മൂന്നാര്‍:  മന്ത്രി എം.എം. മണി ഇത്തരത്തിലുള്ള സംസാരം തുടര്‍ന്നാല്‍ കേരളത്തിലെ സത്രീകളുടെ അടി കൊള്ളുമെന്ന് ബിജെപി നേതാവ് ശോഭാ സുരേന്ദ്രന്‍. മണി പ്രോട്ടോകോള്‍ ലംഘിച്ച് സംസാരം തുടര്‍ന്നാല്‍ അടികൊള്ളുമെന്ന കാര്യം ഉറപ്പാണെന്ന് അവര്‍ പറഞ്ഞു. മൂന്നാറില്‍ പൊമ്പിളൈ ഒരുമൈ നടത്തുന്ന സമരത്തിന് ഐക്യദാര്‍ഘ്യം പ്രഖ്യാപിച്ച് എത്തിയതായിരുന്നു അവര്‍. 

കേരളത്തിലെ ഒരു മന്ത്രി കാറു തുറന്ന് പുറത്തിറങ്ങുമ്പോള്‍ സ്ത്രീകളുടെ തല്ലു കൊള്ളുന്ന സാഹചര്യമാണ് ഉണ്ടാകാന്‍ പോകുന്നത്. ഇത് ഒഴിവാക്കണമെങ്കില്‍ മദയാനയായിട്ടുള്ള, നാക്കിന് എല്ലില്ലാത്ത മണിയെ അടിയന്തിരമായി മന്ത്രിസഭയില്‍ നിന്ന് മുഖ്യമന്ത്രി പുറത്താക്കണമെന്നും അവര്‍ പറഞ്ഞു.

ഇന്നലെ അടിമാലി ഇരുപതേക്കറില്‍ പൊമ്പിളൈ ഒരുമൈ കൂട്ടായ്മയെ അധിക്ഷേപിക്കുന്നതരത്തില്‍ എംഎം മണി പ്രസംഗിച്ചിരുന്നു. ഇതിനെ തുടര്‍ന്ന് മന്ത്രി മണി രാജിവെക്കണമെന്നും മൂന്നാറില്‍ നേരിട്ടെത്തി മാപ്പുപറയണമെന്നുമാവശ്യപ്പെട്ട് മൂന്നാറില്‍ പെമ്പിളൈ ഒരുമ പ്രവര്‍ത്തകര്‍ നടത്തുന്ന സമരം തുടരുകയാണ്. 'എം.എം. മണിയെ വിടമാട്ടേന്‍' എന്ന മുദ്രാവാക്യമുയര്‍ത്തിയാണ് സംഘടനയുടെ നേതാവ് ഗോമതിയുടെ നേതൃത്വത്തിലുള്ള സമരം നടത്തുന്നത്.