ആറ്റിൽ തിരച്ചിലിന് എത്തിയ അഗ്നിരക്ഷാസേനാംഗങ്ങൾ(ഇടത്ത്) യാനുഷ്(വലത്ത്)
കോട്ടയം: മണിമലയാറ്റിൽ ചാടിയ വില്ലേജ് ഓഫീസറെ ആദ്യം രക്ഷിക്കാൻ ശ്രമിച്ചത് മറുനാടൻ തൊഴിലാളി. മണിമലയിലെ ഇറച്ചിക്കടയിലെ ജോലിക്കാരനായ യാനുഷാണ് സ്പെഷ്യൽ വില്ലേജ് ഓഫീസർ പ്രകാശനെ രക്ഷിക്കാനായി ആദ്യം ആറ്റിൽചാടിയത്. നീന്തിയെത്തി പ്രകാശന്റെ കൈയിൽ പിടുത്തം കിട്ടിയെങ്കിലും അത് വഴുതിപ്പോയതിന്റെ ദുഃഖത്തിലാണ് ഇപ്പോൾ യാനുഷ്.
തിങ്കളാഴ്ച രാവിലെ ബ്രിട്ടീഷ് പാലത്തിലൂടെ അസം സ്വദേശികളായ യാനുഷും സുഹൃത്ത് വിജയിയും നടന്നുപോകുമ്പോഴാണ് സമീപത്തെ വലിയപാലത്തിൽനിന്ന് പ്രകാശൻ ആറ്റിലേക്ക് ചാടുന്നത് കണ്ടത്.
ശക്തമായ ഒഴുക്കിൽപ്പെട്ട് പ്രകാശൻ ഒഴുകിപോകുന്നത് കണ്ടപ്പോൾ യാനുഷും ആറ്റിലേക്ക് ചാടുകയായിരുന്നു. എന്നാൽ പ്രകാശനെ രക്ഷിക്കാനുള്ള ശ്രമം വിജയിച്ചില്ല. നൂറു മീറ്ററിലേറെ നീന്തിയെത്തിയ യാനുഷിന് പ്രകാശന്റെ കൈയിൽ പിടിത്തം കിട്ടിയിരുന്നെങ്കിലും ശക്തമായ ഒഴുക്കിൽ കൈ വഴുതിപോവുകയായിരുന്നു. ഒരുപക്ഷേ, മറ്റൊരാൾ കൂടി സഹായത്തിനുണ്ടായിരുന്നെങ്കിൽ പ്രകാശിനെ രക്ഷിക്കാൻ കഴിയുമായിരുന്നു എന്നാണ് യാനുഷ് പറയുന്നത്.
അസം സ്വദേശിയായ യാനുഷ് രണ്ട് വർഷം മുമ്പാണ് മണിമലയിലെ ഇറച്ചിക്കടയിൽ ജോലിക്കെത്തുന്നത്. സുഹൃത്തായ വിജയിക്കൊപ്പം രാവിലെ ജോലിക്ക് പോകുന്നതിനിടെയാണ് ഈ സംഭവങ്ങളുണ്ടായത്.
അതേസമയം, മണിമലയാറ്റിൽ ചാടിയ സ്പെഷ്യൽ വില്ലേജ് ഓഫീസർ പ്രകാശനെ ഇതുവരെ കണ്ടെത്താനായില്ല. തിങ്കളാഴ്ച രാവിലെയാണ് പ്രകാശൻ മണിമല വലിയപാലത്തിൽനിന്ന് ആറ്റിലേക്ക് ചാടിയത്. ജോയിന്റ് കൗൺസിൽ നേതാവായ പ്രകാശൻ ചങ്ങനാശ്ശേരി താലൂക്കിലാണ് ജോലിചെയ്തിരുന്നത്. ആത്മഹത്യ ചെയ്യാനായാണ് ആറ്റിൽ ചാടിയതെന്നാണ് പോലീസിന്റെ നിഗമനം. പ്രകാശനെ കണ്ടെത്താനായി അഗ്നിരക്ഷാസേനയും സ്കൂബ ടീം അംഗങ്ങളും ആറ്റിൽ തിരച്ചിൽ നടത്തി.
Content Highlights:special village officer jumped into river in manimala kottayam assam native tries to escape him
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..