കോഴിക്കോട് : കരുണയുടെയും കരുതലിന്റെയും കരങ്ങള്‍ കുറിയതായിപ്പോവുന്നില്ല. കുട്ടികളിലെ ജനിതക വൈകല്യമായ സ്പൈനല്‍ മസ്‌ക്കുലാര്‍ അട്രോഫി (എസ്.എം.എ.)ക്കുള്ള മരുന്നുകള്‍ കോഴിക്കോട്ടെ ആശുപത്രി മുഖേന 36 കുട്ടികള്‍ക്ക് സൗജന്യമായി ലഭിക്കുന്നു. ലോകത്തെ ഏറ്റവും വില കൂടിയ മരുന്നായ സോള്‍ഗെന്‍സ്മ ഇതിനകം നാല് കുട്ടികള്‍ക്ക് നല്‍കിക്കഴിഞ്ഞു.  

ഇത് 18 കോടി രൂപ വിലയുള്ള ഒറ്റഡോസ് കുത്തിവയ്പ് മരുന്നാണ്. ആയുഷ്‌ക്കാല ചികിത്സയ്ക്ക് മൊത്തം 25-30 കോടി വില വരാവുന്ന റിസ്ഡിപ്ലാം , സിന്റാസ എന്നീ മറ്റു രണ്ട് മരുന്നുകളും കുട്ടികള്‍ക്ക് സൗജന്യമായി നല്കുന്നവയില്‍ ഉള്‍പ്പെടുന്നു. ഈ മൂന്ന് മരുന്നുകളാണ് എസ്.എം.എ.യ്ക്ക് ചികിത്സകര്‍ നിര്‍ദ്ദേശിക്കുന്നത്. ഇതില്‍ റിസ്ഡിപ്ലാം ഇന്ത്യന്‍ വിപണിയില്‍ ലഭ്യമായ മരുന്നാണ്. വില ഒരു ബോട്ടിലിന് ആറുലക്ഷം രൂപ വരും. ഒരു വര്‍ഷത്തേക്ക് ചിലവ്  52-70 ലക്ഷം രൂപ വരാം. മറ്റു രണ്ടു മരുന്നുകളും യു.എസ്. എഫ്.ഡി.എ. രോഗികളില്‍ ചികിത്സയ്ക്കായി പ്രയോഗിക്കുന്നതിന് അനുമതി നല്‍കിയിട്ടുള്ളവയാണ്. 

മരുന്നുകമ്പനികളുടെ ദീനാനുകമ്പാ പദ്ധതികളും കുട്ടികള്‍ക്ക് കരുണാര്‍ദ്രമായ ഉപയോഗത്തിനുള്ള സൗജന്യവും മുതല്‍ കോഴിക്കോട് ആസ്റ്റര്‍ മിംസ് ആശുപത്രിയുടെ സഹായവും വരെ പ്രയോജനപ്പെടുത്തിയാണ് ഇത്രവലിയ സൗജന്യസഹായം സാമ്പത്തിക ക്ലേശമുള്ള രക്ഷിതാക്കളുടെ കുട്ടികള്‍ക്ക് ലഭ്യമാവുന്നത്. ആശുപത്രിയിലെ പീഡിയാട്രിക് ന്യൂറോളജി കണ്‍സള്‍ട്ടന്റ് ഡോ.സ്മിലു മോഹന്‍ലാല്‍ നിരന്തരമായി പരിശ്രമിച്ചാണ് ഈ നേട്ടം കൈവരിക്കുന്നത്. പീഡിയാട്രീഷ്യന്‍മാരുടെയും ന്യൂറോളജിസ്റ്റുകളുടെയും ആഗോള സംഘടനകളുടെ സഹകരണത്തോടെയാണ് ഡോക്ടര്‍ ഇതിനായി ശ്രമിച്ചത്.

ഓഗസ്ത് അവസാനവും സപ്തംബര്‍ ആദ്യവുമായി എല്ലാകുട്ടികള്‍ക്കുമുള്ള മരുന്ന് ആശുപത്രിയിലെത്തുമെന്ന് പ്രതീക്ഷിക്കുന്നു. 24 ന് ആശുപത്രിയില്‍ ന്യൂറോ മസ്‌ക്കുലര്‍ അട്രോഫി ക്ലിനിക്ക് ആരംഭിക്കുന്നുണ്ട്. കണ്ണൂര്‍ മാട്ടൂലിലെ മുഹമ്മദ് എന്ന കുട്ടിക്കുള്ള മരുന്ന് 21 ന് എത്തുമെന്ന് പ്രതീക്ഷിക്കുന്നു. ഈ കുട്ടിക്കായി വന്‍തോതില്‍ ചികിത്സാ ധനസമാഹരണം നടന്നതിനാല്‍ മരുന്ന് സൗജന്യമായല്ല നല്കുന്നത്. ഈ ആശുപത്രിയില്‍ ആദ്യമായി സോള്‍ഗെന്‍സ്മ മരുന്ന് നല്കിയ മലപ്പുറം പെരിന്തല്‍മണ്ണ സ്വദേശിനിയായ കുട്ടി സുഖം പ്രാപിച്ചുവരുന്നു. ഈ മരുന്ന് ശരാശരി 80 ശതമാനത്തോളം കുട്ടികളില്‍ ഫലപ്രാപ്തിയിലെത്താറുണ്ട്.

ഈ കുട്ടികള്‍ നാം ഏറ്റവും കരുതല്‍ നല്‍കേണ്ട വിഭാഗമാണ്. വിവിധ ചികിത്സാവിഭാഗങ്ങളുടെ സഹരണത്തോടെയാണ് ഇവര്‍ക്ക് ചികിത്സയും പിന്തുണയും നല്‍കി ഇവരെ കഴിവുകളും ശാരീരിക േശഷിയും നഷ്ടപ്പെടാതെ രോഗസൗഖ്യത്തിലേക്ക് എത്തിക്കുന്നത്. ജീവിതത്തിലേക്കും. സമൂഹം നിസ്സഹായരായ ഇവര്‍ക്കായി സവിശേഷ ശ്രദ്ധ നല്‍കേണ്ടതുണ്ട് - ഡോ.സ്മിലു മോഹന്‍ലാല്‍ , കണ്‍സള്‍ട്ടന്റ് പീഡിയാട്രിക് ന്യൂറോളജിസ്റ്റ്.