കോഴിക്കോട്: ബാനറിലെ ഒരു അക്ഷരത്തെറ്റിന്റെ പേരില്‍ ബിജെപിക്കെതിരെ വ്യാപകമായ ട്രോളുകളാണ് സാമൂഹികമാധ്യമങ്ങളില്‍ പ്രചരിക്കുന്നത്. പാലക്കാട് നടന്ന പൗരത്വ നിയമത്തെ അനുകൂലിച്ചുള്ള ജനസമ്പര്‍ക്ക പരിപാടിയിലെ ബാനറിലാണ് അക്കിടി പറ്റിയത്. അക്ഷരത്തെറ്റ് ശ്രദ്ധിക്കാതെ ബിജെപി നേതാവ് പരിപാടിയുടെ ബാനര്‍ സഹിതമുള്ള ഫോട്ടോ ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ ചെയ്യുകയായിരുന്നു. എന്നാല്‍ അക്ഷരപിശാച് ട്രോളന്മാരുടെ കണ്ണിലുടക്കി. പിന്നെ അറഞ്ചംപുറഞ്ചം ട്രോളുകളായി. 

ബിജെപിയുടെ ഷൊര്‍ണ്ണൂര്‍ മണ്ഡലം പ്രസിഡന്റാണ് ഫെയ്‌സ്ബുക്കില്‍ ഈ പരിപാടിയുടെ ഫോട്ടോ പോസ്റ്റ് ചെയ്തത്. 'വ്യാജപ്രചാരണങ്ങള്‍ തിരിച്ചറിയുക പൗരത്വ ഭേദഗതി നിയമം അനുകൂല സമ്പര്‍ക്ക യജ്ഞം CAA FOR INIDA എന്നായിരുന്നു ബാനറിലെ വാചകം. പ്രധാനമന്ത്രിയുടെയും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെയും ചിത്രങ്ങളും ബാനറിലുണ്ടായിരുന്നു. എന്തായാലും ബാനറിന്റെ പേരില്‍ ട്രോളുകള്‍ നിറഞ്ഞതോടെ ബിജെപി നേതാവ് ഫോട്ടോയില്‍ ചെറുതായൊരു മാറ്റംവരുത്തി. ഇപ്പോള്‍ പ്രസ്തുത ഫെയ്‌സ്ബുക്ക് പോസ്റ്റ് പരിശോധിച്ചാല്‍ ഫോട്ടോയില്‍ അക്ഷരത്തെറ്റുള്ള ഭാഗം കാണാനാവില്ല. 

Content Highlights: spelling mistake in bjp banner, social media trolls against bjp kerala