എരമംഗലം (മലപ്പുറം): ആത്മഹത്യയ്ക്ക് ശ്രമിച്ചെന്ന പ്രചാരണം നിഷേധിച്ച് സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍. ആത്മഹത്യയില്‍ അഭയം പ്രാപിക്കുന്ന ഭീരുവല്ല താനെന്ന് ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്ത വീഡിയോയില്‍ അദ്ദേഹം പറഞ്ഞു

'നമസ്‌കാരം, ഈ വീഡിയോ അല്‍പം രസകരമാണ്. ഞാന്‍ ഇവിടെയുണ്ടെന്ന് പറയേണ്ട അവസ്ഥയിലേക്ക് ചിലമാധ്യമങ്ങളുടെ പ്രചരണം എത്തിപ്പെട്ടിരിക്കുന്നു' എന്നുപറഞ്ഞാണ് വീഡിയോ തുടങ്ങുന്നത്. ഒരു ആത്മഹത്യയുടെ മുമ്പിലും അഭയം പ്രാപിക്കുന്ന ഒരാളല്ല ഞാന്‍, അത്രഭീരുവല്ല. ഏത് അന്വേഷണ ഏജന്‍സികള്‍ക്ക് മുന്നിലും ആവശ്യമായ വിവരങ്ങള്‍ നല്‍കാമെന്ന് നേരത്തെ വ്യക്തമാക്കിയതാണ്. 

രക്തം കുടിക്കുന്ന ഡ്രാക്കുളയുടെ മനോഭാവത്തോടുകൂടി എന്റെ മരണം പോലും ആഗ്രഹിക്കുന്നതരത്തിലാണ് പ്രചാരണം കൊണ്ടുവരുന്നത്. വ്യാജ പ്രചാരണം നടത്തുന്നവര്‍ പരാജയപ്പെടും. എന്റെ പ്രസ്ഥാനത്തിന്റെ കരുത്തിലും വീറിലുമാണ് ഞാന്‍ നില്‍ക്കുന്നത്. ഇത്തരം പ്രചാരണങ്ങളില്‍ ആരും വിശ്വസിക്കരുത്. ശുദ്ധഅസംബന്ധവും കളവുമാണിത്' സ്പീക്കര്‍ വീഡിയോയിലൂടെ പറഞ്ഞു. 

 

Content Highlights: Speaker P Sreerama Krishnan Facebook Video