തിരുവനന്തപുരം: സായുധസേനാ പതാക ദിനത്തില്‍ പ്രധാനമന്ത്രി മോദി പങ്കുവെച്ച ചിത്രത്തെ വിമര്‍ശിച്ച ശശി തരൂരിന് മറുപടിയുമായി ബിജെപി നേതാവ് ശോഭാ സുരേന്ദ്രന്‍. സായുധ സേന പതാക ദിനത്തില്‍ പ്രധാനമന്ത്രിയുടെ വസ്ത്രത്തില്‍ സായുധ സേനയുടെ പതാക ചേര്‍ത്ത് വയ്ക്കുന്ന ഒരു ചടങ്ങുണ്ടെന്നും നെഹ്റു മുതല്‍ മന്‍മോഹന്‍ സിംഗ് വരെ അത് ചെയ്തിട്ടുണ്ടെന്നും അറിയാത്തതാണ് എങ്കില്‍ ശശി തരൂര്‍ അത് പഠിക്കണമെന്ന് ശോഭാ സുരേന്ദ്രന്‍ ഫെയ്‌സ്ബുക്കിലൂടെ പ്രതികരിച്ചു. 

നേരത്തെ സായുധസേന പതാകദിനത്തില്‍ രാജ്യത്തെ സൈനികരെ ആദരിക്കണമെന്ന സന്ദേശത്തിനൊപ്പം സൈനിക ഉദ്യോഗസ്ഥന്‍ പ്രധാനമന്ത്രിക്ക് പതാക ബാഡ്ജ് കുത്തിക്കൊടുക്കുന്ന ചിത്രം മോദി പങ്കുവെച്ചിരുന്നു. ഇതിനെ വിമര്‍ശിച്ചാണ് തരൂര്‍ രംഗത്തെത്തിയത്. 'സായുധസേനാ പതാക ദിനത്തില്‍ മോദിയെ സൈനിക ഉദ്യോഗസ്ഥന്‍ ആദരിക്കുന്ന ചിത്രം എന്തിനാണ് പങ്കുവെച്ചത്. കുറഞ്ഞത് ഈ ദിവസമെങ്കിലും സൈന്യത്തിലെ യഥാര്‍ഥ ഹീറോകള്‍ക്ക് ശ്രദ്ധ നല്‍കാമായിരുന്നുവെന്നായിരുന്നു തരൂരിന്റെ പ്രതികരണം. ഇതിന് മറുപടിയുമായാണ് ശോഭാ സുരേന്ദ്രന്റെ കുറിപ്പ്. 

ഗുരുജി ഗോള്‍വാള്‍ക്കറില്‍ കൈ പൊള്ളിയ ശേഷം 'വിശ്വ പൗരന്‍' ശശി തരൂരിന്റെ  അടുത്ത പ്രശ്‌നമാണ് ഈ ചിത്രം. സായുധ സേന പതാക ദിനത്തില്‍ പ്രധാനമന്ത്രി പോസ്റ്റ് ചെയ്ത ചിത്രം എന്തോ വലിയ പാതകമായിട്ടാണ് ശശി തരൂര്‍ വിലയിരുത്തുന്നത്. അങ്ങ് യു എന്നിലായിരുന്നത് കൊണ്ടാവും ഇവിടുത്തെ ചടങ്ങുകളെ പറ്റി വലിയ ധാരണയില്ലാത്തത്. സായുധ സേന പതാക ദിനത്തില്‍ പ്രധാനമന്ത്രിയുടെ വസ്ത്രത്തില്‍ സായുധ സേനയുടെ പതാക ചേര്‍ത്ത് വയ്ക്കുന്ന ഒരു ചടങ്ങുണ്ടെന്നും നെഹ്റു മുതല്‍ മന്‍മോഹന്‍ സിംഗ് വരെ അത് ചെയ്തിട്ടുണ്ടെന്നും അറിയാത്തതാണ് എങ്കില്‍ ശശി തരൂര്‍ അത് പഠിക്കണം. ഇല്ലെങ്കില്‍ ഇങ്ങനെ വീണ്ടും വീണ്ടും കൈ പൊള്ളേണ്ടി വരും. ജാഗ്രതെ!- ശോഭാ സുരേന്ദ്രന്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

ഗുരുജി ഗോൾവാൾക്കറിൽ കൈ പൊള്ളിയ ശേഷം 'വിശ്വ പൗരൻ' ശശി തരൂരിന്റെ അടുത്ത പ്രശ്നമാണ് ഈ ചിത്രം. സായുധ സേന പതാക ദിനത്തിൽ...

Posted by Sobha Surendran on Monday, 7 December 2020

Content Highlights: Sobha Surendran BJP Shashi Tharoor PM Modi Post on Armed force flag day