തിരുവനന്തപുരം: കഴിഞ്ഞ ദിവസം ദുബായില്‍ ജയില്‍ മോചിതനായ വ്യവസായി അറ്റ്‌ലസ് രാമചന്ദ്രന്റെ മോചനത്തില്‍ കേന്ദ്രസര്‍ക്കാരും ബിജെപിയും വഹിച്ച പങ്ക് എടുത്തുപറഞ്ഞ് ബിജെപി നേതാവ് ശോഭാ സുരേന്ദ്രന്‍. വിദേശകാര്യ മന്ത്രി സുഷമാ സ്വരാജ്, ബി.ജെ.പി ദേശീയ ജനറല്‍ സെക്രട്ടറി മുരളീധര റാവു, കുമ്മനം രാജശേഖരന്‍, ദേശീയ ജനറല്‍ സെക്രട്ടറി രാം മാധവ്, കേന്ദ്രമന്ത്രി വി.കെ. സിംഗ് തുടങ്ങിയവരുടെ ഇടപെടല്‍ അറ്റ്‌ലസ് രാമചന്ദ്രന്റെ മോചനത്തിനു പിന്നിലുണ്ടെന്ന് ശോഭ സുരേന്ദ്രന്റെ ഫേസ്ബുക്ക് കുറിപ്പില്‍ പറയുന്നു.

അറ്റ്‌ലസ് രാമചന്ദ്രന്റെ മോചനത്തില്‍ കേന്ദ്രസര്‍ക്കാരും ബി ജെ പി യും വഹിച്ച പങ്ക് അദ്ദേഹം തന്നെ സാവകാശത്തില്‍ വെളിപ്പെടുത്തുമല്ലോ എന്നു കരുതിയാണ് അതുമായി ബന്ധപ്പെട്ട് പ്രതികരിക്കാതിരുന്നതെന്നും, വിവാദം ഉണ്ടാക്കാനും ഇതൊക്കെ വെറും വീമ്പു പറച്ചില്‍ ആണെന്നു പ്രചരിപ്പിക്കാനും ശ്രമിക്കുന്നതുകൊണ്ടാണ് വിശദീകരണം നല്‍കുന്നതെന്നും ശോഭ സുരേന്ദ്രന്റെ കുറിപ്പില്‍ പറയുന്നു.

അറ്റ്ലസ് രാമചന്ദ്രന്റെ ഭാര്യ ഇന്ദിര ആവശ്യപ്പെട്ടതനുസരിച്ചാണ് താന്‍ പ്രശ്‌നത്തില്‍ ഇടപെട്ടത്. തൊട്ടടുത്ത ദിവസം തന്നെ ബി ജെ പി ദേശീയ ജനറല്‍ സെക്രട്ടറി മുരളീധര റാവുവിനെയും കേന്ദ്രമന്ത്രി സുഷമാ സ്വരാജിനെ ചെന്നു കണ്ട് കാര്യങ്ങള്‍ ധരിപ്പിച്ചു. തുടര്‍ന്ന് സുഷമാ സ്വരാജ് അംബാസിഡര്‍ ശ്രീ നവദ്വീപ്‌സിങ് സൂരിയെയും കോണ്‍സുലേറ്റ്‌ ജനറല്‍ വിപുലിനെയും വിളിച്ചു ചുമതലകള്‍ ഏല്‍പ്പിച്ചു. ദേശീയ ജനറല്‍ സെക്രട്ടറി രാം മാധവ് നേരിട്ട് ഗള്‍ഫില്‍ പോയി ഇന്ദിരാ രാമചന്ദ്രനെ സന്ദര്‍ശിക്കുകയും ഗള്‍ഫിലെ ഉന്നതാധികാരികളുമായി പലപ്പോഴായി നിരവധി തവണ ചര്‍ച്ചകള്‍ നടത്തുകയും ചെയ്തു. 

sobha

ഈ ചര്‍ച്ചകളെ തുടര്‍ന്നാണ് 22 ബാങ്കുകളില്‍ 19 എണ്ണം സഹകരിക്കാമെന്ന് സമ്മതിച്ചത്. പിന്നീട് മൂന്ന് ബാങ്കുകള്‍ കൂടി ഒത്തുതീര്‍പ്പിന് സമ്മതിച്ചു. കൂടാതെ പണം നല്‍കാനുള്ള ആറു പേരില്‍ അഞ്ചു പേരും ഒത്തുതീര്‍പ്പിന് സമ്മതിച്ചു. ഒരാളുമായുള്ള ചര്‍ച്ചകള്‍ പുരോഗമിച്ചു കൊണ്ടിരിക്കുകയുമായിരുന്നു. അന്തിമഘട്ട ചര്‍ച്ചകള്‍ക്ക് നേതൃത്വം കൊടുത്തത് ബി ജെ പി നാഷണല്‍ എക്‌സിക്യൂട്ടിവ് മെമ്പര്‍ അരവിന്ദ് മേനോന്‍ജി ആയിരുന്നു. അതിന്റെ കൂടി പൂര്‍ണ്ണതയിലാണ് അറ്റ്‌ലസ് രാമചന്ദ്രന് ഇപ്പോള്‍ മോചനമുണ്ടായിരിക്കുന്നത്. കുമ്മനം രാജശേഖരന്‍, ഒ. രാജഗോപാല്‍ എം.എല്‍.എ എന്നിവര്‍ ഇതുമായി ബന്ധപ്പെട്ട് കേന്ദ്രത്തില്‍ സമ്മര്‍ദ്ദം ചെലുത്തിയിരുന്നതായും ശോഭ സുരേന്ദ്രന്‍ വ്യക്തമാക്കുന്നു.

കേരളത്തിലെ ഇടതു, വലതു മുന്നണികള്‍ അറ്റ്‌ലസ് രാമചന്ദ്രന്റെ നല്ല കാലത്ത് അദ്ദേഹവുമായി അടുത്ത ബന്ധം പുലര്‍ത്തിയിരുന്നവരാണ്. എന്നാല്‍ ബിസിനസ്സില്‍ വീഴ്ച പറ്റിയ സമയത്ത് സഹായത്തിന് അവരാരും ഉണ്ടായില്ലെന്നും ശോഭ സുരേന്ദ്രന്‍ പറയുന്നു. കഴിഞ്ഞ ഇരുപത്തഞ്ചു മാസത്തോളമായി അറ്റ്‌ലസ് രാമചന്ദ്രന്റെ മോചനത്തിനു വേണ്ടി പ്രവൃത്തിച്ചിരുന്നെങ്കിലും പുരപ്പുറത്ത് കയറി വിളിച്ചു കൂവുന്ന സ്വഭാവം ഞങ്ങള്‍ക്കില്ലാത്തത് കൊണ്ടാണ് ഇതൊന്നും പറഞ്ഞു കൊണ്ടിരിക്കാഞ്ഞതെന്നും ഇപ്പോള്‍ നിങ്ങള്‍ പറയിപ്പിച്ചതാണെന്നും കുറിപ്പില്‍ പറയുന്നു.

Content Highlights: sobha surendran, atlas ramachandran's release