വെള്ളാപ്പള്ളി നടേശൻ | Photo - Mathrubhumi archives
കൊച്ചി: എസ്.എന്‍.ഡി.പി. യോഗത്തിന്റെ നടത്തിപ്പിനായി നിയമപ്രകാരമുള്ള സ്‌കീം രൂപവത്കരിക്കണമെന്ന എറണാകുളം ജില്ലാ കോടതിയുടെ ഉത്തരവ് ചോദ്യം ചെയ്ത് യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ അടക്കമുള്ളവര്‍ ഫയല്‍ ചെയ്ത ഹര്‍ജി ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് തള്ളി. യോഗം ഭാരവാഹികളുടെ തിരഞ്ഞെടുപ്പ് അടക്കം സുഗമമായി നടത്താനാകുംവിധം യോഗത്തിന്റെ ഭരണത്തിനായി നിയമപ്രകാരമുള്ള സ്‌കീം രൂപവത്കരിക്കണമെന്നായിരുന്നു ജില്ലാ കോടതിയുടെ 2009-ലെ ഉത്തരവ്. ഇതിനെതിരേയായിരുന്നു യോഗം ജനറല്‍ സെക്രട്ടറി അടക്കമുള്ളവര്‍ ഹൈക്കോടതിയെ സമീപിച്ചത്. എന്നാല്‍ ജില്ലാ കോടതി ