തിരുവനന്തപുരം: സമരം ചെയ്യുന്ന പി.എസ്.സി ഉദ്യോഗാര്‍ത്ഥികള്‍ക്ക് പിന്തുണയുമായി ബിജെപി നേതാവ് ശോഭാ സുരേന്ദ്രന്‍ കുത്തി ഇരുപ്പ് സമരം നടത്തി. 

മുട്ടിലിഴഞ്ഞും ശയനപ്രദക്ഷിണം നടത്തിയും സെക്രട്ടറിയേറ്റിന് മുന്നില്‍ ഉദ്യോഗാര്‍ഥികൾ നടത്തുന്ന സമരത്തെ കണ്ടില്ലെന്ന് നടിച്ചാല്‍ ഈ സര്‍ക്കാരിന് ഭാവിയില്‍ മുട്ടിലിഴയേണ്ടി വരും. സമരത്തെ പിന്തുണയ്ക്കാന്‍ പലരും വരും, അതിനെ മുഖ്യമന്ത്രി എന്തിനാണ് ഭയപ്പെടുന്നത്.? സമരത്തെ ഭീഷണികൊണ്ട് അടിച്ചമര്‍ത്താനാവില്ല- ശോഭ സുരേന്ദ്രൻ പറഞ്ഞു.

ഉദ്യോഗാര്‍ഥികള്‍ക്കൊപ്പം ഇരുന്ന് സമരം ചെയ്യാത്തത് സമരത്തിന് രാഷ്ട്രീയത്തിന്റെ നിറം കൊടുക്കേണ്ട കാര്യമില്ല എന്നതിനാലാണ്. എന്നാല്‍ അവരെ പിന്തുണയ്‌ക്കേണ്ടത് ഉത്തരവാദിത്തമാണെന്ന് തിരിച്ചറിഞ്ഞതിനാലാണ് തെരുവില്‍ എവിടെയെങ്കിലും ഇരുന്ന് പ്രതിഷേധത്തില്‍ പങ്കുചേരുന്നത്. ഉദ്യോഗാര്‍ഥികളുടേത് ധാര്‍മിക സമരമാണ്. ആ സമരത്തിന് പിന്തുണ നല്‍കാനാണ് താന്‍ 48 മണിക്കൂര്‍ ഉപവാസ സമരം നടത്തുന്നത്. 

എല്ലാം ശരിയാക്കിത്തരുമെന്ന് പറഞ്ഞ് അധികാരത്തില്‍ വന്ന സര്‍ക്കാരാണിത്. എന്നാല്‍ തെറ്റുകള്‍ ആവര്‍ത്തിച്ചാല്‍ അത് ചോദ്യം ചെയ്യപ്പെടുക തന്നെ ചെയ്യും. അഴിമതി നിറഞ്ഞ പിന്‍വാതില്‍ നിയമനങ്ങള്‍ അന്വേഷിക്കപ്പെടണമെന്നും ശോഭാ സുരേന്ദ്രന്‍ പറഞ്ഞു.