
സരിത എസ്. നായർ | ഫോട്ടോ: മാതൃഭൂമി
കോഴിക്കോട്: സോളാര്‍ തട്ടിപ്പ് കേസില്‍ തിരുവനന്തപുരത്ത് വെച്ച് ഇന്ന് അറസ്റ്റിലായ സരിത നായരെ കോടതി അഞ്ചുദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു. കോഴിക്കോട് സി.ജെ.എം മൂന്നാം കോടതിയാണ് സരിതയെ റിമാന്‍ഡ് ചെയ്തത്. സോളാറുമായി ബന്ധപ്പെട്ട ചെക്ക് കേസില്‍ വാറണ്ട് പുറപ്പെടുവിച്ചിട്ടും തുടര്‍ച്ചയായി ഹാജരാകാത്തതിനെത്തുടര്‍ന്നായിരുന്നു അറസ്റ്റ്. കോഴിക്കോട് കസബ പോലീസ് തിരുവനന്തപുരത്തെത്തിയാണ് അറസ്റ്റ് ചെയ്തത്.ഉച്ചയോടെ കോഴിക്കോട് കോടതിയില്‍ ഹാജരാക്കുകയും ചെയ്തു. സോളാര്‍ തട്ടിപ്പുകേസില്‍ ആലപ്പുഴ, പത്തനംതിട്ട, കോഴിക്കോട് കോടതികളിലും സരിതയ്ക്കെതിരേ വാറണ്ട് നിലനില്‍ക്കുന്നുണ്ട്.
സോളാര്‍ പാനല്‍ വെച്ചുകൊടുക്കാമെന്ന് വാഗ്ദാനം ചെയ്ത് പണം തട്ടിയെന്നാണ് കേസ്. കസബ പോലീസിലാണ് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നത്. 42 ലക്ഷത്തിലധികം രൂപ തട്ടിയെടുത്തെന്നാണ് അബ്ദുള്‍ മജീദ് എന്ന പരാതിക്കാരന് ആരോപിച്ചിരുന്നത്. കഴിഞ്ഞ മാസം കേസിന്റെ വിധി വരാനിരിക്കുകയായിരുന്നു. എന്നാല്‍ സരിത നായര്‍ ഹാജരായിരുന്നില്ല.
ഒട്ടേറെ കോടതി വാറണ്ടുകളുണ്ടായിട്ടും തൊഴില്‍ത്തട്ടിപ്പുകേസില്‍ പ്രതിയായിട്ടും സരിതയെ അറസ്റ്റുചെയ്യാത്ത പോലീസ് നടപടി വിവാദമായിരുന്നു.
കീമോതെറാപ്പി നടക്കുന്നതിനാല്‍ ഹാജരാകാന്‍ കഴിഞ്ഞില്ലെന്നായിരുന്നു സരിതയുടെ അഭിഭാഷകന് കോടതിയെ അറിയിച്ചിരുന്നത്. എന്നാല്‍ സരിതയുടെ അഭിഭാഷകന് ഹാജരാക്കിയ രേഖകളില്‍ കീമോതെറാപ്പിയുടെ ഒരുകാര്യവും വ്യക്തമാക്കുന്നില്ലെന്ന് പ്രോസിക്യൂഷന് വാദിച്ചു. കീമോതെറാപ്പിക്ക് ഉപയോഗിക്കുന്ന ഒരു മരുന്ന് ഉപയോഗിച്ചുള്ള ചികിത്സ മാത്രമാണെന്നും ഇത് കീമോതെറാപ്പിയാണെന്ന് രേഖകളില്‍ പറയുന്നില്ലെന്നും പ്രോസിക്യൂഷന് പറഞ്ഞിരുന്നു. തുടര്‍ന്നാണായിരുന്നു സരിതയുടെ ജാമ്യം കോടതി കഴിഞ്ഞമാസം റദ്ദാക്കിയത്. ഉടന്‍ അറസ്റ്റ് ചെയ്ത് ഹാജരാക്കാനും ആവശ്യപ്പെട്ടിരുന്നു.
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..