സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ| ഫോട്ടോ: ബിജു വർഗ്ഗീസ്
തിരുവനന്തപുരം: തനിക്കെതിരെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉന്നയിച്ച അഴിമതി ആരോപണങ്ങള്‍ വസ്തുതാപരമായി ശരിയല്ലെന്ന് സ്പീക്കര്‍ ശ്രീരാമകൃഷ്ണന്‍. വാര്‍ത്താ സമ്മേളനത്തിലാണ് സ്പീക്കര്‍ ഇക്കാര്യം അറിയിച്ചത്.
നിയമസഭ സെക്രട്ടേറിയറ്റോ സ്പീക്കറോ മറ്റേതെങ്കിലും ഭരണഘടന പദവികളോ വിമര്‍ശനത്തിന് വിധേയമാകാന്‍ പാടില്ലാത്ത വിശുദ്ധ പശുക്കളാണെന്ന അഭിപ്രായമൊന്നും തനിക്കില്ല. സമൂഹത്തിന്റെയും വ്യത്യസ്ത തരത്തിലുള്ള സംഘടനകളുടെയും രാഷ്ട്രീയ പാര്‍ട്ടികളുടെയും വിമര്‍ശനത്തിനും സ്‌ക്രൂട്ടിനിക്കും സ്പീക്കറും നിയമസഭയും വിധേയമാകുന്നതില്‍ ഒരു അസഹിഷ്ണുതയുമില്ലെന്നും അദ്ദേഹം പറഞ്ഞു.
എന്നാല്‍ വസ്തുതകള്‍ക്ക് നിരക്കാത്ത ഊഹാപോഹങ്ങളുടെ അടിസ്ഥാനത്തില്‍ ലഭ്യമായ വിവരങ്ങള്‍ വെച്ചുകൊണ്ട് ഭരണഘടന സ്ഥാപനങ്ങളെ കടന്നാക്രമിക്കാന്‍ ശ്രമിക്കുന്ന രീതി ജനാധിപത്യത്തിന് ഭൂഷണമാണോ എന്ന് എല്ലാവരും ആലോചിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കേരള നിയമസഭയെ രാജ്യത്തെ ഏറ്റവും മികച്ച നിയമസഭയാക്കി മാറ്റുന്നതിനുള്ള ശ്രമങ്ങള്‍ക്കായിരുന്നു കഴിഞ്ഞ നാലരവര്‍ഷവും നേതൃത്വം കൊടുത്തിരുന്നതെന്നും ശ്രീരാമകൃഷ്ണന്‍ പറഞ്ഞു.
കഴിഞ്ഞ ദിവസങ്ങളില്‍ ശ്രീരാമകൃഷ്ണനെതിരെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും ബി.ജെ.പി. സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രനും രൂക്ഷവിമര്‍ശനങ്ങള്‍ ഉന്നയിച്ചിരുന്നു. ലോക കേരള സഭ, സഭ ടിവി തുടങ്ങി ചെന്നിത്തല ഇന്നു രാവിലെ ഉന്നയിച്ച ആരോപണങ്ങള്‍ക്ക് ഓരോന്നിനും സ്പീക്കര്‍ വാര്‍ത്താസമ്മേളനത്തില്‍ മറുപടി നല്‍കി.
Read More... ഊരാളുങ്കലിന് ടെന്‍ഡറില്ലാതെ കരാര്‍; ധൂര്‍ത്തും അഴിമതിയും: സ്പീക്കര്‍ക്കെതിരെ ചെന്നിത്തല
ഒന്നാം ലോക കേരള സഭയുടെ ഭാഗമായി ലോഞ്ചില്‍ നടന്ന പ്രവൃത്തികള്‍ നിയമ സഭ സെക്രട്ടേറിയേറ്റിന്റെ നേതൃത്വത്തിലല്ല നടന്നത്. നിയമസഭ സെക്രട്ടേറിയേറ്റിനോട് അതിന് അനുവാദം ചോദിക്കുകയായിരുന്നു. നോര്‍ക്കയുടെ നേതൃത്വത്തില്‍ സമ്മേളനം നടത്തുന്നതിന് അനുവാദം ചോദിച്ചു. അതിന് അനുവാദം കൊടുക്കുകയായിരുന്നു. അവിടേക്ക് ആവശ്യമായ കസേരകള്‍ നമ്മുടേതാണ്. അത് വാങ്ങിച്ചു. ആ കസേരകള്‍ വീണ്ടും അത് പുതുക്കിയപ്പോള്‍ നമ്മള്‍ ഉപയോഗിക്കുകയും ചെയ്തു. മറ്റ് പ്രവൃത്തികള്‍ നോര്‍ക്കയുടെ ഭാഗത്തുനിന്നാണുണ്ടായത്.
