Biju | Photo: Mathrubhumi
കോട്ടയം : വീട്ടുവഴക്കിനിടെ നിലത്തുവീണ 80 വയസ്സുള്ള അമ്മയെ നെഞ്ചിൽ ചവിട്ടിക്കൊന്ന കേസിൽ മകൻ അറസ്റ്റിൽ. കോട്ടയം പനച്ചിക്കാട് പാതിയപ്പള്ളികടവ് ഭാഗത്ത് തെക്കേകുറ്റ് വീട്ടിൽ കൊച്ചുകുഞ്ഞിന്റെ ഭാര്യ സതി (80) കൊല്ലപ്പെട്ട കേസിലാണ് മകൻ ബിജു (52) അറസ്റ്റിലായത്.പരിക്കേറ്റ് ചികിത്സയിലിരിക്കെ കഴിഞ്ഞ 23-നാണ് സതി മരിച്ചത്. അമ്മയ്ക്ക് വീണ് പരിക്കുപറ്റിയെന്നാണ് ആശുപത്രി അധികൃതരോട് ബിജു പറഞ്ഞത്.
മൃതദേഹം വീട്ടിലെത്തിച്ച് സംസ്കാരം നടത്താനുള്ള തയ്യാറെടുപ്പിനിടെ സംശയം തോന്നിയ നാട്ടുകാർ വിവരം പോലീസിലറിയിച്ചു. മൃതദേഹപരിശോധനയ്ക്കായി കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് പോലീസ് മാറ്റി. മൃതദേഹപരിശോധനയിൽ നെഞ്ചിലും മുഖത്തും പരിക്കേറ്റതായും വാരിയെല്ല് ഒടിഞ്ഞതായും കണ്ടെത്തി.
നെഞ്ചിലേറ്റ പരിക്കാണ് മരണകാരണമെന്ന് വ്യക്തമായതോടെ കൊലപാതകത്തിന് ചിങ്ങവനം പോലീസ് കേസെടുക്കുകയായിരുന്നു. ജില്ലാ പോലീസ് മേധാവി കെ.കാർത്തിക്കിന്റെ നേതൃത്വത്തിലുള്ള സംഘം ബന്ധുക്കളെ കേന്ദ്രീകരിച്ച് അന്വേഷണം ആരംഭിച്ചു. ബിജു നവംബർ 20-ന് അമ്മയുമായി വഴക്കുണ്ടാക്കുകയും നിലത്തുവീണ അമ്മയെ നിലത്തിട്ട് നെഞ്ചിലും മുഖത്തും ക്രൂരമായി ചവിട്ടുകയായിരുന്നുവെന്നും കണ്ടെത്തി.
ബിജുവിനെ കസ്റ്റഡിയിലെടുത്ത് നടത്തിയ ചോദ്യംചെയ്യലിൽ അമ്മയെ ചവിട്ടിയതായി സമ്മതിച്ചു. ബിജുവും സഹോദരിയും തമ്മിൽ കുടുംബപരമായ പ്രശ്നങ്ങൾ നിലനിന്നിരുന്നു. സഹോദരി അമ്മയെക്കാണാൻ ഇടയ്ക്കിടെ വരുന്നതിനെ ബിജു എതിർത്തിരുന്നു. സംഭവദിവസം ഉച്ചയോടെ സഹോദരി അമ്മയെ കാണാനെത്തി. ഇതിൽ പ്രകോപിതനായ ബിജു അമ്മയുമായി വഴക്കിടുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.
ചിങ്ങവനം പോലീസ് ഇൻസ്പെക്ടർ ടി.ആർ.ജിജു, എസ്.ഐ. സുദീപ്, സി.പി.ഒ.മാരായ സതീഷ് എസ്., സലമോൻ, മണികണ്ഠൻ എന്നിവരാണ് അന്വേഷണസംഘത്തിലുണ്ടായിരുന്നത്. ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാൻഡുചെയ്തു.
Content Highlights: son arrested for kicking mother to death in kottayam panachikkad
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..