തിരുവനന്തപുരം: ഇസ്രായേലില്‍ കൊല്ലപ്പെട്ട സൗമ്യയുടെ കുടുംബത്തിന്റെ വേദനയില്‍ നമ്മുടെ നാടാകെ ഒന്നിച്ച് പങ്ക് ചേർന്നതാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. മറിച്ചുള്ള ആരോപണങ്ങള്‍ അസംബന്ധ പ്രചാരണം ഏറ്റെടുക്കുന്നതിന്റെ ഭാഗമാണ്. നമ്മുടെ നാട്ടില്‍ എന്തും വിളിച്ചുപറയാന്‍ തയ്യാറായി നടക്കുന്ന ചില അസംബന്ധ പ്രചാരകരുണ്ട്. മറ്റൊന്നും അവര്‍ക്ക് പറയാനില്ലെന്നും തരംതാണ പ്രചാരണ മാര്‍ഗം സ്വീകരിക്കരുതെന്നും മുഖ്യമന്ത്രി പറഞ്ഞു. 

ഞങ്ങളാണ് ആ കുടുംബത്തിന്റെ ആളുകള്‍ എന്ന് പറഞ്ഞു നടക്കാന്‍ നമ്മുടെ നാട്ടിലെ ബിജെപി നേതാക്കന്മാര്‍ തയ്യാറായിട്ടുണ്ട്. അവരുടെ വാക്കുകളാണ് ഈ പറയുന്ന സ്വരത്തിലൂടെ കേള്‍ക്കാന്‍ കഴിയുന്നത്. ആ കുടുംബത്തിന്റെ വേദനയില്‍ നമ്മളെല്ലാം പങ്കുവഹിച്ചതാണെന്നും നാടാകെ ആ കുടുംബത്തോടൊപ്പവുമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. 

ഇസ്രായേലിന്റെ നിലപാടിനോട് പൊതുവിലുള്ള വിയോജിപ്പ് നമ്മുടെ നാട്ടിലും രാജ്യത്തും ഉള്ളതാണ്. കേന്ദ്ര സര്‍ക്കാരിന് തന്നെ പലസ്തീന്റെ പൊതുവായ കാര്യങ്ങള്‍ തള്ളിക്കളയാന്‍ കഴിഞ്ഞോയെന്നും മുഖ്യമന്ത്രി ചോദിച്ചു. ഇസ്രയേലിനോട് വലിയ അനുഭാവം വെച്ച് പുലര്‍ത്തുന്നവരല്ലേ, അവരുടെ നേതൃത്വത്തിലുള്ള ഗവണ്‍മെന്റിന് തള്ളിക്കളയാന്‍ കഴിഞ്ഞോയെന്നും ഇസ്രയേലിനെ പൂര്‍ണമായും അംഗീകരിച്ച് പറയാന്‍ പറ്റിയോ എന്നും മുഖ്യമന്ത്രി ചോദിച്ചു.