സഭയിൽ നിന്നുള്ള ദൃശ്യം
തിരുവനന്തപുരം: നിയമസഭയില്‍ നിരുത്തരവാദപരമായി പെരുമാറിയതിന് ആലപ്പുഴ എംഎല്‍എ പി. ചിത്തരഞ്ജന്റെ പേരെടുത്ത് വിമര്‍ശിച്ച് സ്പീക്കര്‍ എം.ബി. രാജേഷ്. സഭയില്‍ നടക്കുന്ന ഗൗരവമായ ചര്‍ച്ചകളില്‍ താത്പര്യം പ്രകടിപ്പിക്കാതിരിക്കുകയും രാഷ്ട്രീയ വിവാദങ്ങളില്‍ മാത്രം ശ്രദ്ധിക്കുകയും ചെയ്യുന്നത് ഉത്തരവാദിത്തമില്ലായ്മയാണെന്ന് സ്പീക്കര്‍ ചൂണ്ടിക്കാട്ടി.
സഭയില്‍ ചര്‍ച്ച നടക്കുന്നതിനിടെ ചില സാമാജികര്‍ ഇറങ്ങി നടക്കുന്നതും സംഘം ചേര്‍ന്ന് സംസാരിക്കുന്നതുമാണ് സ്പീക്കറെ ചൊടിപ്പിച്ചത്. രണ്ടുതവണ അദ്ദേഹം മുന്നറിയിപ്പ് നല്കി. അതിനിടെ, മന്ത്രി പി. രാജീവ് സംസാരിക്കുന്നതിനിടെ തൊട്ടുപിന്നിലിരുന്ന ചിത്തരഞ്ജന് എഴുന്നേറ്റ് പോകുന്നതും പുറംതിരിഞ്ഞ് നില്ക്കുന്നതും സ്പീക്കറുടെ ശ്രദ്ധയില്‍പ്പെട്ടു.
മന്ത്രിയുടെ പ്രസംഗം തടഞ്ഞ് ചിത്തരഞ്ജന്റെ പേര് പറഞ്ഞുകൊണ്ട് തന്നെ സ്പീക്കര്‍ വിമര്‍ശനം നടത്തി. 'രണ്ടു തവണ പറയേണ്ടി വന്നു.സഭയില്‍ അംഗങ്ങള്‍ കൂട്ടം കൂടി നില്ക്കുന്നതും ചെയറിന് പിന്തിരിഞ്ഞ് നില്ക്കുന്നതും ശരിയായ നടപടിയല്ല. വളരെ ഗൗരവപ്പെട്ട പ്രശ്നം സഭയില്‍ ചര്‍ച്ച ചെയ്യുമ്പോള്‍ അതില്‍ താത്പര്യം പ്രകടിപ്പിക്കാതിരിക്കുകയും രാഷ്ട്രീയ വിവാദമുള്ള കാര്യങ്ങളില്‍ മാത്രം ശ്രദ്ധയും താത്പര്യവും പുലര്‍ത്തുന്നത് ഉത്തരവാദിത്തോടെയുള്ള സമീപനം അല്ല. അത് കര്‍ക്കശമായി പറയേണ്ടി വരികയാണ്' - സ്പീക്കര്‍ എം.ബി.രാജേഷ് മുന്നറിയിപ്പ് നല്കി.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..