തിരുവനന്തപുരം: കോവിഡ് ബാധിതരിൽ രോഗലക്ഷണം ഇല്ലാത്തവരേയും നേരിയ ലക്ഷണങ്ങൾ മാത്രമുള്ളവരേയും വീടുകളിൽ തന്നെ ക്വാറന്റീൻ ചെയ്യാൻ ആവശ്യമായ നിർദേശം നൽകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. വീട്ടിൽ ക്വാറന്റീനിൽ കഴിയാൻ പ്രയാസമുള്ളവർക്ക് തദ്ദേശ സ്ഥാപനങ്ങൾ പ്രത്യേക കെയർ സെന്ററുകൾ സജ്ജമാക്കും. ഇതിനായി വീടുകളിൽ ക്വാറന്റീനിൽ കഴിയുന്നവർ പ്രദേശത്തെ വാർഡുതല സമിതിയുമായി ബന്ധപ്പെടണമെന്നും മുഖ്യമന്ത്രി അറിയിച്ചു.

രോഗബാധിതനാകുന്ന വ്യക്തിയുടെ വീടുകളിലെ മറ്റ് അംഗങ്ങളും രോഗിയുമായി സമ്പർക്കത്തിൽപ്പെട്ടവരായിരിക്കും. അവർക്ക് ആവശ്യമായ ഭക്ഷണവും മരുന്നും ഉൾപ്പെടെയുള്ള സൗകര്യങ്ങൾ ഉറപ്പുവരുത്തേണ്ടത് വാർഡ് ഹെൽത്ത് സമിതിയുടെ ഉത്തവാദിത്വമാണ്. അതിനാൽ രോഗികളാകുന്ന എല്ലാവരും അവരുടെ വാർഡ് ഹെൽത്ത് സമിതികളുടെ ചെയർ പേഴ്സണായ വാർഡ് മെമ്പറുടെ ഫോൺ നമ്പർ കൈയിൽ കരുതണമെന്നും മുഖ്യമന്ത്രി നിർദേശിച്ചു.

വീടുകളിൽ കഴിയുന്നവർക്ക് ശ്വാസതടസം അനുഭവപ്പെട്ടാലോ ഓക്സിജൻ നില കുറയുന്ന സാഹചര്യത്തിലോ അവരെ എത്രയും വേഗത്തിൽ ആശുപത്രിയിലേക്ക് മാറ്റണം. അത്തരം ഘട്ടത്തിൽ റാപ്പിഡ് റെസ്പോൺസ് ടീമിനെ വിവരം അറിയിക്കണം. ഇതിനനുസരിച്ച് ആർആർടി ജില്ലാ കൺട്രോൾ യൂണിറ്റ് ഷിഫ്റ്റിങ് ടീമിന് നിർദേശം നൽകും. രോഗാവസ്ഥയുടെ സ്വഭാവത്തിന് അനുസരിച്ച് ഷിഫ്റ്റിങ് ടീം രോഗിയെ സിഎഫ്എൽടിസിയിലേക്കോ സിഎസ്എൽടിസിയിലേക്കോ കോവിഡ് കെയർ ആശുപത്രികളിലേക്കോ ആവശ്യമാണെങ്കിൽ മെഡിക്കൽ കോളേജിലേക്കോ മാറ്റുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

രോഗികളെ ചികിത്സാ കേന്ദ്രങ്ങളിലേക്ക് മാറ്റാൻ ആംബുലൻസുകൾ എല്ലായിടത്തും വിന്യസിച്ചിട്ടുണ്ട്. ഇതിനൊപ്പം പഞ്ചായത്തുകളുടെ കീഴിലുള്ള ആംബുലൻസുകൾ മറ്റു വാഹനങ്ങൾ എന്നിവ കേന്ദ്രീകൃത പൂളിൽ ഉൾപ്പെടുത്തി മെഡിക്കൽ ഷിഫ്റ്റിങ് സംമ്പ്രദായത്തെ കൂടുതൽ ശക്തമാക്കിയിട്ടുണ്ട്. പഞ്ചായത്ത് തലത്തിലും നഗരസഭ തലത്തിലും ആംബുലൻസിന് പകരം ഉപയോഗിക്കാവുന്ന നിശ്ചിത എണ്ണം മറ്റു വാഹനങ്ങളും വേണം. രോഗികളെ മാറ്റുന്ന പ്രവർത്തനം ഏകോപിപ്പിക്കാൻ ഷിഫ്റ്റിങ് നോഡൽ ഓഫീസർമാരെ നിയോഗിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

content highlights: covid, specialcovid care centers, pinarayi vijayan