തിരുവനന്തപുരം: സോളാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് പ്രസിദ്ധീകരിക്കണമെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. അന്വേഷണത്തെ ഭയക്കുന്നില്ല. തെറ്റു ചെയ്തിട്ടില്ലെന്ന് ഉത്തമബോധ്യമുണ്ടെന്നും ഉമ്മന്‍ചാണ്ടി പ്രതികരിച്ചു. സോളാര്‍ കേസില്‍ വിജിലന്‍സ് അന്വേഷണം പ്രഖ്യാപിച്ച പശ്ചാത്തലത്തിലാണ് ഉമ്മന്‍ചാണ്ടിയുടെ പ്രതികരണം.

ഇക്കഴിഞ്ഞ ഞായറാഴ്ച വേങ്ങരയില്‍ വെച്ച് ടികെ ഹംസ സോളാര്‍ കേസില്‍ അന്വേഷണം ഉണ്ടാവുമെന്ന് ആധികാരികമായി സൂചിപ്പിച്ചിരുന്നു. സോളാര്‍ കമ്മീഷന്റെ കണ്ടെത്തല്‍ ഉമ്മന്‍ചാണ്ടിക്ക് എതിരേയാണെന്നും ആറ് പേര്‍ക്കെതിരെ അന്വേഷണം ഉണ്ടാവുമെന്നും ടികെ ഹംസ പറഞ്ഞു. സോളാര്‍ കമ്മീഷന്റെ റിപ്പോര്‍ട്ട് ജനങ്ങള്‍ക്കോ മാധ്യമങ്ങള്‍ക്കോ ലഭിച്ചിട്ടില്ല. എന്നാല്‍ ടികെ ഹംസ ഇത് എങ്ങനെ അറിഞ്ഞു. ഇത് ദുരൂഹമാണ്. 

സോളാര്‍ കേസ് കലുഷിതമായ കാലത്ത് അന്നത്തെ പ്രതിപക്ഷം ഉന്നയിക്കാത്ത ആരോപണങ്ങളാണ് ഇപ്പോള്‍ ഉയര്‍ന്നു കേള്‍ക്കുന്നത്. ഇല്ലാത്ത കാര്യങ്ങളാണ് റിപ്പോര്‍ട്ടിലുള്ളത്. 50 മണിക്കൂറിലധികം താന്‍ മൊഴി നല്‍കിയിട്ടുണ്ട്. ചോദിച്ച എല്ലാ കാര്യത്തിനും കൃത്യമായ മറുപടി നല്‍കിയിട്ടുണ്ട്. തെറ്റ് ചെയ്തിട്ടില്ലെന്ന് കൃത്യമായ ബോധ്യമുണ്ട്- ഉമ്മന്‍ ചാണ്ടി പറഞ്ഞു.

പ്രസിദ്ധീകരിക്കാത്ത  ഒരു റിപ്പോര്‍ട്ടിന്റെ പുറത്ത് മുഖ്യമന്ത്രി അനാവശ്യ ധൃതി കാണിക്കുകയാണ് ചെയ്തത്. അന്വേഷണത്തെ നിയമപരമയി നേരിടും. നിരപരാധിത്വം തെളിയിക്കാന്‍ തയ്യാറാണ്. തെറ്റായ ആരോപണങ്ങള്‍ ഉന്നയിച്ച് തന്നെ തളര്‍ത്താമെന്നാണ് വിചാരിക്കുന്നതെങ്കില്‍ അത് നടക്കില്ല. നൂറിരട്ടി ശക്തിയോടു കൂടി താന്‍ ജനങ്ങളിലേക്ക് തിരിച്ചെത്തുമെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു.