തിരുവനന്തപുരം: ഭിന്നശേഷി സംവരണം സംബന്ധിച്ച് പി.എസ്.സിക്ക് പൊതുനിര്‍ദേശം നല്‍കി സാമൂഹ്യനീതി വകുപ്പ് ഉത്തരവ് പുറപ്പെടുവിച്ചതായി ആരോഗ്യ സാമൂഹ്യനീതി വകുപ്പ് വകുപ്പ് മന്ത്രി കെ.കെ. ശൈലജ അറിയിച്ചു. ഒരു തസ്തികയുടെ നോട്ടിഫിക്കേഷന്‍ പുറപ്പെടുവിച്ചതിന് ശേഷം പ്രസ്തുത തസ്തിക ഭിന്നശേഷിക്കാര്‍ക്കായി കണ്ടെത്തി ആ സംവരണം തുടര്‍ന്ന് വരുന്ന നോട്ടിഫിക്കേഷനുകള്‍ക്ക് ബാധകമാക്കിയാല്‍ മതി എന്നാണ് പുതിയ നിര്‍ദ്ദേശം.
നോട്ടിഫിക്കേഷന്‍ തീയതിക്ക് മുമ്പ് തസ്തിക ഭിന്നശേഷി സംവരണത്തിനായി മാറ്റിവെക്കാത്തത് കാരണം പിന്നീടുണ്ടാകുന്ന റാങ്ക് ലിസ്റ്റില്‍ സാധാരണ ഗതിയില്‍ ഭിന്നശേഷിക്കാര്‍ ഉണ്ടാകാറില്ല. എന്നാല്‍ അവര്‍ക്കായി തസ്തികകള്‍ പിന്നീട് മാറ്റി വയ്ക്കപ്പെടുമ്പോള്‍ ഇത് അര്‍ഹരായുള്ള ഉദ്യോഗാര്‍ത്ഥികളുടെ നിയമനത്തിന് കാലതാമസം ഉണ്ടാക്കുകയും ചെയ്യുന്നു.
ഇതുകൂടാതെ, നോട്ടിഫിക്കേഷന്‍ പ്രകാരം സംവരണം നല്‍കിയിട്ടില്ലെങ്കില്‍ പോലും സംവരണം അനുവദിക്കണം എന്നാവശ്യപ്പെട്ട് നിരവധി പരാതികളും കോടതി കേസുകളും നിലവിലുണ്ട്. സര്‍ക്കാര്‍ ഇക്കാര്യം വിശദമായി പരിശോധിക്കുകയും ഇതുസംബന്ധിച്ച വിദഗ്ധ സമിതിയുടെ ശിപാര്‍ശ കൂടി പരിഗണിക്കുകയും ചെയ്തതായി മന്ത്രി കെ.കെ. ശൈലജ വ്യക്തമാക്കി.
ഇതിന്റെ അടിസ്ഥാനത്തിലാണ് നോട്ടിഫിക്കേഷന്‍ പുറപ്പെടുവിച്ചതിന് ശേഷം ഒരു തസ്തിക ഭിന്നശേഷിക്കാര്‍ക്കായി കണ്ടെത്തിയാല്‍ ആ സംവരണം തുടര്‍ന്ന് വരുന്ന നോട്ടിഫിക്കേഷനുകള്‍ക്ക് മാത്രം ബാധകമാക്കിയാല്‍ മതിയെന്നുള്ള പൊതു നിര്‍ദേശം നല്‍കിയതെന്നും മന്ത്രി പറഞ്ഞു.
ഒരു തസ്തികയുടെ നോട്ടിഫിക്കേഷന്‍ പുറപ്പെടുവിക്കുമ്പോള്‍ നോട്ടിഫിക്കേഷന്‍ തീയതിയിലോ അതിന് മുന്‍പോ ആ തസ്തിക ഭിന്നശേഷിക്കാര്‍ക്കായി കണ്ടെത്തി ഉത്തരവ് പുറപ്പെടുവിച്ചിട്ടുണ്ടെങ്കില്‍ മാത്രമാണ് ആ നോട്ടിഫിക്കേഷനില്‍ ഇക്കാര്യം പ്രതിപാദിക്കാറുള്ളൂ. അതുകൊണ്ടുതന്നെ റാങ്ക് ലിസ്റ്റ് നിലവില്‍ വന്നതിന് ശേഷം ആ തസ്തിക ഭിന്നശേഷിക്കാര്‍ക്ക് സംവരണം ചെയ്യാന്‍ കഴിയുന്നതല്ല. അതിന് ശേഷം വരുന്ന നോട്ടിഫിക്കേഷനുകള്‍ക്കാണ് ആ സംവരണം ലഭ്യമാകുന്നത്.
Content highlight: social welfare department gives guidelines for psc in reservation for differently abled persons