തിരുവനന്തപുരം: സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരായ ലൈംഗികാതിക്രമ കേസുകള്‍ വനിതാ പ്രത്യേക സംഘമാകും ഇനി അന്വേഷിക്കുകയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. ബലാത്സംഗക്കേസുകള്‍ വനിതാ ഉദ്യോഗസ്ഥരടങ്ങുന്ന സംഘം റേഞ്ച് ഐജിന്മാരുടെ മേല്‍നോട്ടത്തില്‍ അന്വേഷണം നടത്തുമെന്നും മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞു.
സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരായ ലൈംഗികാതിക്രമ കേസുകള്‍ വര്‍ധിച്ചു. സംസ്ഥാനത്ത് ശക്തമായ ബോധവല്‍ക്കരണ നടത്തുന്നതിനാല്‍ ലൈംഗികാതിക്രമങ്ങളെക്കുറിച്ച് തുറന്നു പറയാനും പരാതി നല്‍കാനും സ്ത്രീകള്‍ സന്നദ്ധരാകുന്നു കൊണ്ടാണ് കേസുകളില്‍ വര്‍ധനവുണ്ടായതെന്നും മുഖ്യമന്ത്രി പിണറായി വിജയന് കൂട്ടിച്ചേര്‍ത്തു.
അതേസമയം, പാര്ട്ടിക്കാര് ഉള്‍പ്പെടുന്ന കേസുകളില്‍ വനിതാ കമ്മീഷന് ഇടപെടുന്നില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നിയമസഭയില്‍ ആരോപിച്ചു. ഇരയ്ക്കും വേട്ടയ്ക്കും ഒപ്പം നില്ക്കുന്ന സര്‍ക്കാര്‍ നിലപാടാണ് സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും നേരെയുള്ള അതിക്രമങ്ങള്‍ വര്‍ധിക്കാന്‍ കാരണമെന്നും പ്രതിപക്ഷം പറഞ്ഞു. വാളയാര്‍ കേസ് സിബിഐക്ക് വിടാന്‍ മടിക്കുന്നത് എന്തുകൊണ്ടാണെന്നും രമേശ് ചെന്നിത്തല ചോദിച്ചു.
വാളയാര്‍ കേസില്‍ ഭരണപക്ഷത്തെ വനിതകള്‍ക്ക് മൗനമെന്ന് ഷാനിമോള്‍ ഉസ്മാന് കുറ്റപ്പെടുത്തി. സ്ത്രീ സുരക്ഷയുടെ പേര് പറഞ്ഞ് അധികാരത്തിലേറിയ സര്‍ക്കാറാണിത്. കേരളത്തില്‍ വനിതാ കമ്മീഷന് എന്തിനാണെന്നും ഷാനിമോള്‍ ഉസ്മാന് ചോദിച്ചു.
സ്ത്രീകളുടെ ജീവനും സ്വത്തിനും സുരക്ഷ നല്കുന്നതില് ഇപ്പോഴും സമൂഹം ഏറെ മുന്നോട്ട് പോയിട്ടില്ലെന്ന് വ്യക്തമാക്കുകയാണ് ബുധനാഴ്ച നിയമസഭയിലെ മുഖ്യമന്ത്രിയുടെ വാക്കുകള്‍.
Content Highlights: Special Women force will investigate the women atrocities cases
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..