കൊച്ചി: രണ്ടാം പിണറായി മന്ത്രിസഭയില്‍ വനംവകുപ്പ് നഷ്ടപ്പെട്ട സിപിഐയ്ക്ക് ഹൈക്കോടതിയിലെ സര്‍ക്കാര്‍ അഭിഭാഷക നിയമനത്തില്‍ വനംവകുപ്പിന്റെ സ്‌പെഷ്യല്‍ ഗവണ്‍മെന്റ് പ്ലീഡറും നഷ്ടപ്പെട്ടേക്കും. എന്നാല്‍ ഇത്തവണയും സിപിഐയുടെ മൂന്ന് നോമിനികളെ സ്പെഷ്യല്‍ ഗവണ്‍മെന്റ് പ്ലീഡർമാരായി നിയമിച്ചേക്കും. 

ഒന്നാം പിണറായി സര്‍ക്കാരിന്റെ കാലത്ത് വനംവകുപ്പിന് ഹൈക്കോടതിയില്‍ രണ്ട് സ്പെഷ്യല്‍ ഗവണ്‍മെന്റ് പ്ലീഡര്‍മാരാണ് ഉണ്ടായിരുന്നത്. സിപിഎം നോമിനിയായി നാഗരാജ് നാരായണനും  സിപിഐയുടെ നോമിനിയായി കെ സന്ദേശ് രാജയുമാണ് വനം കേസ്സുകളില്‍ ഹാജരായിരുന്നത്. മറ്റൊരു ഘടകകക്ഷിയിലെ  നേതാവ് ഇത്തവണ വനംമന്ത്രി ആയതിനാല്‍ വനംവകുപ്പിന്റെ സ്‌പെഷ്യല്‍ ഗവണ്‍മെന്റ് പ്ലീഡറായി സിപിഐ നോമിനിയെ നിയമിക്കേണ്ടതില്ലെന്നാണ് സിപിഎം നിലപാട്. എന്നാല്‍ സുപ്രധാനമായ വകുപ്പിന്റെ സ്‌പെഷ്യല്‍ ഗവണ്‍മെന്റ് പ്ലീഡര്‍ വിട്ടുനല്‍കാന്‍ സിപിഐയും തയ്യാറായിട്ടില്ല.

കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് വനം, റവന്യു വകുപ്പുകള്‍ക്ക് പുറമെ അഡീഷണല്‍ അഡ്വക്കേറ്റ് ജനറലിന്റെ ഓഫീസിലുമാണ് സിപിഐ നോമിനകളായ സ്പെഷ്യല്‍ ഗവണ്‍മെന്റ് പ്ലീഡര്‍മാരേ നിയമിച്ചിരുന്നത്. വനം വകുപ്പിന് പകരം മോട്ടോര്‍ വെഹിക്കിള്‍സ് വകുപ്പിന്റെയോ, പട്ടിക ജാതി പട്ടിക വര്‍ഗ്ഗ വകുപ്പിന്റെയോ സ്‌പെഷ്യല്‍ ഗവര്‍ന്മെന്റ് പ്ലീഡമാരായി സിപിഐ നോമിനികളെ നിയമിക്കാനാണ് ആലോചന. ആകെയുള്ള 20 സ്‌പെഷ്യല്‍ ഗവണ്‍മെന്റ് പ്ലീഡമാരില്‍ 17 പേരും സിപിഎം നോമിനികളായിരിക്കും.

കഴിഞ്ഞ തവണ അഡ്വക്കേറ്റ് ജനറലിന്റെ ഓഫീസിലെ സ്പെഷ്യല്‍ ഗവണ്‍മെന്റ് പ്ലീഡര്‍ ആയിരുന്ന എന്‍ മനോജ് കുമാറിനെ സ്റ്റേറ്റ് അറ്റോര്‍ണിയായി സ്ഥാനക്കയറ്റം നല്‍കിയിരുന്നു. അഡ്വക്കേറ്റ് ജനറലിന്റെ ഓഫീസില്‍ സ്പെഷ്യല്‍ ഗവണ്‍മെന്റ് പ്ലീഡര്‍, സീനിയര്‍ ഗവണ്‍മെന്റ് പ്ലീഡര്‍ സ്ഥാനത്തേക്ക് പുതുമുഖങ്ങളെത്തുമെന്ന് സിപിഎം വൃത്തങ്ങള്‍ അറിയിച്ചു. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരായ അതിക്രമങ്ങളുമായി ബന്ധപ്പെട്ട കേസ്സുകള്‍ കൈകാര്യം ചെയ്യുന്നതിന് ഇടത് വേദികളില്‍ സജീവമായ ഒരു വനിതാ അഭിഭാഷകയെ സ്‌പെഷ്യല്‍ ഗവണ്‍മെന്റ് പ്ലീഡറായി നിയമിക്കുന്ന കാര്യം സിപിഎം നേതൃത്വത്തിന്റെ പരിഗണനയിലാണ്.

എല്‍ഡിഎഫിന്റെ വിവിധ ഘടകകഷികള്‍ക്ക് നല്‍കേണ്ട സീനിയര്‍ ഗവണ്‍മെന്റ് പീഡര്‍മാരുടെയും ഗവണ്‍മെന്റ് പ്ലീഡര്‍മാരുടെയും എണ്ണം ഈ ആഴ്ച തീരുമാനിക്കും. 55 സീനിയര്‍ ഗവണ്‍മെന്റ് പ്ലീഡര്‍മാരും  52 ഗവണ്‍മെന്റ് പ്ലീഡറുമാറാണ് കേരള ഹൈക്കോടതിയില്‍ ഉള്ളത്.

Content highlight: special govt pleader high court kerala