തൃശ്ശൂര്‍: ജയിലുകളില്‍ മേലാപ്പുതീര്‍ത്ത് നില്‍ക്കുന്ന സൗര പാനലുകള്‍. വെളിച്ചം വിതറാന്‍ എല്‍.ഇ.ഡി. ബള്‍ബ്. ചൂടുവെള്ളത്തിന് സോളാര്‍ വാട്ടര്‍ ഹീറ്ററും പാചകാവശ്യത്തിന് ജൈവ വാതക പ്ലാന്റും. സംസ്ഥാനത്ത് സോളാര്‍ വിവാദം കെട്ടടങ്ങുന്നില്ലെങ്കിലും സൗരോര്‍ജ്ജം പ്രയോജനപ്പെടുത്തി ജയില്‍ വകുപ്പ് സര്‍ക്കാര്‍ ഖജനാവിന് ഒരുവര്‍ഷമുണ്ടാക്കിയ ലാഭം മുക്കാല്‍ കോടിയോളം രൂപ. ജയില്‍ വകുപ്പിന്റെ ഈ നവമാതൃകയ്ക്ക് സംസ്ഥാന സര്‍ക്കാരിന്റെ ഈ വര്‍ഷത്തെ ഊര്‍ജ്ജസംരക്ഷണ അവാര്‍ഡും ലഭിച്ചു. 
  
ലക്ഷക്കണക്കിന് ചതുരശ്രയടി കെട്ടിടവും തരിശ് നിലവുമെല്ലാമുള്ള മിക്ക വകുപ്പുകളും സൗര വൈദ്യുത സംവിധാനം സ്ഥാപിക്കുന്നതിനേക്കുറിച്ച് ആലോചിക്കുകപോലും ചെയ്യാത്തപ്പോഴാണ് സംസ്ഥാനത്തെ ജയിലുകളില്‍ 1062 കിലോവാട്ട് ശേഷിയുള്ള സൗരോര്‍ജ്ജ പ്ലാന്റുകള്‍ സ്ഥാപിച്ച് ജയില്‍ വകുപ്പ് മാതൃകയായത്. ഏഴ് പ്രധാന ജയിലുകളില്‍ വെളിച്ചം വിതറുന്നത് വൈദ്യുതി ഉപയോഗം നന്നേ കുറഞ്ഞ എല്‍.ഇ.ഡി. ബള്‍ബുകളാണ്.
 
പ്രതിമാസം 70,000 യൂണിറ്റ് വൈദ്യുതിയാണ് സൗരോര്‍ജ്ജത്തില്‍നിന്ന് ജയില്‍ വകുപ്പ് ഉത്പാദിപ്പിക്കുന്നത്. കഴിഞ്ഞ സാമ്പത്തികവര്‍ഷം വൈദ്യുതി ബില്ലിനത്തില്‍ 42 ലക്ഷം രൂപയും പാചകവാതക ബില്ലിനത്തില്‍ 30 ലക്ഷം രൂപയുമാണ് ലാഭിച്ചത്. ടീം ടെക്‌നിക്കാലിയ എന്ന പേരില്‍ ജയില്‍ ജീവനക്കാരെ ഉള്‍പ്പെടുത്തി പ്രത്യേക സാങ്കേതിക സംഘത്തിന് രൂപം നല്‍കിയാണ് ഈ നേട്ടത്തിലേക്കെത്തിയത്.