കോഴിക്കോട്: ഫാഷന്‍ മാസികയായ വോഗ് ഇന്ത്യയുടെ  വുമണ്‍ ഓഫ് ദ ഇയര്‍ സീരീസില്‍ മന്ത്രി കെ.കെ.ശൈലജ ഇടംനേടിയതിനെ വിമര്‍ശിച്ച് ബി.ജെ.പി. നേതാവ് ശോഭാ സുരേന്ദ്രന്‍. ശൈലജയ്ക്ക് എന്തിന്റെ പേരിലാണ് ഈ അനുമോദനമെന്ന് ചോദിച്ച ശോഭാ സുരന്ദ്രന്‍, ഇന്നും 3593 കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട സംസ്ഥാനത്തിന്റെ ആരോഗ്യമന്ത്രി ആയതിനാലോണോയെന്നും ആരാഞ്ഞു. ഫെയ്‌സ്ബുക്കിലൂടെയായിരുന്നു അവരുടെ വിമര്‍ശനം.

ശോഭാ സുരേന്ദ്രന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം

ഒരു സ്ത്രീക്ക് ലഭിക്കുന്ന അംഗീകാരത്തില്‍ അവരെ അനുമോദിക്കുന്നതിന് രാഷ്ട്രീയ കാരണങ്ങള്‍ തടസമാകരുത് എന്ന് വിശ്വസിക്കുന്ന ഒരു എളിയ പൊതുപ്രവര്‍ത്തകയാണ് ഞാന്‍. എന്നാല്‍ ലഭിക്കുന്ന പുരസ്‌ക്കാരം രാഷ്ട്രീയ കാരണങ്ങളാല്‍ ആണെങ്കില്‍ അതിന്റെ വസ്തുത മനസ്സിലാക്കിയിരിക്കണമെന്നുള്ള അടിസ്ഥാന യുക്തിഭദ്രതയാണ് ഈ ചോദ്യങ്ങള്‍ ചോദിക്കാന്‍ പ്രേരിപ്പിക്കുന്നത്. മന്ത്രി കെ കെ ശൈലജയ്ക്ക് എന്തിന്റെ പേരിലാണ് ഈ അനുമോദനം?  ഇന്നും 3593 കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട സംസ്ഥാനത്തിന്റെ ആരോഗ്യമന്ത്രി ആയതിനാലോ?  

അതോ തന്റെ അധികാരപരിധിയില്‍, സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള ഒരു ആംബുലന്‍സില്‍  തടയാമായിരുന്ന ഒരു ലൈംഗീക അതിക്രമത്തില്‍ പാലിച്ച നിഷ്‌ക്രിയത്വത്തിനോ?  അതോ സ്വന്തം മണ്ഡലത്തില്‍ ചികിത്സ കിട്ടാതെ രോഗികള്‍ മരിക്കുന്നത് നോക്കി നിന്നതിനോ? ചികിത്സ തേടിയെത്തിയ രോഗിയെ പുഴുവരിച്ച നിലയില്‍ കണ്ടെത്തിയതിനോ? രാജാവിന് പ്രാണഭയം ഉണ്ടാകുമ്പോള്‍ സ്ത്രീകളെ പടയ്ക്ക് മുന്നില്‍ നിര്‍ത്തുന്ന കഥകള്‍ കേട്ടിട്ടുണ്ട്.

സ്ത്രീകളെ ഉപദ്രവിക്കില്ല എന്ന യുദ്ധപ്രമാണം ശത്രുപക്ഷം പാലിക്കും എന്ന വിശ്വാസമാണ് ആ നീക്കത്തിന് പിന്നില്‍. കള്ളക്കടത്തിനും തട്ടിപ്പിനും കൂട്ടുനില്‍ക്കുന്ന സര്‍ക്കാരിനെ പ്രതിരോധിക്കാന്‍ 81824 ആക്റ്റീവ് കൊറോണ കേസുള്ള ഒരു സംസ്ഥാനത്തിന്റെ വനിതാ  ആരോഗ്യമന്ത്രിക്ക് നില്‍ക്കേണ്ടി വരുന്നതിന്റെയത്ര സ്ത്രീവിരുദ്ധത മറ്റെന്തുണ്ട്?

 

Content Highlights: Sobha Surendran critisise minister kk shailaja -vogue women of the year