തിരുവനന്തപുരം: ജൂണ്‍ എട്ടുമുതല്‍ ആരാധനാലയങ്ങള്‍ തുറക്കുന്നത് സംബന്ധിച്ച് ഏര്‍പ്പെടുത്തിയ ഇളവുകളും നിയന്ത്രണങ്ങളും മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ വിശദീകരിച്ചു. പരമാവധി കരസ്പര്‍ശം ഒഴിവാക്കി സാമൂഹക അകലം പാലിച്ച് കേന്ദ്രനിര്‍ദ്ദേശങ്ങള്‍ക്ക് അനിസൃതമായ മാനദണ്ഡങ്ങളാണ് മുഖ്യമന്ത്രി അറിയിച്ചിരിക്കുന്നത്.
സംസ്ഥാനത്ത് കേന്ദ്ര മാനദണ്ഡങ്ങള്‍ അനുസരിച്ച് ചില ഇളവുകള്‍ തീരുമാനിച്ചിട്ടുണ്ട്. കേന്ദ്രം പ്രഖ്യാപിച്ച പൊതുവായ ഇളവുകള്‍ കേരളം നടപ്പിലാക്കും. ആരാധനാലയങ്ങളുടെ പ്രവര്‍ത്തനം എങ്ങനെ വേണമെന്ന് വിവിധ മതനേതാക്കളുമായി ചര്‍ച്ച ചെയ്തിരുന്നു. ഇതുകൂടി പരിഗണിച്ചാണ് തീരുമാനങ്ങള്‍ എടുത്തിരിക്കുന്നത്.
- 65 വയസിന് മുകളിലുള്ളവര്‍, 10 വയസിന് താഴെയുള്ളവര്‍, ഗര്‍ഭിണികള്‍, മറ്റ് അസുഖങ്ങള്‍ ഉള്ളവര്‍ ഇവരെല്ലാവരും ആരാധനാലയങ്ങളില്‍ പോകാതെ വീടുകളില്‍ തന്നെ കഴിയണം.
- മതസ്ഥാപന നടത്തിപ്പുകാര്‍ ഇത്തരം അറിയിപ്പുകള്‍ നല്‍കണം
- പൊതുസ്ഥലങ്ങളില്‍ ആറടി അകലം പാലിക്കണമെന്നത് ആരാധനാലയങ്ങളിലും ബാധകമാണ്.
- ആരാധനാലയങ്ങളില്‍ എത്തുന്നവരെല്ലാം മാസ്‌ക് ധരിച്ചിരിക്കണം.
- കൈകള്‍ സോപ്പുപയോഗിച്ച് കഴുകണം.
- സാധ്യമായ അവസരങ്ങളില്‍ ഹാന്‍ഡ് സാനിറ്റസര്‍ ഉപയോഗിക്കണം.
- ആദ്യം വരുന്നവര്‍ ആദ്യം എന്ന രീതിയില്‍ ആരാധനാലയങ്ങളില്‍ വരുന്നവരുടെ എണ്ണം ക്രമീകരിക്കണം. കൂട്ടം ചേരല്‍ ഉണ്ടാകരുത്.
- പൊതുവായ ടാങ്കിലെ വെള്ളം ശരീരം ശുചിയാക്കാന്‍ ഉപയോഗിക്കരുത്. ഇതിനായി ടാപ്പുകള്‍ ഉപയോഗിക്കണം.
- ചുമയ്ക്കുമ്പോള്‍ തൂവാലകൊണ്ട് മുഖം മറയ്ക്കണം.
- ടിഷ്യു ഉപയോഗിക്കുന്നവര്‍ അത് ശരിയായി നിര്‍മാര്‍ജനം ചെയ്യണം.
- രോഗലക്ഷണങ്ങള്‍ ഉള്ളവര്‍ ആരാധനാലയങ്ങളില്‍ പ്രവേശിക്കരുത്.
- കോവിഡ്-19 ബോധവത്കരണ പോസ്റ്ററുകള്‍ പ്രകടമായി പ്രദര്‍ശിപ്പിക്കണം
- ചെരിപ്പുകള്‍ അകത്ത് കടത്തരുത്. നിശ്ചിത അകലത്തില്‍ അവ പ്രത്യേകം സൂക്ഷിക്കണം.
