പ്രതീകാത്മക ചിത്രം |ഫോട്ടോ:മാതൃഭൂമി
തിരുവനന്തപുരം: ഭക്ഷ്യ വിഷബാധയേറ്റ് ഒരു ജീവന്‍കൂടി പൊലിഞ്ഞതോടെ സംസ്ഥാനത്തെ ഭക്ഷ്യസുരക്ഷാ വകുപ്പ് വീണ്ടും ഉറക്കംവിട്ട് ഉണര്‍ന്നിരിക്കുകയാണ്. ഭക്ഷ്യവിഷബാധയെ തുടര്‍ന്ന് കോട്ടയം മെഡിക്കല്‍ കോളേജില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്ന യുവതി മരിച്ചതിന് പിന്നാലെ സംസ്ഥാന വ്യാപകമായി ഹോട്ടലുകളില്‍ ചൊവ്വാഴ്ച പ്രത്യേക പരിശോധന നടത്തുകയുണ്ടായി.
429 സ്ഥാപനങ്ങളില്‍ ഭക്ഷ്യസുരക്ഷാ വകുപ്പ് പരിശോധന നടത്തിയതായും വൃത്തിഹീനമായി പ്രവര്‍ത്തിച്ച 22 സ്ഥാപനങ്ങളുടേയും ലൈസന്‍സ് ഇല്ലാതിരുന്ന 21 സ്ഥാപനങ്ങളുടേയും ഉള്‍പ്പെടെ 43 സ്ഥാപനങ്ങളുടെ പ്രവര്‍ത്തനം നിര്ത്തിവെപ്പിച്ചെന്നും ആരോഗ്യമന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. 138 സ്ഥാപനങ്ങള്‍ക്ക് നോട്ടീസ് നല്കി. 44 സാമ്പിളുകള്‍ പരിശോധനയ്ക്കയച്ചിട്ടുണ്ട്. ശക്തമായ പരിശോധനകള്‍ തുടരുമെന്നും മന്ത്രി വ്യക്തമാക്കി.
കഴിഞ്ഞ വര്‍ഷം മെയ് മാസത്തില്‍ കാസര്‍കോട് ചെറുവത്തൂരില്‍ ദേവാനന്ദയെന്ന പ്ലസ് വിദ്യാര്‍ഥിനി ഷവര്‍മ കഴിച്ച് മരിച്ചതിനെ തുടര്‍ന്ന് സംസ്ഥാന വ്യാപകമായി പരിശോധന നടത്തുകയും നിരവധി ഹോട്ടലുകള്‍ വൃത്തിഹീനമായി പ്രവര്‍ത്തിക്കുന്നുണ്ടെന്നു കണ്ടെത്തുകയുമുണ്ടായി. കര്‍ശന നടപടിയുണ്ടാകുമെന്ന് അന്നും മന്ത്രി പറഞ്ഞിരുന്നു.
കര്‍ശന പരിശോധനകളും നടപടികളും ദിവസങ്ങള്‍ മാത്രമേ നീണ്ടു നിന്നുള്ളൂ. ഭക്ഷ്യ വിഷബാധ തടയുന്ന കാര്യത്തില്‍ തുടർനടപടികളുണ്ടായില്ല. ഷവര്‍മ ഉണ്ടാക്കുന്നതിനും വിപണനം നടത്തുന്നതിനും മാനദണ്ഡങ്ങളൊക്കെ സര്‍ക്കാര്‍ നിശ്ചയിച്ചിരുന്നു. എന്നാല്‍ പഴയപോലെ തന്നെയാണ് പല സ്ഥാപനങ്ങളിലും ഇപ്പോഴും വില്‍പ്പന നടത്തുന്നത്. ഇത് പാലിക്കപ്പെടുന്നുണ്ടോയെന്ന് പരിശോധിക്കാന്‍ അധികൃതർ ഒരുക്കമല്ല.
കോട്ടയത്ത് നഴ്സ് മരിച്ചതിന്റെ പശ്ചാത്തലത്തില്‍ തുടര്‍ന്നുള്ള ദിവസങ്ങളിലും പരിശോധനയുണ്ടാകുമെന്നാണ് മന്ത്രി വീണാ ജോര്‍ജ് പറയുന്നത്. തുടര്‍ നടപടികളോ ഭക്ഷ്യ സുരക്ഷ ഉറപ്പുവരുത്തുന്നതിന് കൃത്യമായ സംവിധാനമോ ഇല്ലാത്ത അവസ്ഥയാണുള്ളത്.
സംസ്ഥാനത്തെ ഹോട്ടലുകളിലേക്ക് സുനാമി ഇറച്ചിയും കുറഞ്ഞ വിലക്ക് ഭക്ഷ്യയോഗ്യമല്ലാത്ത കോഴി ഇറച്ചിയും സുലഭമായി എത്തുന്നുവെന്ന് മാതൃഭൂമി ന്യൂസ് കഴിഞ്ഞ ദിവസവും തെളിവ് സഹിതം റിപ്പോര്‍ട്ട് ചെയ്തിരുന്നു. ദുരന്തങ്ങള്‍ ഉണ്ടാകുമ്പോള്‍ മാത്രം ഉണർന്നെണീക്കുകയും അല്ലാത്തപ്പോള്‍ ഉറക്കംനടിക്കുകയും ചെയ്യുന്ന സർക്കാർ സംവിധാനങ്ങളേക്കുറിച്ച് വലിയ വിമർശനമാണ് വിവിധ കോണുകളില്‍നിന്ന് ഉയരുന്നത്.
Content Highlights: Special inspection-Department of Food Safety-after death
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..