തിരുവനന്തപുരം: യുവതലമുറയെ ആകര്‍ഷിക്കാനും സ്വാധീനിക്കാനുമിടയുള്ള ചില വ്യക്തികള്‍ മയക്കുമരുന്നിന് അടിമകളാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. അത്തരം വ്യക്തികള്‍ അതില്‍ നിന്ന് പിന്തിരിയണമെന്നും സ്വയം ചികിത്സയ്ക്ക് തയ്യാറാകണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.
മയക്കുമരുന്നാരോപണം ഉയര്‍ന്നു വന്ന ബെംഗളൂരു, വാഗമണ്‍ തുടങ്ങിയ കേസുകളെ കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക് നിയമസഭയില്‍ എക്‌സൈസ് മന്ത്രി ടി.പി. രാമകൃഷ്ണന്‍ മറുപടി പറയുന്നതിനിടെ ഇടപെട്ടായിരുന്നു മുഖ്യമന്ത്രിയുടെ പരാമര്‍ശം.
സമൂഹത്തിന്റെ ഇളംതലമുറയെ വഴിതെറ്റിക്കാനുമുള്ള ശ്രമമാണ് സംസ്ഥാനത്ത് മയക്കുമരുന്ന് ലോബി നടത്തുന്നതെന്നും പിണറായി വിജയന്‍ പറഞ്ഞു. ആണ്‍-പെണ്‍ വ്യത്യാസമില്ലാതെയാണ് സംസ്ഥാനത്ത് ലഹരിമരുന്നുപയോഗം വര്‍ധിക്കുന്നതെന്നും ഇതിനെതിരെ കര്‍ശന നടപടിയുണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സംസ്ഥാനത്തെ മയക്കുമരുന്നിന്റെ കേന്ദ്രമാക്കാനുള്ള ശ്രമമാണ് ലോബി നടത്തുന്നതെന്ന് മുഖ്യമന്ത്രി നിയമസഭയില്‍ വ്യക്തമാക്കി. ഇക്കാര്യം ഗൗരവമായി തന്നെ സര്‍ക്കാര്‍ പരിഗണിക്കുന്നതായും ഇത് തടയുന്നതിനാവശ്യമായ എല്ലാ ഇടപെടലുകളും സര്‍ക്കാരിന്റെ ഭാഗത്തു നിന്നുണ്ടാവുമെന്നും അദ്ദേഹം അറിയിച്ചു.
Content Highlights: Some influential people are addicted to drugs says CM Pinarayi Vijayan