സൂരജ് ബെൻ
കൊച്ചി: ആദ്യ പത്തിനുള്ളില്‍ വരുമെന്ന് വിശ്വാസമുണ്ടായിരുന്നു. പക്ഷേ ഒന്നാം റാങ്കുണ്ടെന്ന് സുഹൃത്തുക്കള്‍ പറഞ്ഞപ്പോള്‍ 'പ്രാങ്ക്' ആകുമെന്നാണ് കരുതിയതെന്ന് ഇന്ത്യന്‍ ഫോറസ്റ്റ് സര്‍വീസ് പരീക്ഷയില്‍ ഒന്നാം റാങ്ക് നേടിയ സുരജ് ബെന്‍. സിവില്‍ സര്‍വീസസ് പരീക്ഷയില്‍ മൂന്നാം ശ്രമത്തിലാണ് മൂവാറ്റുപുഴ മന്നൂര്‍ സ്വദേശിയായ സൂരജിന് ഐ.എഫ്.ഒ.എസ്. ലഭിച്ചത്. ഇന്ത്യന്‍ ഓര്‍ഡിനന്‍സ് ഫാക്ടറി സര്‍വീസില്‍ അഡ്മിനിസ്ട്രേറ്റിവ് ഓഫീസറായിരിക്കെയാണ് സൂരജിന്റെ ഫോറസ്റ്റ് സര്‍വീസ് നേട്ടം.
യു.പി.എസ്.സി തന്നെയാണ് സിവില്‍ സര്‍വീസും ഫോറസ്റ്റ് സര്‍വീസ് പരീക്ഷയും നടത്തുന്നതെങ്കിലും ഫോറസ്റ്റ് സര്‍വീസിന് പ്രിലിംസ് കട്ട് ഓഫ് കുറച്ച് കൂടുതലാണ്. ആദ്യത്തെ രണ്ട് തവണയും സിവില്‍ സര്‍വീസ് കട്ട് ഓഫ് ക്ലിയര്‍ ചെയ്യാന്‍ കഴിഞ്ഞിരുന്നു. പക്ഷേ ഫോറസ്റ്റ് സര്‍വീസ് പ്രിലിംസിന്റെ കട്ട് ഓഫ് ക്ലിയര്‍ ചെയ്യാന്‍ കഴിഞ്ഞിരുന്നില്ല. രണ്ടാമത്തെ ശ്രമത്തില്‍ 321 മത്തെ റാങ്ക് കിട്ടുകയും സര്‍വീസില്‍ കയറുകയുമായിരുന്നു. തൊട്ടടുത്ത വര്‍ഷം ട്രെയിനിങ് ആയിരുന്നതിനാല്‍ പരീക്ഷ എഴുതാന്‍ കഴിഞ്ഞില്ല. അങ്ങനെ ഇത്തവണയാണ് പരീക്ഷ എഴുതിയത്.
ഇത്തവണ പ്രിലിംസ് കിട്ടിയപ്പോള്‍ ഫോറസ്റ്റ് സര്‍വീസിന് വേണ്ടി തന്നെ പരീക്ഷ എഴുതാമെന്ന് ഉറപ്പിക്കുകയായിരുന്നു. കൂടാതെ ലീവിന്റേത് അടക്കമുള്ള പ്രശ്നങ്ങള്‍ ഉണ്ടായിരുന്നതിനാല്‍ മറിച്ച് ചിന്തിക്കേണ്ടി വന്നില്ല. ആദ്യ പത്ത് റാങ്കിനുള്ളിലാണ് പ്രതീക്ഷിച്ചിരുന്നത്. പക്ഷേ, ഒന്നാം റാങ്ക് തന്നെ കിട്ടുമെന്ന് വിചാരിച്ചിരുന്നില്ല. ഒന്നാം റാങ്ക് ഉണ്ടെന്ന് സുഹൃത്തുക്കള്‍ പറഞ്ഞപ്പോള്‍ എന്നെ പ്രാങ്ക് ചെയ്യുന്നതാകുമെന്നാണ് കരുതിയത്. പക്ഷേ പിന്നീട് റിസല്‍ട്ട് കണ്ടുകഴിഞ്ഞപ്പോഴാണ് ഞാനും വിശ്വസിച്ചത്, സൂരജ് പറയുന്നു.
തിരുവനന്തപുരം ഐസറിലായിരുന്നു പഠിച്ചത്. അവിടെ നിന്ന് ഒരു പ്രോജക്ടിന്റെ ഭാഗമായാണ് ആദ്യമായി കാടിനെ അറിയുന്നത്. തേനി ഫോറസ്റ്റ് ഡിവിഷനിലും കുളത്തൂപ്പുഴ ഫോറസ്റ്റ് ഡിവിഷനിലുമായി ആറുമാസത്തോളം ജോലി ചെയ്തിരുന്നു. തേനിയിലെ ഫോറസ്റ്റ് ഓഫീസറായിരുന്ന ഗണേശനെയാണ് ആദ്യമായി പരിചയപ്പെടുന്നത്. അവിടെ ജോലി ചെയ്തുകൊണ്ടിരിക്കെ അവിടെയൊരു റെയ്ഡ് ഉണ്ടായി. അന്ന് അതൊക്കെ വലിയ അത്ഭുതമായിരുന്നു. അന്ന് ഉണ്ടായ അനുഭവങ്ങളൊക്കെ ഇപ്പോഴും മനസിലുണ്ട്. ആ അനുഭവങ്ങളൊക്കെ തന്നെയാണ് ഫോറസ്റ്റ് സര്‍വീസിലേക്ക് ആകര്‍ഷിച്ചതും.
ഒരു ഓഫീസിനുള്ളില്‍ ഇരുന്നുകൊണ്ടുള്ള ജോലിയോട് താത്പര്യമില്ലായിരുന്നു. ഫീല്‍ഡ് ജോബായിരുന്നു ഇഷ്ടം. ഇവിടെ ഇന്ത്യന്‍ ഓര്‍ഡനന്‍സ് ഫാക്ടറിയിലും ആറ് മാസം ജോലി ചെയ്യുമ്പോള്‍ എനിക്ക് അത് വ്യക്തമായി മനസിലായി. ഒരു ഓഫീസിനുള്ളില്‍ മാത്രം ഒതുങ്ങി ജോലി ചെയ്യാന്‍ സാധിക്കില്ലെന്ന് മനസിലാക്കാന്‍ സാധിച്ചു. സിവില്‍ സര്‍വീസില്‍ വികസനങ്ങള്‍ ചെയ്യുന്നതുപോലെ തന്നെ കാടുമായി ബന്ധപ്പെട്ട വിഷയങ്ങളിലും നിരവധി വികസന പ്രവര്‍ത്തനങ്ങള്‍ ചെയ്യേണ്ടതുണ്ട്. ആദിവാസികളുമായി ഏറ്റവും അടുത്ത് ഇടപെഴകുന്നതും അവരുടെ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുന്നതും വനംവകുപ്പാണ്. ആദിവാസികളുമായി ബന്ധപ്പെട്ട് നിരവധി വികസന പ്രവര്‍ത്തനങ്ങള്‍ക്കാണ് സാധുതയുള്ളത്. കൂടാതെ അടുത്തിടെയാണ് വനം പരിസ്ഥിതി മന്ത്രാലയം കാലാവസ്ഥയും കൂടി കൂട്ടിച്ചേര്‍ത്തത്. അങ്ങനെ വരുമ്പോള്‍ ഒരുപാട് വികസന സാധ്യതകളുള്ള മേഖലയായി മാറുകയാണ്. അടുത്ത മുപ്പതുവര്‍ഷത്തെ ഭാവിയെക്കുറിച്ച് ആലോചിക്കുമ്പോള്‍ ഒരുപാട് സാധ്യതകളാണ് ഉള്ളതെന്നാണ് സൂരജിന് പറയാനുള്ളത്.
ഓര്‍ഡിനന്‍സ് ഫാക്ടറിയിലെ തന്റെ അവസാന ദിനത്തെ ജോലിയും തീര്‍ത്ത് കൊച്ചിയിലേക്ക് തിരികെ വരാനുള്ള തയ്യാറെടുപ്പിലാണ് സൂരജ്. റിട്ട. അധ്യാപകന് കെ.പി. രാജന്റെയും കെ ബിന്ദുവിന്റെയും മകനാണ് സൂരജ്. അധ്യാപികയായ രാകേന്ദുവാണ് സഹോദരി.
Content Highlights: Sooraj Ben secures first rank in Indian forest service
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..