'പദവിയുള്ളതും ഇല്ലാത്തതും അച്ഛനെ ബാധിക്കുന്നതേയില്ല'- ചെന്നിത്തലയ്ക്ക് പിറന്നാള്‍ ആശംസിച്ച് മകന്‍


Photo Courtesy: www.facebook.com|rohitramit

മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ പിറന്നാള്‍ ദിനത്തില്‍ മകന്‍ രമിത് ചെന്നിത്തല എഴുതിയ ഫെയ്‌സ്ബുക്ക് കുറിപ്പ് ശ്രദ്ധേയമാകുന്നു. മേയ് 25- ചൊവ്വാഴ്ചയായിരുന്നു ചെന്നിത്തലയുടെ അറുപത്തഞ്ചാം പിറന്നാള്‍.

ഏറ്റവും ഉയര്‍ന്ന മാര്‍ക്കിനോ ഒന്നാം സ്ഥാനത്തിനോ വേണ്ടി പഠിക്കാന്‍ ഒരിക്കലും അച്ഛന്‍ ഞങ്ങളോട് ആവശ്യപ്പെട്ടിട്ടില്ല. എങ്കിലും പത്താം ക്ലാസ് പരീക്ഷയില്‍ മാത്തമാറ്റിക്‌സിനു നൂറില്‍ 99 മാര്‍ക്ക് വാങ്ങിയത് ഏറെ സന്തോഷമായി. എന്നെ ചേര്‍ത്തു നിര്‍ത്തിയ ശേഷം തലമുടിയില്‍ തഴുകികൊണ്ട് പറഞ്ഞു-'ജീവിതത്തില്‍ സ്വന്തമായി ഒരു മേല്‍വിലാസം ഉണ്ടാക്കി എടുക്കണം. സ്വന്തം വഴി നീ തന്നെ വെട്ടിയുണ്ടാക്കണം.'എന്റെ മനസില്‍ ചില്ലിട്ടു വച്ചിരിക്കുകയാണ് ഈ വാക്കുകള്‍- രമിത് ചെന്നിത്തല കുറിപ്പില്‍ പറയുന്നു.

തന്റെ ചെറിയ ബ്രിയോ കാറിലാണ് ചെന്നിത്തല ഇന്നലെ സത്യപ്രതിജ്ഞയ്ക്ക് നിയമസഭയിലേക്ക് പോയതെന്നും പദവി ഉള്ളതും ഇല്ലാത്തതും അച്ഛനെ ബാധിക്കുന്നതേയില്ലെന്നും രമിത് പറയുന്നു.

രമിത് ചെന്നിത്തലയുടെ ഫെയ്‌സ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം

കുട്ടിക്കാലം മുതല്‍ക്കുള്ള എന്റെ ഓര്‍മ തുടങ്ങുന്നത് ഡല്‍ഹിയില്‍ ആണ്. സ്‌കൂള്‍ ആരംഭിക്കുന്നത് പുലര്‍ച്ചെ ഏഴ് മണിക്കാണ്. ആറര ആകുമ്പോള്‍ ഉണ്ണിചേട്ടനും ഞാനും സ്‌കൂളിലേക്ക് പുറപ്പെടും. പാര്‍ലമെന്റിലെ ചര്‍ച്ചകളും മീറ്റിങ്ങുകളും കഴിഞ്ഞു ഉറങ്ങുന്ന അച്ഛനെ കണ്ടാണ് സ്‌കൂളില്‍ പോകുന്നത്. സ്‌കൂള്‍ വിട്ടു ഉച്ചയ്ക്ക് ശേഷം വീട്ടിലെത്തുമ്പോള്‍ അച്ഛന്‍ പാര്‍ലമെന്റില്‍ പോയിരിക്കും. അവധി ദിനങ്ങളിലും വീട്ടില്‍ ചെലവഴിക്കാന്‍ തിരക്ക് അദ്ദേഹത്തെ അനുവദിച്ചിരുന്നില്ല.
പാര്‍ക്കിലോ സിനിമയ്‌ക്കോ പോകാന്‍ അച്ഛന്‍ ഞങ്ങളുടെ ഒപ്പം ഉണ്ടായിട്ടില്ല എന്ന് ഞാന്‍ പറയുന്നില്ല. പരമാവധി സമയം ഞങ്ങളോടൊപ്പം ചിലവഴിക്കാന്‍ അദ്ദേഹം തയാറായിട്ടുണ്ട്. അച്ഛന്റെ തിരക്കിനോട് ഒത്തു ചേര്‍ന്നാണ് ഞങ്ങളുടെ ജീവിതം ഒഴുകി കൊണ്ടിരുന്നത്.
എന്റെ ഏക നിര്‍ബന്ധം എല്ലാ ബര്‍ത്ത്‌ഡേയ്ക്കും അച്ഛന്‍ ഉണ്ടാകണം എന്നതായിരുന്നു.കേക്ക് മുറിക്കാനും കൂട്ടുകാര്‍ക്ക് മധുരം നല്‍കാനുമൊക്കെ അച്ഛന്റെ സാന്നിധ്യം ഏറെ ഇഷ്ടപ്പെട്ടിരുന്നു.
പതിനൊന്നാമത്തെ പിറന്നാള്‍ ഒരിയ്ക്കലും മറക്കാനാവാത്ത അനുഭവമായിരുന്നു. നാട്ടില്‍ നിന്ന് ബര്‍ത്ത് ഡേ ദിവസം അച്ഛന്‍ വിളിച്ചു സംസാരിക്കുകയും ആശംസകള്‍ നേരുകയും ചെയ്‌തെങ്കിലും നേരിട്ട് കാണാന്‍ കഴിയാതിരുന്നത് എനിക്ക് വലിയ സങ്കടമായി.
പിന്നീട് കുറേ ദിവസം കഴിഞ്ഞു വീട്ടില്‍ ഇരിക്കുമ്പോള്‍ കോളിങ് ബെല്‍ മുഴങ്ങുന്നു.വാതില്‍ തുറന്നപ്പോള്‍ പെട്ടിയും തൂക്കി അച്ഛന്‍. 'ഓര്‍മ്മയുണ്ടോ ഈ മുഖം 'എന്ന് ഞാന്‍ ചോദിച്ചു. ഭരത് ചന്ദ്രന്‍ ഐ.പി.എസ് ആയി സ്വയം മാറി സുരേഷ് ഗോപിയെ പോലെ വാതില്‍ പാതി തുറന്നു ഞാന്‍ നിന്നു. ചിരിച്ചു കെട്ടിപ്പിടിച്ചെങ്കിലും അച്ഛന്റെ ഉള്ളില്‍ എവിടെയോ ഒരു നീറ്റല്‍ ഉണ്ടായെന്നു കാലം കഴിഞ്ഞപ്പോള്‍ തിരിച്ചറിഞ്ഞു.എല്ലാ തിരക്കുകളും മാറ്റി വച്ച് അച്ഛന്‍ ഞങ്ങളോടൊപ്പം അന്ന് മുഴുവന്‍ ചെലവഴിച്ചു. വീണ്ടും കേക്ക് ഓര്‍ഡര്‍ ചെയ്തു.അമ്മ പിറന്നാള്‍ സദ്യ ഒരുക്കി.കൂട്ടുകാരെ വീട്ടില്‍ ക്ഷണിച്ചു ചോക്ലേറ്റ് നല്‍കി.അങ്ങനെ പതിനൊന്നാം വയസില്‍ രണ്ട് പിറന്നാള്‍ ആഘോഷിച്ചു.
ഏറ്റവും ഉയര്‍ന്ന മാര്‍ക്കിനോ ഒന്നാം സ്ഥാനത്തിനോ വേണ്ടി പഠിക്കാന്‍ ഒരിക്കലും അച്ഛന്‍ ഞങ്ങളോട് ആവശ്യപ്പെട്ടിട്ടില്ല.എങ്കിലും പത്താം ക്ലാസ് പരീക്ഷയില്‍ മാത്തമാറ്റിക്‌സിനു നൂറില്‍ 99 മാര്‍ക്ക് വാങ്ങിയത് ഏറെ സന്തോഷമായി.
