തിരുവനന്തപുരം: സോളാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്ത് കേസ് അന്വേഷിക്കുന്നതിനുപകരം മുന്‍നിലപാടില്‍ നിന്ന് വൃതിചലിച്ച് റിപ്പോര്‍ട്ട് അവതരിപ്പിച്ച മുഖ്യമന്ത്രി നിയമസഭയെ ഒത്തുതീര്‍പ്പ് കേന്ദ്രമാക്കിയെന്ന് യുവമോര്‍ച്ച. മുഖ്യമന്ത്രി  പ്രതികളെ രക്ഷിക്കാനുള്ള ശ്രമം ആണ് നടത്തിയതെന്നും യുവമോര്‍ച്ച സംസ്ഥാന പ്രസിഡന്റ് അഡ്വ.കെ.പി.പ്രകാശ് ബാബു ആരോപിച്ചു.

യു.ഡി.എഫ് ന്റെ കുഞ്ഞാണ് സോളാര്‍ റിപ്പോര്‍ട്ട് എന്ന് വീമ്പിളക്കിയ മുഖ്യമന്ത്രി സാക്ഷര കേരളത്തിന് അപമാനമായ ആ കുഞ്ഞിനെ ദത്തെടുക്കുന്ന ദയനീയ സാഹചര്യമാണ് നിയമസഭയില്‍ കണ്ടെതെന്നും അദ്ദേഹം ആരോപിച്ചു. 

ഒരു മാസം മുമ്പ് ആരോപണ വിധേയരായവരുടെ പേരെടുത്ത് പറഞ്ഞ് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യുമെന്ന് പറഞ്ഞ മുഖ്യമന്ത്രി ടി.പി കേസിലെ ഗൂഡാലോചനയില്‍ നിന്നും രക്ഷിച്ച തിരുവഞ്ചുരിനോടുള്ള ഉപകാര സ്മരണയും തോമസ് ചാണ്ടി വിഷയത്തില്‍ ഉള്ള യു.ഡി.എഫിന്റെ മൗനനിലപാടിനുമുള്ള പ്രത്യുപകാരമായാണ് നിലപാട് മാറ്റിയതെന്ന് അദ്ദേഹം പറഞ്ഞു. 

സ്ത്രീ സുരക്ഷ ഉറപ്പ് നല്‍കി അധികാരത്തില്‍ വന്ന സര്‍ക്കാര്‍ നിസ്സഹായായ  ഒരു സ്ത്രീയ്ക്ക് എതിരെയുള്ള  ലൈംഗിക അതിക്രമം കമ്മീഷന്റെ മുന്നിലും  മുഖ്യമന്ത്രിയുടെ മുന്നിലും പരാതിയായി കൊടുത്തിട്ടും വേട്ടക്കാര്‍ക്കൊപ്പം നിലക്കൊള്ളുന്ന നിലപാടിനെതിരെ കണ്ണടച്ച് നില്‍ക്കില്ലെന്നും ലൈംഗിക ആരോപണ വിധേയരായ ജനപ്രതിനിധികളെ സംരക്ഷിക്കാന്‍ ശ്രമിക്കുന്ന മുഖ്യമന്ത്രിക്ക് എതിരെ ശക്തമായ നിലപാട് സ്വീകരിച്ച് മുന്നോട്ടുപോകുമെന്നും അദ്ദേഹം പറഞ്ഞു.

തിരുവനന്തപുരം ഉള്‍പ്പെടെയുള്ള സ്ഥലങ്ങളില്‍ യുവമോര്‍ച്ചയുടെ മാര്‍ച്ചിന് നേരെ നടന്ന പോലീസ് അതിക്രമത്തില്‍ പ്രതിഷേധിച്ച് വെള്ളിയാഴ്ച സംസ്ഥാന വ്യാപകമായി പ്രതിഷേധ ദിനം ആചരിക്കുമെന്നും പ്രകാശ് ബാബു അറിയിച്ചു.