വി.ഡി. സതീശൻ, പിണറായി വിജയൻ | ഫോട്ടോ: മാതൃഭൂമി
തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷ് കോടതിയില്‍ നല്കിയ രഹസ്യമൊഴിയുമായി ബന്ധപ്പെട്ട ചില വെളിപ്പെടുത്തലുകള്‍ വന്നതോടെ വലിയ പ്രതിഷേധമാണ് പ്രതിപക്ഷം നടത്തിയത്. വിവാദങ്ങളോട് മുഖ്യമന്ത്രി പ്രതികരിക്കണമെന്ന ആവശ്യമായിരുന്നു പ്രതിപക്ഷ നേതാവ് വി.ഡി സതീശന് ഉള്‍പ്പെടെ ആവശ്യപ്പെട്ടത്. കഴിഞ്ഞ ദിവസം സ്വര്‍ണക്കടത്ത് കേസ് സഭയില്‍ ചര്‍ച്ച ചെയ്യാമെന്ന ഭരണപക്ഷത്തിന്റെ നിലപാട് പ്രതിപക്ഷത്തിന് പോലും അപ്രതീക്ഷമായിരുന്നു.
രണ്ട് മണിക്കുറിലധികം സമയം വിഷയത്തില്‍ പ്രതിപക്ഷവും ഭരണപക്ഷവും വാക്കുകള്‍ കൊണ്ട് ഏറ്റുമുട്ടി. മുഖ്യമന്ത്രിയെ പ്രതിരോധിച്ച് ഭരണപക്ഷം ഒന്നടങ്കം നിലകണ്ടപ്പോള്‍ അടിയന്തര പ്രമേയം ചര്‍ച്ച ചെയ്തെങ്കിലും തങ്ങളുടെ ചോദ്യങ്ങള്‍ക്കൊന്നും മുഖ്യമന്ത്രി വ്യക്തമായ മറുപടി നല്‍കിയില്ലെന്നാണ് പ്രതിപക്ഷം ആരോപിക്കുന്നത്. വിഷയത്തിലേക്കു വരാതെ സംഘപരിവാര്‍-കോണ്‍ഗ്രസ് അജന്‍ഡയാണെന്ന പതിവുവാചകം ആവര്‍ത്തിക്കുകയാണ് മുഖ്യമന്ത്രി. സ്വപ്നയ്ക്ക് ചെല്ലുംചെലവും കൊടുത്തുകൊണ്ടു നടക്കുന്നതു സി.പി.എമ്മും സംഘപരിവാറുമാണെന്നും സതീശന് ആരോപിച്ചു.
സ്വര്‍ണക്കടത്ത് കേസിലെ ഏതെങ്കിലുമൊരു ആരോപണം പ്രതിപക്ഷം കൊണ്ടുവന്നതാണോയെന്ന് നിയമസഭയില്‍ സംസാരിക്കവേ പ്രതിപക്ഷ നേതാവ് മുഖ്യമന്ത്രിയോടു ചോദിച്ചു. മുഖ്യമന്ത്രിയുടെ ഓഫീസില്‍ കയറിയിറങ്ങിയിരുന്ന സ്വപ്ന വെളിപ്പെടുത്തിയതാണ് കാര്യങ്ങളെന്നും പ്രതിപക്ഷനേതാവ് ആരോപിച്ചു.
അനാഥമായി ഈ ചോദ്യങ്ങള്‍
- സ്വര്‍ണക്കടത്തു കേസുമായി ബന്ധപ്പെട്ട് അടിയന്തരപ്രമേയം അവതരിപ്പിച്ച് പ്രതിപക്ഷം ചോദ്യങ്ങള്‍ ഉന്നയിച്ചെങ്കിലും അവയ്ക്കൊന്നും സര്ക്കാറിനുത്തരമുണ്ടായിരുന്നില്ല.
- സ്വപ്നയുടെ മൊഴി വാസ്തവമല്ലെങ്കില്‍ എന്തുകൊണ്ട് അവര്‍ക്കെതിരേ കോടതിയെ സമീപിക്കുന്നില്ല
- മുഖ്യമന്ത്രി മാനനഷ്ടക്കേസ് കൊടുക്കാത്തത് എന്തുകൊണ്ട്
- സ്വര്‍ണക്കടത്തുകേസിലെ പ്രതി എം. ശിവശങ്കര്‍ പുസ്തകത്തിലൂടെ വെളിപ്പെടുത്തല്‍ നടത്തിയിട്ടും ഒരു നടപടിയുമെടുത്തില്ല. എന്നാല്‍, രഹസ്യമൊഴി നല്കിയ സ്വപ്നയ്ക്കെതിരേ കലാപാഹ്വാനത്തിന് സര്‍ക്കാര്‍ കേസെടുത്തത് എന്തിനാണ്
- ദുബായിലേക്ക് ബാഗ് കൊണ്ടുപോയതിന് മുഖ്യമന്ത്രി എന്തിനാണ് യു.എ.ണ്ടണ്ടഇ. കോണ്‍സുലേറ്റിന്റെ സഹായം തേടിയത്
- സ്വപ്നയുടെ വെളിപ്പെടുത്തലിനുപിന്നാലെ സ്വര്‍ണക്കടത്തുകേസിലെ മറ്റൊരു പ്രതി സരിത്തിനെ വിജിലന്‍സ് തട്ടിക്കൊണ്ടുപോയത് എന്തിന്
- മുഖ്യമന്ത്രി നിരപരാധിയാണെങ്കില്‍ എന്തിന് സ്വപ്നയുടെ അടുത്തേക്ക് ഷാജ് കിരണ്‍ എന്ന ഇടനിലക്കാരനെ പറഞ്ഞുവിട്ടു
- വിജിലന്‍സ് ഡയറക്ടറും ഷാജ് കിരണും തമ്മില്‍ ഫോണില്‍ സംസാരിച്ചത് എന്തിനുവേണ്ടി
- അന്വേഷണത്തിനായി മുഖ്യമന്ത്രിതന്നെ വിളിച്ചുവരുത്തിയ കേന്ദ്ര ഏജന്‍സികള്‍ക്കെതിരേ രൂപവത്കരിച്ച ജുഡീഷ്യല്‍ കമ്മിഷന്റെ കാലാവധി നീട്ടിയത് എന്തിനാണ്
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..