- ക്യു നില്‍ക്കേണ്ട സ്ഥലം പ്രത്യേകം അടയാളപ്പെടുത്തണം.
- കയറുന്നതിനും ഇറങ്ങുന്നതിനും വെവ്വേറ മാര്‍ഗങ്ങളുണ്ടാകണം.
- ആരാധനാലയങ്ങളില്‍ എത്തുന്നവരുടെ പേരും ഫോണ്‍ നമ്പരും ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ രേഖപ്പെടുത്തണം. ഇതിനുള്ള പേന ആരാധനാലയത്തില്‍ എത്തുന്നവര്‍ കൊണ്ടുവരണം.
- എസികള്‍ ഒഴിവാക്കണം. ഉപയോഗിക്കുകയാണെങ്കില്‍ അത് കേന്ദ്ര നിര്‍ദ്ദേശപ്രകാരം 24 മുതല്‍ 30 ഡിഗ്രി വരെ എന്ന രീതിയില്‍ താപനില ക്രമീകരിക്കണം.
- വിഗ്രഹങ്ങളിലും വിശുദ്ധ ഗ്രന്ഥങ്ങളിലും തൊടാന്‍ പാടില്ല.
- ഭക്തിഗാനങ്ങളും മറ്റും കൂട്ടായി പാടുന്നത് ഒഴിവാക്കണം.
- പായ, വിരിപ്പ് എന്നിവ പ്രാര്‍ഥനയ്‌ക്കെത്തുന്നവര്‍ തന്നെ കൊണ്ടുവരണം.
- അന്നദാനവും മറ്റും ഒഴിവാക്കണം.
- ചോറൂണ് മുതലായ ചടങ്ങുകള്‍ ഒഴിവാക്കുന്നതാണ് നല്ലത്.
- മാമോദീസ നടത്തുന്നുണ്ടെങ്കില്‍ അത് കരസ്പര്‍ശമില്ലാതെയായിരിക്കണം.
- പ്രസാദവും തീര്‍ത്ഥം തളിക്കുന്നതും ഒഴിവാക്കണമെന്നാണ് കേന്ദ്രനിര്‍ദ്ദേശം.
- ഖര- ദ്രാവക വസ്തുക്കള്‍ കൂട്ടായി വിതരണം ചെയ്യരുതെന്നതാണ് സംസ്ഥാനത്തിന്റെയും നിലപാട്.
- അസുഖമുള്ള വ്യക്തി ആരാധനാലയത്തില്‍ എത്തിയാല്‍ എങ്ങനെ ചികിത്സ ലഭ്യമാക്കണമെന്നുള്ള കേന്ദ്ര മാനദണ്ഡങ്ങള്‍ അതേപടി സംസ്ഥാനത്ത് നടപ്പാക്കും
- ആരാധനാലയങ്ങളില്‍ ആഹാരസാധനങ്ങളും നൈവേദ്യവും അര്‍ച്ചനാ ദ്രവ്യങ്ങളും വിതരണം ചെയ്യുന്നത് തത്കാലം ഒഴിവാക്കേണ്ടതുണ്ട്.
- ഒരു പാത്രത്തില്‍നിന്ന് ചന്ദനവും ഭസ്മവും മറ്റും നല്‍കാന്‍ പാടില്ല.
- ചടങ്ങുകളില്‍ കരസ്പര്‍ശം പാടില്ല.
- ആരാധനാലയങ്ങളുടെ വലിപ്പം അനുസരിച്ച് സാമൂഹിക അകലനിബന്ധന പാലിച്ചും ഒരു സമയം എത്രപേര്‍ വരണമെന്ന കാര്യത്തില്‍ ക്രമീകരണം വരുത്തണം.
- 100 ചതുരശ്ര മീറ്ററിന്15 പേര്‍ എന്ന തോത് അവംലംബിക്കണം.
- ഒരു സമയം എത്തിച്ചേരാവുന്നവരുടെ എണ്ണം 100 ആയി പരിമിതപ്പെടുത്തും.
- ആരാധനാലയങ്ങള്‍ എട്ടാം തിയതി ശുചീകരണം നടത്തി ഒമ്പതാം തിയതി മുതല്‍ തുറന്ന് പ്രവര്‍ത്തിക്കാം
Content Highlights: SOP for opening religious Institutions in Kerala