കൊച്ചി: യുവതീപ്രവേശന വിധിയുമായി ബന്ധപ്പെട്ടുള്ള പ്രതിഷേധങ്ങളുടെ പശ്ചാത്തലത്തില്‍ ശബരിമലയിലെ സ്ഥിതി അതീവഗുരുതരമെന്ന് സ്‌പെഷ്യല്‍ കമ്മീഷണറുടെ റിപ്പോര്‍ട്ട്.

ചിത്തിര ആട്ടവിശേഷത്തിന് സ്ത്രീകളെ തടഞ്ഞത് തെറ്റെന്നും, പതിനെട്ടാം പടിയില്‍ കയറിയതില്‍ ആചാരലംഘനം നടന്നെന്നും ജില്ലാ ജഡ്ജികൂടിയായ എം.മനോജ് ഹൈക്കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു. ദേശവിരുദ്ധശക്തികളും ക്രിമിനലുകളും നിലവിലെ സാഹചര്യം മുതലാക്കിയേക്കാമെന്നും റിപ്പോര്‍ട്ടിലുണ്ട്. 

തുലാമാസ പൂജാസമയത്ത് ഉണ്ടായതിന് സമാനമായി ചിത്തിര ആട്ടവിശേഷത്തിനും ശബരിമലയില്‍ യുവതീപ്രവേശന വിധിയുമായി ബന്ധപ്പെട്ട് പ്രതിഷേധം നടന്ന സാഹചര്യത്തിലാണ് സ്‌പെഷ്യല്‍ കമ്മീഷണര്‍ ഹൈക്കോടതിക്ക് റിപ്പോര്‍ട്ട് നല്‍കിയത്.

ശബരിമലയിലെ സ്ഥിതി അതീവ ഗുരുതരമാണെന്ന് റിപ്പോര്‍ട്ട് പറയുന്നു.ലക്ഷക്കണക്കിന് തീര്‍ത്ഥാടകരാകും മണ്ഡല മകരവിളക്ക് കാലത്ത് സന്നിധാനത്ത് എത്തുക.ഈ അവസ്ഥ തുടര്‍ന്നാല്‍ സീസണ്‍ കൂടുതല്‍ കലുഷിതമാകും.തിക്കിലും,തിരക്കിലുംപെട്ട് തീര്‍ത്ഥാടകര്‍ക്ക് ജീവാപായം വരെ ഉണ്ടാകാനുള്ള സാധ്യതയുണ്ട്.

ചിത്തിര ആട്ടവിശേഷത്തിന് എത്തിയ സ്ത്രീകളെ സന്നിധാനത്ത് തടഞ്ഞത് തെറ്റായ നടപടിയാണ്.പതിനെട്ടാം പടിയില്‍ ഇരുമുടിയില്ലാതെ ചിലര്‍ കയറുന്ന സാഹചര്യം ഉണ്ടായി.ഇത് ആചാരലംഘനമാണ്. നിലവില്‍ നടത്തുന്ന പ്രതിഷേധങ്ങള്‍ വിശ്വാസത്തിന്റെയും, ആചാരത്തിന്റെയും മറ്റും പേരു പറഞ്ഞാണ് അരങ്ങേറുന്നത്.എന്നാല്‍ സുരക്ഷാഭീഷണിയുള്ള തീര്‍ത്ഥാടന കേന്ദ്രങ്ങളിലൊന്നാണ് ശബരിമല.ദേശവിരുദ്ധശക്തികളും,ക്രിമിനലുകളും നിലവിലെ സാഹചര്യം മുതലെടുക്കാനിടയുണ്ട്.

രാഷ്ട്രീയ പാര്‍ട്ടികള്‍ പ്രക്ഷോഭങ്ങളില്‍ നിയന്ത്രണം വരുത്താന്‍ തയ്യാറാകണമെന്നും എം.മനോജ് കോടതിക്ക് നല്‍കിയ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു. ഇത് രണ്ടാം തവണയാണ് സ്‌പെഷ്യല്‍ കമ്മീഷണര്‍ ഹൈക്കോടതിക്ക് റിപ്പോര്‍ട്ട് നല്‍കുന്നത്. നേരത്തെ തുലാമാസ പൂജാവേളയ്ക്ക് പിന്നാലെ സ്‌പെഷ്യല്‍ കമ്മീഷണര്‍ കോടതിക്ക് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ശബരിമലയിലെ സാഹചര്യം കൃത്യമായി വിവരിക്കുന്നതോടൊപ്പം ചില മുന്നറിയിപ്പുകള്‍ കൂടി നല്‍കുന്നതാണ് സ്‌പെഷ്യല്‍ കമ്മീഷണറുടെ റിപ്പോര്‍ട്ട്. ഇത് കോടതി അടുത്ത ദിവസം പരിഗണിക്കും.

content highlights; Special commissionor's report on sabarimala