തിരുവനന്തപുരം: അവിശ്വാസപ്രമേയ ചർച്ചയിൽ മുഖ്യമന്ത്രിക്കും പ്രതിപക്ഷ നേതാവിനും സമയപരിധി നല്‍കാറില്ലെന്ന് സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍. അവിശ്വാസ പ്രമേയ ചര്‍ച്ചയില്‍ മുഖ്യമന്ത്രിക്ക് കൂടുതല്‍ സമയം അനുവദിച്ചു എന്ന ആരോപണത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം. പ്രതിപക്ഷ നേതാവിനും മുഖ്യമന്ത്രിക്കും സമയ നിഷ്ഠ പാലിക്കരുതെന്നാണ് പ്രതിപക്ഷ നേതാവ് രാവിലെ പറഞ്ഞത്. അതിന്റെ ഭാഗമായി എല്ലാവരും സമയമെടുത്തു. അദ്ദേഹം തന്നെ അദ്ദേഹത്തിനനുവദിച്ച സമയത്തിന്റെ മൂന്നിരട്ടി വിനിയോഗിച്ചുവെന്നും സ്പീക്കര്‍ പറഞ്ഞു. 

"വളരെ ദീര്‍ഘിച്ചു പോകുമ്പോള്‍ ഞാന്‍ ചോദിക്കാറുള്ളത് ഇനി അങ്ങേക്ക് എത്ര സമയം വേണമെന്നാണ്. രാവിലെ പറഞ്ഞത് പ്രതിപക്ഷ നേതാവിനും മുഖ്യമന്ത്രിക്കും സമയ നിഷ്ഠ പാലിക്കരുതെന്നാണ്. രാവിലെ സഭയില്‍ തന്നെ ഞാന്‍ പറയുകയുണ്ടായി കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ച് സമയ നിഷ്ഠ പാലിച്ച് മുന്നോട്ടുപോവണമെന്ന് . എന്നാല്‍ അങ്ങനെയൊരു സമീപനം സ്വീകരിക്കുന്നത് ശരിയല്ലെന്നാണ് പ്രതിപക്ഷ നേതാവ് പറഞ്ഞത്. അതിന്റെ ഭാഗമായി എല്ലാവരും സമയമെടുത്തു. അദ്ദേഹം തന്നെ അദ്ദേഹത്തിനനുവദിച്ച സമയത്തിന്റെ മൂന്നിരട്ടി വിനിയോഗിക്കേണ്ടി വന്നു". 

മുഖ്യമന്ത്രിയെ സംബന്ധിച്ച് സര്‍ക്കാരിലുള്ള അവിശ്വാസം  വന്നിരിക്കുകയാണ്. സര്‍ക്കാരിന് ആ കാര്യങ്ങള്‍ വിശദീകരിച്ച് വിശ്വാസം ആര്‍ജ്ജിക്കാൻ സമൂഹത്തോടും സഭയോടും പറയേണ്ടതായ കാര്യങ്ങള്‍ പറയേണ്ടി വരും. 2005ലെ രണ്ട് ദിവസമായി നടന്ന അവിശ്വാസ പ്രമേയ ചര്‍ച്ചില്‍ മറുപടി അഞ്ചേകാല്‍ മണിക്കൂറായിരുന്നുവെന്നും സ്പീക്കർ കൂട്ടിച്ചേർത്തു

content highlights: Speeker P Sreeramakrishnan comment on no confidence motion time limit