കെ.സി. ജോസഫ് | ഫയൽചിത്രം | ഫോട്ടോ: സാബു സ്‌കറിയ|മാതൃഭൂമി
തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാര്‍ അഞ്ച് വര്‍ഷം സോളാര്‍ കേസില്‍ അടയിരുന്നിട്ട് നിയമസഭ തിരഞ്ഞെടുപ്പ് അടുത്തപ്പോഴാണ് കേസ് സി.ബി.ഐ.ക്ക് വിടാന്‍ ശുപാര്‍ശ ചെയ്തതെന്ന് കെ.സി. ജോസഫ് എം.എല്‍.എ. ഇത് തികച്ചും രാഷ്ട്രീയപ്രേരിതമാണെന്നും പിണറായി സര്‍ക്കാരിന് ഇതു കനത്ത തിരിച്ചടി ഉണ്ടാക്കുമെന്നും അദ്ദേഹം പറഞ്ഞു.
ഡി.ജി.പി. രാജേഷ് ദിവാന്‍, എ.ഡി.ജി.പി.മാരായ അനില്‍കാന്ത്, ഷെയ്ഖ് ദര്‍വേഷ് സാഹിബ് എന്നിവരുടെ നേതൃത്വത്തില്‍ മൂന്ന് ഉന്നതസംഘം അന്വേഷിച്ചിട്ടും യാതൊരു നടപടിയും സ്വീകരിക്കാനായില്ല. സംസ്ഥാന ആഭ്യന്തര വകുപ്പിന് കേസുമായി മുന്നോട്ടുപോകാനാവില്ലെന്നു വ്യക്തമായപ്പോഴാണ് പരാതിക്കാരിയെ വിളിച്ചുവരുത്തി പരാതി എഴുതിവാങ്ങി കേസ് സിബിഐക്കു വിടാന്‍ ശുപാര്‍ശ ചെയ്തത്. ഇതു തിരഞ്ഞെടുപ്പ് പരാജയഭീതി മൂലമാണ്. സര്‍ക്കാരിന്റെ അതീവ ഗുരുതരമായ വീഴ്ചകള്‍ ഇതിലൂടെ മറച്ചുപിടിക്കാനാണ് ശ്രമിക്കുന്നത്. ലൈഫ് മിഷന്‍ കോഴയിടപാടും പെരിയ ഇരട്ടക്കൊലപാതകവും മട്ടന്നൂര്‍ ഷുഹൈബ് വധക്കേസും സി.ബി.ഐ അന്വേഷിക്കാതിരിക്കാന്‍ കോടികള്‍ ചെലവഴിക്കുകയും സി.ബി.ഐ അന്വേഷണത്തിനെതിരേ നിയമം പാസാക്കുകയും ചെയ്തവരാണ് ഇപ്പോള്‍ സിബിഐയുടെ പിറകെ പോകുന്നത്- അദ്ദേഹം ആരോപിച്ചു.
സോളാര്‍ കേസില്‍ ഹൈക്കോടതിയില്‍നിന്ന് നേരത്തെ രൂക്ഷമായ വിമര്‍ശനം ഉണ്ടായതാണ്. സോളാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ടില്‍നിന്ന് പരാതിക്കാരിയുടെ കത്തുവരെ ഹൈക്കോടതി നീക്കം ചെയ്തു. സുപ്രീംകോടതി റിട്ട. ജഡ്ജി ജസ്റ്റിസ് ഹരിജിത് പസായത്തില്‍ നിന്ന് സംസ്ഥാന സര്‍ക്കാര്‍ നിയമോപദേശം തേടിയപ്പോള്‍ കേസുമായി മുന്നോട്ടുപോകാനാവില്ലെന്നാണ് മറുപടി ലഭിച്ചതെന്നും കെ.സി. ജോസഫ് ചൂണ്ടിക്കാട്ടി.
Content Highlights: solar rape case handover to cbi response by kc joseph mla
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..