തിരുവനന്തപുരം: പൗരത്വ നിയമ ഭേദഗതിയില്‍ കേന്ദ്ര സഹമന്ത്രിയെ ആശങ്കയറിയിച്ച് ആര്‍ച്ച് ബിഷപ്പ് ഡോ. സൂസപാക്യം. നിയമ ഭേദഗതി സംബന്ധിച്ച പ്രചാരണത്തിന്റെ ഭാഗമായി ബിഷപ്‌സ് ഹൗസിലെത്തിയ കേന്ദ്ര സഹമന്ത്രി കിരണ്‍ റിജ്ജുവിനോടാണ് സൂസപാക്യം എതിര്‍പ്പ് അറിയിച്ചത്. 

കേന്ദ്ര സര്‍ക്കാര്‍ മുസ്ലീം സമുദായത്തെ വിശ്വാസത്തിലെടുക്കണമെന്ന് ആര്‍ച്ച് ബിഷപ്പ് കേന്ദ്ര സഹമന്ത്രിയോട് ആവശ്യപ്പെട്ടു. മുസ്ലീം സമുദായത്തിന്റെ ആശങ്കകള്‍ ചര്‍ച്ച ചെയ്ത് പരിഹരിക്കണമെന്നും അദ്ദേഹം മന്ത്രിയെ അറിയിച്ചു. അതേസമയം മുസ്ലീം സമുദായത്തെ ലക്ഷ്യമിടുന്നതായുള്ള പ്രചാരണം തെറ്റാണെന്നും അയല്‍ രാജ്യങ്ങളില്‍ മതത്തിന്റ പേരില്‍ പീഡിപ്പിക്കപ്പെട്ടവര്‍ക്ക് വേണ്ടിയാണ് നിയമമെന്നും കിരണ്‍ റിജ്ജു മറുപടി നല്‍കി.

പൗരത്വ നിയമ ഭേദഗതിയില്‍ മുസ്ലീം അസോസിയേഷനുകളും കേന്ദ്ര സഹമന്ത്രിയോട് എതിര്‍പ്പ് അറിയിച്ചിട്ടുണ്ട്. 

പൗരത്വ നിയമ ഭേദഗതിക്കെതിരേ പ്രതിഷേധങ്ങള്‍ തണുപ്പിക്കാന്‍ രാജ്യവ്യാപകമായി ബിജെപി പ്രചാരണ പരിപാടികള്‍ നടത്തുന്നതിന്റെ ഭാഗമായാണ് കേന്ദ്ര സഹമന്ത്രി കിരണ്‍ റിജ്ജു സംസ്ഥാനത്തെത്തിയത്. തലസ്ഥാനത്ത് സാഹിത്യകാരന്‍ ജോര്‍ജ്ജ് ഓണക്കൂറിന്റെ ഭവന സന്ദര്‍ശനത്തോടെയാണ് കിരണ്‍ റിജ്ജു ച്രചാരണ പരിപാടികള്‍ക്ക്‌ തുടക്കമിട്ടത്. അതേസമയം മുസ്ലീങ്ങളെ മാത്രം ഒഴിവാക്കിയത് രാജ്യത്തിന്റെ ജനാധിപത്യ സ്വഭാവത്തിന് എതിരാണെന്ന് മന്ത്രിയെ അറിയിച്ച ഓണക്കൂര്‍ നിയമത്തോട് ശക്തമായ വിയോജിപ്പ് രേഖപ്പെടുത്തുകയും ചെയ്തിരുന്നു.

Content Highlights; soosa pakiam expressed opinion in citizenship amendment act to kiren rijiju