തിരുവനന്തപുരം: രണ്ടാം മോദി സര്‍ക്കാരിന്റെ ആദ്യ മന്ത്രിസഭാ പുനഃസംഘടനയില്‍ അംഗമായ മലയാളിയായ രാജീവ് ചന്ദ്രശേഖറിനെ അഭിനന്ദിച്ച് ബിജെപി നേതാവ് ശോഭാ സുരേന്ദ്രന്‍. രാജീവ് ചന്ദ്രശേഖറിലൂടെ മോദി സര്‍ക്കാര്‍ കേരളത്തിനൊരു കേന്ദ്രമന്ത്രിയെ കൂടി നല്‍കിയിരിക്കുകയാണെന്ന് അവര്‍ പറഞ്ഞു. എന്നാല്‍ രാജീവ് ചന്ദ്രശേഖറിനെ അഭിനന്ദിച്ചുകൊണ്ടുള്ള ശോഭാ സുരേന്ദ്രന്റെ പോസ്റ്റിന് താഴെ വിമര്‍ശവും പരിഹാസവുമായി നിരവധി പേരാണ് എത്തിയത്. 

" മലയാളിയായ രാജീവ് ചന്ദ്രശേഖറിലൂടെ കേരളത്തിനൊരു കേന്ദ്രമന്ത്രിയെ കൂടി നല്‍കിയിരിക്കുകയാണ് മോദി സര്‍ക്കാര്‍. രാജീവേട്ടന് എല്ലാ വിധ ആശംസകളും" - ശോഭാ സുരേന്ദ്രന്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചു. മന്ത്രിസഭാ പുനഃസംഘടനയില്‍ മലയാളിയായ രാജീവ് ചന്ദ്രശേഖര്‍ അംഗമായതിന് പിന്നാലെയായിരുന്നു ശോഭയുടെ പോസ്റ്റ്. 

എന്നാല്‍ ഇതിനോട് രൂക്ഷമായാണ് പലരും പ്രതികരിച്ചത്. സന്തോഷമോ ആര്‍ക്ക് എന്ന് ചോദിച്ച ഒരാള്‍ കുറിച്ചത് അത് സുരേഷ് ഗോപിയോ, താങ്കളോ ആയിരുന്നെങ്കില്‍ സന്തോഷിക്കുമായിരുന്നു എന്നാണ്. ഇവിടുത്തെ നേതാക്കന്‍മാരൊക്കെ ഉറങ്ങുകയാണോ അതോ അവര്‍ക്ക് കേന്ദ്രത്തില്‍ ഒരു സ്വാധീനവും ചെലുത്താന്‍ ഉള്ള കഴിവില്ലെന്നോ അര്‍ഥമെന്നാണ് മറ്റൊരാള്‍ ചോദിച്ചത്. 

കര്‍ണാടകത്തില്‍നിന്നുള്ള രാജ്യസഭാംഗവും പ്രമുഖ വ്യവസായിയുമായ രാജീവ് ചന്ദ്രശേഖര്‍ ഐടി, നൈപുണ്യ വകുപ്പ്‌ മന്ത്രിയായാണ് സ്ഥാനമേറ്റത്. പുതുച്ചേരി നിയമസഭാ തിരഞ്ഞെടുപ്പില്‍ എന്‍.ഡി.എ.യെ വിജയത്തിലെത്തിക്കുന്നതില്‍ പ്രധാന പങ്കുവഹിച്ചതാണ് രാജീവ് ചന്ദ്രശേഖറിന് മന്ത്രിസഭാ പ്രവേശത്തിന് വഴിതെളിച്ചത്‌.

പുതുച്ചേരിയില്‍ ബി.ജെ.പി.യുടെ തിരഞ്ഞെടുപ്പു ചുമതലയുള്ള നേതാക്കളില്‍ ഒരാളായിരുന്നു രാജീവ് ചന്ദ്രശേഖര്‍.

Content Highlights: Sobha Surendran congratulates Rajeev Chandrasekhar