പ്രതീകാത്മ ചിത്രം
കോഴിക്കോട്: കോണ്‍ഗ്രസിന് തിരഞ്ഞെടുപ്പിലേറ്റ ശക്തമായ തിരിച്ചടിക്കുകാരണം അടിത്തട്ട് ദുര്‍ബലമായതുകൊണ്ടാണെന്നും അതുകൊണ്ട് ബൂത്തുതലം മുതല്‍ സംഘടനാതിരഞ്ഞെടുപ്പ് നടത്തി ശക്തിപ്പെടുത്തണമെന്നുമുള്ള സാമൂഹികമാധ്യമ ക്യാമ്പയിനുമായി പ്രവര്‍ത്തകര്‍. നേതാക്കള്‍ ബൂത്തുകളിലൂടെ വരട്ടേ എന്ന നിര്‍ദേശവുമായി മുന്‍ കെ.പി.സി.സി. അംഗവും കോഴിക്കോട് ജില്ലയിലെ പ്രമുഖ കോണ്‍ഗ്രസ് നേതാവുമായിരുന്ന പൊന്നാറത്ത് ബാലകൃഷ്ണന്റെ മകന് അംശുലാല്‍ പൊന്നാറത്ത് സാമൂഹികമാധ്യമങ്ങളിലൂടെ തുടക്കമിട്ട കാന്പയിന് പ്രവര്‍ത്തകര്‍ ഏറ്റെടുത്തിരിക്കുകയാണ്.
കെ.പി.സി.സി. അംഗങ്ങളുള്‍പ്പെടെ ഒട്ടേറെപ്പേര്‍ പിന്തുണയുമായി എത്തി. ഓരോ പ്രവര്‍ത്തകര്‍ക്കും കെ.പി.സി.സി. പ്രസിഡന്റിന് ഓണ്‍ലൈന്‍ പരാതി നല്‍കാനുള്ള സൗകര്യത്തോടെയാണ് അംശുലാലിന്റെ കാന്പയിന്. ആയിരത്തോളംപേര്‍ പരാതി നല്കി. കാമ്പയിനിനെ പിന്തുണയ്ക്കുന്നവര്‍ക്കായുള്ള 'മിഷന് പരിവര്‍ത്തന്‍' എന്ന ഫെയ്സ്ബുക്ക് പേജിന്, തുടക്കമിട്ട് ദിവസങ്ങള്‍ക്കുള്ളില്‍ ഏഴായിരത്തഞ്ഞൂറോളം ഫോളോവേഴ്സാണുണ്ടായിരിക്കുന്നത്.
ഗ്രൂപ്പുമാനേജര്മാരാണ് കോണ്‍ഗ്രസിനെ തോല്‍പ്പിക്കുന്നതെന്നാണ് കാന്പയിനില്‍ പങ്കെടുത്ത കൂടുതല്‍പേരും അഭിപ്രായപ്പെട്ടിരിക്കുന്നത്. ഈ രീതിക്ക് മാറ്റംവരണം. തോറ്റുപോയത് പ്രസ്ഥാനത്തിനുവേണ്ടി ജയ് വിളിച്ച് നടന്ന പ്രവര്‍ത്തകരാണ്. എന്ന് ഗ്രൂപ്പുകളി മാറുന്നുവോ അന്നേ കോണ്‍ഗ്രസ് തിരിച്ചുവരികയുള്ളൂ തുടങ്ങിയ വിമര്‍ശനങ്ങളുമുയരുന്നുണ്ട്. വാട്സാപ്പ് ഗ്രൂപ്പുകളെയും ഉപയോഗപ്പെടുത്തുന്നുണ്ട്.
കോഴിക്കോട് നോര്‍ത്ത് മണ്ഡലത്തിലെ യു.ഡി.എഫ്. സ്ഥാനാര്‍ഥി കെ.എം. അഭിജിത്തിന്റെ തിരഞ്ഞെടുപ്പുപ്രചാരണത്തിന് ഇറങ്ങിയപ്പോഴുണ്ടായ അനുഭവങ്ങളാണ് ഇത്തരമൊരു കാമ്പയിന് തുടക്കമിടാന്‍ പ്രേരിപ്പിച്ചതെന്നും അംശുലാല്‍ പറയുന്നു.
Content Highlight: social media campaign against congress leaders
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..