പ്രതീകാത്മക ചിത്രം | ഫോട്ടോ: എ.പി.
തിരുവനന്തപുരം: കോവിഡ് ബാധിച്ച് മാതാപിതാക്കള്‍ മരിച്ച കുട്ടികളുടെ സംരക്ഷണത്തിന് പ്രത്യേക പാക്കേജ് നടപ്പിലാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. തിരുവനന്തപുരത്ത് പത്രസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
മാതാപിതാക്കള്‍ നഷ്ടപ്പെട്ട കുട്ടികള്‍ക്ക് മൂന്ന് ലക്ഷം രൂപ ഒറ്റത്തവണയായി നല്‍കും. 18 വയസ്സുവരെ 2000 രൂപ മാസം തോറും നല്‍കും. കുട്ടികളുടെ ബിരുദ തലംവരെയുള്ള വിദ്യാഭ്യാസ ചെലവ് സര്‍ക്കാര്‍ ഏറ്റെടുക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
രണ്ടാമത്തെ കോവിഡ് തരംഗം ഉച്ചസ്ഥായിയില്‍ എത്തി രോഗവ്യാപനം കുറയാന്‍ തുടങ്ങിയിട്ട് രണ്ടാഴ്ച ആയിട്ടും മരണസംഖ്യ കുറയാത്തത് സമൂഹത്തില്‍ ആശങ്കയ്ക്ക് ഇടയാക്കുന്നുണ്ടെന്നും എന്നാൽ മരണസംഖ്യയില്‍ കാര്യമായ കുറവുണ്ടാകാന്‍ നാലാഴ്ച വരെ സമയമെടുക്കുമെന്നാണ് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നതെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. രോഗികളുടെ എണ്ണം പരമാവധിയിലെത്തിയ ഘട്ടത്തില്‍ രോഗബാധിതരായവര്‍ക്കിടയില്‍ ആരോഗ്യസ്ഥിതി ഗുരുതരമാവുകയും മരണങ്ങള് ഉണ്ടാവുകയും ചെയ്യുന്നത് ഇപ്പോഴായതിനാലാണ് മരണസംഖ്യ ഉയരുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.
രോഗവ്യാപനത്തിന്റെ വേഗം പിടിച്ചുനിര്‍ത്തി ആരോഗ്യസംവിധാനത്തിനുള്‍ക്കൊള്ളാവുന്ന പരിധിക്ക് താഴെ നിര്‍ത്തുക എന്ന നയമാണ് നാം തുടക്കം മുതല്‍ സ്വീകരിച്ചിട്ടുള്ളത്. അതുകൊണ്ട് മറ്റു പ്രദേശങ്ങളേക്കാള്‍ നീണ്ടു നില്ക്കുന്ന രോഗവ്യാപനത്തില്‍ അധികമായി ആശങ്ക ഉണ്ടാകേണ്ടതില്ല. ആളുകളുടെ ജീവന് സംരക്ഷിക്കുക എന്ന പ്രാഥമിക ഉത്തരവാദിത്വം ഏറ്റവും നന്നായി നിര്‍വഹിക്കുക എന്നതിന് പ്രാധാന്യം നല്‍കിയേ തീരൂ. ലോക്ഡൗണ്‍ ഇളവുകള്‍ ലഭിക്കുമ്പോള്‍ അവ ദുരുപയോഗം ചെയ്യപ്പെടാനുള്ള സാധ്യത മനുഷ്യസഹജമാണ്. കേരളത്തിലെ ജനസാന്ദ്രത ദേശീയ ശരാശരിയുടെ ഏകദേശം ഇരട്ടിയാണ്. അതുകൊണ്ട് ലോക്ഡൗണ്‍ ഉള്ളപ്പോഴും ഇല്ലാത്തപ്പോഴും കോവിഡ് വ്യാപനത്തിനിടയാക്കുന്ന വിധത്തിലുള്ള പെരുമാറ്റവും പ്രവര്‍ത്തനങ്ങളും ഉണ്ടാകാതെ നമ്മള് നോക്കണമെന്നും മുഖ്യമന്ത്രി അറിയിച്ചു.
Content Highlights: Special package for protection of children whose parents have died in covid 19- Pinarayi Vijayan
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..