ന്യൂഡല്‍ഹി: പിണറായി വിജയനെ പേടിയാണെങ്കില്‍ ഗവര്‍ണര്‍ പി. സദാശിവം ആ സ്ഥാനത്ത് നിന്ന് ഇറങ്ങിപ്പോകണമെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി ശോഭാ സുരേന്ദ്രന്‍. പദവിയോടു ഗവര്‍ണര്‍ അല്‍പ്പമെങ്കിലും മര്യാദ കാണിക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു.

കണ്ണൂരിലെ ആര്‍എസ്എസ് പ്രവര്‍ത്തകന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് ഡല്‍ഹിയില്‍ കേരള ഹൗസിനു മുന്‍പില്‍ നടത്തിയ പ്രതിഷേധ യോഗത്തില്‍ സംസാരിക്കുകയായിരുന്നു ശോഭാ സുരേന്ദ്രന്‍. 

പിണറായി വിജയനെ കാണുമ്പോള്‍ തലകുനിച്ച്, എനിക്ക് പിണറായി വിജയനെ പേടിയാണ്, ഞാനൊരു നടപടിയും സ്വീകരിക്കില്ല എന്ന് പറയാനാണ് ഗവര്‍ണറുടെ ഭാവമെങ്കില്‍ ദയവു ചെയ്ത് ആ കസേരയില്‍നിന്ന് ഇറങ്ങിപ്പോകണമെന്ന് ആവശ്യപ്പെടുകയാണ്. ഗവര്‍ണറെന്ന പദവിയോട് അല്‍പ്പമെങ്കിലും സാമാന്യ മര്യാദയും നീതിബോധവും അങ്ങേയ്ക്കുണ്ടെങ്കില്‍ അങ്ങ് ചെയ്യേണ്ട കാര്യങ്ങള്‍ ഞങ്ങള്‍ക്കുവേണ്ടി ചെയ്തു തരണം -അവര്‍ ആവശ്യപ്പെട്ടു.  

നേരത്തെ കണ്ണൂരിലെ കൊലപാതകത്തില്‍ പ്രതിഷേധിച്ച് ഒ. രാജഗോപാല്‍ എംഎല്‍എയുടെ നേതൃത്വത്തിലുള്ള ബിജെപി സംഘം ഗവര്‍ണര്‍ക്കു നല്‍കിയ നിവേദനം അദ്ദേഹം മുഖ്യമന്ത്രിക്കു കൈമാറിയിരുന്നു. ഇതിനെ തുടര്‍ന്നാണ് രൂക്ഷ വിമര്‍ശനവുമായി ശോഭാ സുരേന്ദ്രന്‍ രംഗത്തെത്തിയത്.