്നാണ്. സാമ്പത്തിക സ്ഥിതി രൂക്ഷമാണെങ്കിലും കടം വാങ്ങിച്ച് സാമ്പത്തിക രംഗം തകരാതെ മുന്നോട്ടുകൊണ്ടുപോകാനാണ് ലക്ഷ്യമിടുന്നതെന്നും ധനമന്ത്രി വ്യക്തമാക്കി. സംസ്ഥാനത്തിന്റെ ധനസ്ഥിതി, നീക്കിയിരിപ്പ് സംബന്ധിച്ച് ബജറ്റിൽ പറഞ്ഞ കാര്യങ്ങൾ വ്യത്യസ്തമാണെന്ന പ്രതിപക്ഷ നേതാവിന്റെ പരാമർശങ്ങൾക്ക് വിശദീകരണം നൽകുകയായിരുന്നു മന്ത്രി.

കരാറുകാരുടെ കുടിശ്ശിക തീർക്കുമ്പോൾ ജനങ്ങളിലേക്ക് വീണ്ടും പണമെത്തും. ഭക്ഷ്യക്കിറ്റ് ഉൾപ്പെടെ നൽകുന്നതും ജനങ്ങൾക്ക് നേരിട്ട് പണമെത്തിക്കുന്നതിന് തുല്യമാണെന്നും ധനമന്ത്രി പറഞ്ഞു.

മരച്ചീനിയിൽ നിന്ന് സ്പിരിറ്റ് ഉത്‌പാദിപ്പിക്കുന്നത് പരിഗണിക്കുമെന്നും വാഹനങ്ങളുടെ നികുതി അടയ്ക്കാൻ ഓഗസ്റ്റ് 31 വരെ സമയം നൽകുമെന്നും ധനമന്ത്രി സഭയെ അറിയിച്ചു. ടേൺ ഓവർ നികുതി അടയ്ക്കാനുള്ള തിയതിയും നീട്ടും. പരമ്പരാഗത വ്യവസായങ്ങൾക്ക് കുറഞ്ഞ പലിശയ്ക്ക് വായ്പ ലഭ്യമാക്കുന്നത് പരിഗണിക്കുമെന്നും മന്ത്രി പറഞ്ഞു.

37000 കോടി റവന്യു വർധനയുണ്ടാകുമെന്ന് പറയുന്നത് വിശ്വസിക്കാനാവുന്നില്ലെന്നും ബാങ്കുകളിൽ മൊറട്ടോറിയം പ്രഖ്യാപിക്കണമെന്നും പ്രതിപക്ഷ നേതാവ് വിഡി സതീശൻ ആവശ്യപ്പെട്ടിരുന്നു.

content highlights:Spirit will be considered from tapioca-Finance Minister