വെള്ളാപ്പള്ളി നടേശൻ, കെ.കെ.മഹേശൻ | ഫയൽചിത്രം (മാതൃഭൂമി)
ആലപ്പുഴ: കണിച്ചുകുളങ്ങറ എസ്.എന്‍.ഡി.പി. യോഗം യൂണിയന് മുന്‍ ജനറല്‍ സെക്രട്ടറി കെ.കെ. മഹേശന്റെ മരണത്തില്‍ തനിക്ക് യാതൊരു പങ്കുമില്ലെന്ന് എസ്.എന്‍.ഡി.പി. യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്. സാമ്പത്തിക തട്ടിപ്പുകള്‍ പിടിക്കപ്പെട്ടപ്പോള്‍ നിലനില്പ്പില്ലാതെ മഹേശന് ആത്മഹത്യ ചെയ്തെന്ന് കണ്ടെത്തിയ കേസാണിതെന്ന് വെള്ളാപ്പള്ളി പറഞ്ഞു. കോടതിയെ തെറ്റിദ്ധരിപ്പിച്ചാണ് അന്വേഷണത്തിന് ഇടക്കാല ഉത്തരവ് വാങ്ങിയത്. വരാനിരിക്കുന്ന എസ്.എന്‍.ഡി.പി. യോഗം തിരഞ്ഞെടുപ്പില്‍ താനും മകനും മത്സരരംഗത്തേക്ക് എത്താതിരിക്കാന്‍ നല്കിയ കള്ളക്കേസാണിതെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
'വാര്‍ത്ത സൃഷ്ടിക്കാനും എന്നെ തകര്‍ക്കാനും തിരഞ്ഞെടുപ്പ് രംഗത്തേക്ക് ഞാനോ തുഷാറോ വരാതിരിക്കാനുള്ള അടവുനയമാണിത്. എന്നില്‍ നിന്നും എന്ത് പീഡനമുണ്ടായി? പോലീസിന് പിടികൊടുക്കാന്‍ തയ്യാറല്ല, അതുകൊണ്ട് ജീവിതം അവസാനിപ്പിക്കുന്നുവെന്നാണ് ആത്മഹത്യാക്കുറിപ്പില്‍ എഴുതിവെച്ചത്. ചേര്‍ത്തലയിലും കണിച്ചുകുളങ്ങളരയിലുമടക്കം സാമ്പത്തിക തിരിമറി കാണിച്ചത് പിടിക്കപ്പെട്ടപ്പോള്‍ ആത്മഹത്യ ചെയ്തത് എന്റെ തലയില്‍ എന്തിനാണ് വെക്കുന്നത്. എനിക്കൊരു ഭയവുമില്ല. മഹേശന് ആരായിരുന്നെന്നും എന്തായിരുന്നെന്നും ആളുകള്‍ക്ക് അറിയാം. അതിനാല്‍ തനിക്കെതിരെയുള്ള ആരോപണങ്ങളൊന്നും അവര്‍ വിശ്വസിക്കില്ല'- വെള്ളാപ്പള്ളി പറഞ്ഞു.
അന്വേഷണം നടത്തി സത്യം കണ്ടെത്തട്ടെ. പണ്ട് കണ്ടെത്തിയ കാര്യങ്ങള്‍ തെറ്റാണെന്ന് മനസ്സിലാക്കുകയാണെങ്കില്‍ ശിക്ഷ ഏറ്റുവാങ്ങാന്‍ തയ്യാറാണ്. മഹേശന്റെ മരണമുണ്ടായപ്പോള്‍ സി.ബി.ഐക്കൊണ്ട് അന്വേഷിപ്പിക്കാനാണ് താന്‍ ആവശ്യപ്പെട്ടത്. സംസ്ഥാന സര്‍ക്കാരിനെ സ്വാധീനിക്കാന്‍ കഴിയുമെന്ന് അവര്‍ ആരോപണം ഉന്നയിച്ചപ്പോഴാണ് താന്‍ സി.ബി.ഐ. ആന്വേഷണം ആവശ്യപ്പെട്ടത്. ഒന്നുമല്ലാതിരുന്ന മഹേശനെ വളര്‍ത്തിയത് താനാണെന്നും വെള്ളാപ്പള്ളി പറഞ്ഞു.
ആലപ്പുഴ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി രണ്ടിന്റെ നിര്‍ദ്ദേശപ്രകാരം മാരാരിക്കുളം പോലീസ് വെള്ളാപ്പള്ളി നടേശനെ ഒന്നാം പ്രതിയാക്കി കേസെടുത്തിരുന്നു. വെള്ളാപ്പള്ളിയുടെ മാനേജര്‍ കെ.എല്‍. അശോകന്, മകന് തുഷാര്‍ വെള്ളാപ്പള്ളി എന്നിവരാണ് കേസിലെ രണ്ടും മൂന്നും പ്രതികള്‍.
മൈക്രോഫിനാന്‍സ് കേസില്‍ വെള്ളാപ്പള്ളി അടക്കമുള്ളവര്‍ മഹേശനെ പ്രതിയാക്കിയെന്നും ക്രൈംബ്രാഞ്ചിനെ സ്വാധീനിച്ച് നിരന്തരം ചോദ്യംചെയ്യിപ്പിച്ച് മഹേശനെ മാനസിക സമ്മര്‍ദ്ദത്തിലാക്കിയെന്നുമാണ് എഫ്.ഐ.ആറില്‍ പറയുന്നത്. മഹേശന്റെ മരണത്തില്‍ വെള്ളാപ്പള്ളി അടക്കമുള്ളവര്‍ക്കെതിരേ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് ഭാര്യ ഉഷാദേവിയാണ് കോടതിയെ സമീപിച്ചത്. തുടര്‍ന്നാണ് മൂന്നുപേരെയും പ്രതിചേര്‍ത്ത് അന്വേഷണം നടത്താന്‍ കോടതി ഉത്തരവിട്ടത്.
Content Highlights: sndp yogan general secretary vellapally nadeshan response on case against him on death of kk mahesan
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..