സി.പി.എം. കേരള ഫെയ്സ്ബുക്ക് പേജിലെ പോസ്റ്റ്, സവർക്കർ | Photo: Screengrab/ ANI
തിരുവനന്തപുരം : അന്തമാനിലെ സെല്ലുലാർ ജയിലിലടച്ച സ്വാതന്ത്ര്യസമരസേനാനികളെക്കുറിച്ചുള്ള സി.പി.എം. കുറിപ്പ് ബി.ജെ.പി. രാഷ്ട്രീയആയുധമാക്കുന്നു. സി.പി.എമ്മിന്റെ ഔദ്യോഗിക ഫെയ്സ്ബുക്ക് പേജിലെ പോസ്റ്റിനെ മുൻനിർത്തിയാണ് ബി.ജെ.പി.യുടെയും സംഘപരിവാർ പ്രവർത്തകരുടെയും പ്രചാരണം.
‘കുപ്രസിദ്ധമായ അന്തമാൻ സെല്ലുലാർ ജയിലിൽ തടവിലാക്കപ്പെട്ട ഇന്ത്യൻ സ്വാതന്ത്ര്യസമരസേനാനികൾ. ഈ ധീരയോദ്ധാക്കളിൽ 80 ശതമാനവും കമ്മ്യൂണിസ്റ്റ് പാർട്ടിയുമായി ബന്ധപ്പെട്ടിരുന്നവരാണ്’-ഇതായിരുന്നു സി.പി.എം. പേജിലെ പോസ്റ്റ്.
1909-1921 കാലയളവിലെ സെല്ലുലാർ ജയിലിലെ തടവുകാരുടെ വിവരങ്ങളുംപങ്കുവെച്ചു. ഇതിൽ ബോംബെയിൽനിന്നുള്ള മൂന്നാമത്തെ പേരുകാരൻ വിനായക് ദാമോദർ സവർക്കർ എന്ന വി.ഡി. സവർക്കർ ആണ്. തടവുകാരുടെ പേര് കൊത്തിവെച്ച ഫലകത്തിന്റെ ചിത്രം അതേരീതിയിൽ ഫോട്ടോയായും നൽകിയിട്ടുണ്ട്. എന്നാൽ, സി.പി.എമ്മിന്റെ പോസ്റ്റ് ‘അങ്ങനെ സവർക്കറെയും സഖാവാക്കി’ എന്നു വ്യഖ്യാനിച്ച് ബി.ജെ.പി. ആഘോഷമാക്കി. ധീരയോദ്ധാക്കളായ സ്വതന്ത്ര്യസമരസേനാനിയായി സവർക്കറെ സി.പി.എമ്മിന് അംഗീകരിക്കാൻ പറ്റുന്നുണ്ട്. സൈബർപോരാളികൾക്കാണ് പ്രശ്നമെന്ന് സ്ഥാപിക്കുകയാണ് ബി.ജെ.പി. അനുകൂലികൾചെയ്യുന്നത്. ധീരയോദ്ധാക്കൾ ജയിൽവാസം അനുഭവിച്ചപ്പോൾ സവർക്കർ മാപ്പെഴുതിക്കൊടുത്തു പുറത്തിറങ്ങി, അതാണ് ചരിത്രമെന്ന് സി.പി.എം. പ്രൊഫൈലുകളും തിരിച്ചടിക്കുന്നുണ്ട്.
ഏറ്റെടുത്ത് സുരേന്ദ്രൻ
ബി.ജെ.പി. സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രൻ സി.പി.എമ്മിന്റെ പോസ്റ്റ് പങ്കുവെച്ച് ഇങ്ങനെ കുറിച്ചു.
‘സ്വാതന്ത്ര്യസമരസേനാനികളുടെ ഗണത്തിൽ സവർക്കറെയും ഉൾപ്പെടുത്തിയ മഹാമനസ്കതയ്ക്ക് നമോവാകം. ഓഗസ്റ്റ് 15 അല്ല, ഇതാപത്തു പതിനഞ്ചാണെന്നാണ് 1947-ൽ പറഞ്ഞത്. പതിനഞ്ചുകൊല്ലം ത്രിവർണപതാക വലിച്ചുതാഴ്ത്തി കരിങ്കൊടികെട്ടിയ ചരിത്രം വല്ലപ്പോഴും ഓർക്കുന്നത് നല്ലത്’.
അന്ന് എ.കെ.ജി.യും സവർക്കർക്കായി നിന്നു
: സി.പി.എമ്മിന്റെ സ്വാതന്ത്ര്യസമരക്കുറിപ്പിൽ സവർക്കർ ഉൾപ്പെട്ടതോടെ, ഇത് കമ്യൂണിസ്റ്റ് പാർട്ടിയുടെ നേരത്തേയുള്ള നിലപാടാണെന്ന സിദ്ധാന്തമാണ് സംഘപരിവാർ അവതരിപ്പിക്കുന്നത്.
അതു സ്ഥാപിക്കാനുള്ള അവസരമായി സി.പി.എം. പോസ്റ്റിനെ അവർ ഉപയോഗിക്കുന്നു. വിനായക ദാമോദര സവർക്കർ, ബിരേന്ദ്രകുമാർ ഘോഷ്, സ്വാമി വിവേകാനന്ദന്റെ സഹോദരനായ ഡോ. ഭൂപേന്ദ്രനാഥ ദത്ത എന്നിവരുടെ സ്വാതന്ത്ര്യസമര പങ്കാളിത്തം അംഗീകരിക്കുന്നതിന് 1957 നവംബർ 22-ന് പാർലമെന്റിൽവന്ന സ്വകാര്യ ബില്ലിനെ എ.കെ.ജി. പിന്തുണച്ചുവെന്നതാണ് സംഘപരിവാർ ഉയർത്തുന്ന വാദം.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..