മെമ്പേഴ്സ് ലോഞ്ചിലെ സിവില്‍,മെക്കാനിക്കല്‍, ഇലക്ട്രിക്കല്‍, ഇലക്ട്രോണിക്സ് തുടങ്ങിയ പ്രവൃത്തികള്‍ക്ക് 16 കോടി 65 ലക്ഷം രൂപയ്ക്കാണ് ഭരണാനുമതി നല്‍കിയത്. ഭരണാനുമതിയുടെ ഭാഗമായി വന്നിട്ടുള്ള ചെലവുകള്‍ ആവശ്യമുള്ളതാണോ എന്നതിന് സ്‌ക്രൂട്ടിനി നടത്താന്‍ വിദഗ്ധ സമിതിയുണ്ട്. 9 കോടി 17 ലക്ഷത്തിനാണ് പണി പൂര്‍ത്തീകരിച്ചതെന്നും സ്പീക്കര്‍ വ്യക്തമാക്കി. ഊരാളുങ്കലിന് കരാര്‍ നല്‍കിയത് അവരുടെ മെച്ചപ്പെട്ട ട്രാക്ക് റെക്കോഡ് പരിഗണിച്ചാണ്. പ്രവൃത്തി അവര്‍ നിശ്ചയിച്ച സമയത്ത് പൂര്‍ത്തീകരിച്ചു. ഇതിന് നിയമസഭ സമിതി മേല്‍നോട്ടം വഹിച്ചതാണെന്നും അദ്ദേഹം പറഞ്ഞു.
ഊരാളുങ്കലിന് ടെന്‍ഡര്‍ വിളിക്കാതെ കൊടുക്കാന്‍ സര്‍ക്കാര്‍ ഉത്തരവുണ്ട്. സ്ഥാപനം സര്‍ക്കാരില്‍ എന്‍ലിസ്റ്റ് ചെയ്യപ്പെട്ടിട്ടുണ്ട്. ടെന്‍ഡര്‍ വിളിക്കാതെ കൊടുക്കാനുള്ള ഉത്തരവുള്ളതിനാലാണ് അങ്ങനെ ചെയ്തത്. ഈ സര്‍ക്കാര്‍ കൊടുത്ത ഉത്തരവ് അല്ല അതെന്നും എല്ലാവശങ്ങളും പരിശോധിച്ച് അവരുടെ വിശ്വാസ്ത്യതയുടെ അടിസ്ഥാനത്തില്‍ പുറപ്പെടുവിച്ച ഉത്തരവാണത്. താന്‍ അല്ലല്ലോ ആ ഉത്തരവ് ഇട്ടതെന്നും സ്പീക്കര്‍ കൂട്ടിച്ചേര്‍ത്തു.
സ്വര്‍ണക്കടത്ത് കേസ് പ്രതികള്‍ക്ക് ഒരുവിധത്തിലുള്ള സഹായവും നല്‍കിയിട്ടില്ല. ഒരിക്കല്‍പോലും ഒരുമിച്ച് യാത്ര ചെയ്തിട്ടില്ല. ഒരിക്കല്‍പോലും വിദേശത്തുവെച്ച് കണ്ടുമുട്ടിയില്ല. ഇന്നലെയും ഇത് സംബന്ധിച്ച വിശദീകരണം നല്‍കിയിരുന്നു. ഇത് സംബന്ധിച്ച് ഉയര്‍ന്ന ആരോപണങ്ങള്‍ തീര്‍ത്തും തെറ്റാണ്.
സ്വപ്‌നയുമായി പരിചയമില്ലെന്ന് ഒരിക്കലും പറഞ്ഞിട്ടില്ല. സ്വപ്‌നയുമായി സൗഹൃദമുണ്ട്. അവരുടെ ക്രിമിനല്‍ പശ്ചാത്തലമുള്ളത് അറിയില്ല. യുഎഇ കോണ്‍സുലേറ്റ് ഉദ്യാഗസ്ഥ എന്ന നിലയില്‍ ഞങ്ങളെ എല്ലാവരെയും ക്ഷണിക്കാന്‍ വരാറുണ്ടായിരുന്നു. ആ നിലയില്‍ വളരെ പരിചിതമായ ഒരു മുഖമാണ്. നല്ല പരിചയമുണ്ട്. സൗഹൃദമുണ്ട്. ഇത്തരമൊരു പശ്ചാത്തലമുള്ള കാര്യം അറിയില്ലായിരുന്നു. ആ പശ്ചാത്തലം അറിഞ്ഞതിനു ശേഷമോ അത്തരം സംഭവങ്ങളെ കുറിച്ച് എന്തെങ്കിലും സൂചന കിട്ടിയതിനു ശേഷമോ ഒരുതരത്തിലും ബന്ധപ്പെട്ടിട്ടില്ലെന്നും സ്പീക്കര്‍ വ്യക്തമാക്കി.
അന്വേഷണ ഏജന്‍സികള്‍ക്ക് എന്താണോ അറിയേണ്ടത്, അറിയേണ്ട കാര്യങ്ങളെല്ലാം ഒരു സാധാരണ പൗരനെ പോലെ നല്‍കാന്‍ താന്‍ തയ്യാറാണെന്നും സ്പീക്കര്‍ കൂട്ടിച്ചേര്‍ത്തു. ഒരു അന്വേഷണ ഏജന്‍സിയെയും രാഷ്ട്രീയമായ ആരോപണത്തിന് വിധേയമാക്കുകയോ വിമര്‍ശിക്കുകയോ ചെയ്യുന്നില്ല. ഒരു ഏജന്‍സിയിലും അവിശ്വാസ്യത പറയുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
content highlights: speaker p sreeramakrishnan responds on allegation raised by opposition leader
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..