കൊച്ചി: കേരളത്തിലെ സി.പി.എമ്മും കേന്ദ്രത്തിലെ ബി.ജെ.പിയും തമ്മിലുള്ള അവിശുദ്ധ ബന്ധത്തിന്റെ ഭാഗമാണ്‌ സോളാര്‍ കേസില്‍ ഇപ്പോള്‍ നടക്കുന്ന സി.ബി.ഐ അന്വേഷണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. തട്ടിപ്പു കേസിലെ പ്രതിയായ സ്ത്രീ നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് ഉമ്മന്‍ ചാണ്ടി ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ കേസെടുത്തത്. എന്നാല്‍ അതിനേക്കാള്‍ വലിയൊരു തട്ടിപ്പു കേസിലെ പ്രതി മൊഴി നല്‍കിയിട്ടും പിണറായി വിജയനെതിരെ കേസെടുക്കാത്തത് എന്തുകൊണ്ടാണെന്നും സതീശന്‍ ചോദിച്ചു. രാജ്യാന്തര ബന്ധമുള്ള ഡോളര്‍ കടത്തു കേസാണ് കേന്ദ്ര ഏജന്‍സികള്‍ അന്വേഷിക്കേണ്ടത്. മുഖ്യമന്ത്രിക്കെതിരെ മൊഴിയുണ്ടായിട്ടും അന്വേഷിക്കാത്തത് എന്തുകൊണ്ടാണെന്നു വ്യക്തമാക്കണമെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു.

വിശ്വസനീയമായ ഒരു തെളിവുമില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് സോളാര്‍ വിഷയത്തില്‍ സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ച എല്ലാ അന്വേഷണങ്ങളും അവസാനിപ്പിച്ചത്. അന്തര്‍ സംസ്ഥാന ബന്ധങ്ങളുള്ള കേസുകളും പൊലീസിന് അന്വേഷിക്കാന്‍ കഴിയാത്ത കേസുകളുമാണ് സാധാരണയായി സി.ബി.ഐ ഏറ്റെടുക്കുന്നത്. കോണ്‍ഗ്രസ് നേതാക്കളെ അപമാനിക്കുകയും അവഹേളിക്കുകയും ചെയ്യുകയെന്ന ദുരുദ്ദേശത്തോടെയാണ് സോളാര്‍ അന്വേഷണം സി.ബി.ഐക്ക് കൈമാറിയതെന്നും അദ്ദേഹം ആരോപിച്ചു. 

പോലീസ് അന്വേഷിച്ച് തെളിവില്ലെന്നു പറയുന്ന കേസുകള്‍ സാധാരണയായി സി.ബി.ഐ ഏറ്റെടുക്കാറില്ല. ഇപ്പോഴത്തെ അന്വേഷണം വെറും രാഷ്ട്രീയ പ്രേരിതം മാത്രമല്ല കോണ്‍ഗ്രസ് നേതാക്കന്‍മാരെ അപമാനിക്കാന്‍ സി.പി.എമ്മും ബി.ജെ.പിയും തമ്മില്‍ നടത്തിയ ഗൂഡാലോചനയുടെ ഫലം കൂടിയാണ്. പാര്‍ലമെന്റ് തിരഞ്ഞെടുപ്പ് കാലത്ത് അന്ന് മത്സരിക്കാന്‍ സാധ്യതയുള്ള മൂന്നു പേര്‍ക്കെതിരെ അന്വേഷണം പ്രഖ്യാപിച്ചു. ആ അന്വേഷണം എവിടെപ്പോയെന്നും സതീശന്‍ ചോദിച്ചു. 

പദ്ധതി പ്രവര്‍ത്തനങ്ങളും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പ്രവര്‍ത്തനങ്ങളും വല്ലാത്തൊരു അവസ്ഥയില്‍ നില്‍ക്കുന്ന സാഹചര്യത്തിലാണ് ജനകീയാസൂത്രണത്തിന്റെ രജത ജൂബിലി ആഘോഷിക്കുന്നത്. ജനകീയാസൂത്രണം നടപ്പാക്കിയ കാലത്ത് വ്യാപകമായ അഴിമതിയും പരാതികളും ഉയര്‍ന്നു വന്നിരുന്നു. പിന്നീട് മാറിമാറി വന്ന സര്‍ക്കാരുകളുടെ ഇടപെടല്‍ കൊണ്ടാണ് അധികാര കൈമാറ്റം ഒരു പരിധി വരെയെങ്കിലും വിജയിച്ചത്. ഇപ്പോഴും പല അധികാരങ്ങളും തദ്ദേശ സ്ഥാപനങ്ങള്‍ക്ക് വിട്ടുകൊടുക്കാന്‍ തയാറായിട്ടില്ല. കഴിഞ്ഞ അഞ്ച് വര്‍ഷക്കാലം പദ്ധതി പ്രവര്‍ത്തനങ്ങളെ തടസപ്പെടുത്തി തദ്ദേശ സ്ഥാപനങ്ങളുടെ കഴുത്ത് ഞെരിക്കാനാണ് ഇടത് സര്‍ക്കാര്‍ ശ്രമിച്ചത്. പദ്ധതികളുടെ 40ശതമാനം മാത്രമാണ് നടപ്പാക്കിയത്. 

കഴിഞ്ഞ വര്‍ഷം നടപ്പാകാത്ത പദ്ധതികള്‍ക്കും ഈ വര്‍ഷത്തെ വിഹിതത്തില്‍ ഉള്‍പ്പെടുത്തിയാണ് പണം അനുവദിക്കുന്നത്. അതോടെ ഈ വര്‍ഷത്തെ പദ്ധതി ഇല്ലാതാകും. മഹാത്മാ ഗാന്ധി, രാജീവ് ഗാന്ധി, നരസിംഹറാവു, കെ. കരുണാകരന്‍, എ.കെ ആന്റണി എന്നിവരെയും ഈ വര്‍ഷിക വേളയില്‍ ആദരിക്കേണ്ടതാണ്. എന്നാല്‍ സ്വന്തം പരിപാടിയാക്കി മാറ്റാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. എന്നാല്‍ പരിപാടി ബഹിഷ്‌ക്കരിക്കാന്‍ കോണ്‍ഗ്രസിന്റെ തദ്ദേശ പ്രതിനിധികള്‍ തീരുമാനിച്ചിട്ടില്ലെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.

content highlights: solar case CBI enquiry, vd satheesan allegation against cpm, bjp