എന്നെ ചേര്‍ത്തു നിര്‍ത്തിയ ശേഷം തലമുടിയില്‍ തഴുകികൊണ്ട് പറഞ്ഞു-
'ജീവിതത്തില്‍ സ്വന്തമായി ഒരു മേല്‍വിലാസം ഉണ്ടാക്കി എടുക്കണം. സ്വന്തം വഴി നീ തന്നെ വെട്ടിയുണ്ടാക്കണം.'
എന്റെ മനസില്‍ ചില്ലിട്ടു വച്ചിരിക്കുകയാണ് ഈ വാക്കുകള്‍.
ഒരു പഞ്ചായത്ത് അംഗം പോലും ആകാന്‍ കഴിയാത്ത ലക്ഷക്കണക്കിന് കോണ്‍ഗ്രസ്പ്രവര്‍ത്തകരുടെ വിയര്‍പ്പാണ് പദവികള്‍. സാധാരണ ജനത്തിന്റെ ജീവിതം മെച്ചപ്പെടുത്താനാണ് ഇതെല്ലാം ഉപയോഗിക്കേണ്ടത് അല്ലാതെ സ്വന്തം ജീവിതത്തിന്റെ നേട്ടത്തിനു വേണ്ടിയല്ല എന്ന തത്വശാസ്ത്രമാണ് അദ്ദേഹത്തെ നയിക്കുന്നത്. പ്രതിപക്ഷ നേതാവ് അല്ലാതായതോടെ ഇന്നോവയും പോലീസും എസ്‌ക്കോര്‍ട്ടും ആ നിമിഷം തന്നെ അദ്ദേഹം വേണ്ടെന്നു വച്ചു.
എന്റെ ചെറിയ ബ്രിയോ കാറിലാണ് അച്ഛന്‍ ഇന്നലെ സത്യപ്രതിജ്ഞയ്ക്ക് നിയമസഭയിലേക്ക് പോയത്. പദവി ഉള്ളതും ഇല്ലാത്തതും അച്ഛനെ ബാധിക്കുന്നതേയില്ല. കെ.എസ്.യു പ്രവര്‍ത്തകനായിരിക്കെ പല സ്ഥലങ്ങളിലും യോഗത്തിന് പോകുമ്പോള്‍ ഭക്ഷണത്തിനോ ബസ് കൂലിക്കോ കാശ് തികയാത്തതും പത്രതാള്‍ വിരിച്ചു കിടന്ന കഥയൊക്കെ പങ്ക് വയ്ക്കും.കുറേ നാള്‍ മനോരമയിലും മാതൃഭൂമിയിലും കിടന്നന്നുറങ്ങി എന്ന് അച്ഛന്‍ തമാശ പൊട്ടിക്കും. ഇതൊന്നും തമാശയല്ലെന്നും ഒരു പൊതുപ്രവര്‍ത്തകന്‍ പിന്നിട്ട വഴികളെ കുറിച്ച് ഞങ്ങളെ ഓര്‍മപ്പെടുത്തുകയാണെന്നും മുതിര്‍ന്നപ്പോള്‍ മനസിലായി.
ഈ അച്ഛന്റെ മകനായി പിറന്നതാണ് എന്റെ ഏറ്റവും വലിയ ഭാഗ്യം...
പ്രിയപ്പെട്ട അച്ഛന്, കേരളത്തിന്റെ രമേശ് ചെന്നിത്തലയ്ക്ക് ജന്മദിനാശംസകള്‍...നൂറ് പിറന്നാളുമ്മകള്‍

content highlights: son ramith chennithala birthday wishes to ramesh chennithala

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
nedumbassery airport

1 min

ബാഗില്‍ എന്താണെന്ന വിമാന ജീവനക്കാരിയുടെ ചോദ്യം ഇഷ്ടപ്പെട്ടില്ല, ബോംബെന്ന് മറുപടി; അറസ്റ്റിലായി

Jul 3, 2022


lemon

1 min

കളിയാക്കിയവര്‍ക്ക് മറുപടി; അഷ്ടമുടിക്കായലോരത്ത് ഡോക്ടറുടെ ചെറുനാരങ്ങാവിപ്ലവം

Jul 3, 2022


pinarayi vijayan

3 min

ജീവിതത്തില്‍ ശുദ്ധി പുലര്‍ത്തിയാല്‍ തലകുനിക്കേണ്ടി വരില്ല, ഒരു ഉള്‍ക്കിടിലവുമില്ല- മുഖ്യമന്ത്രി 

Jul 4, 2022

Most Commented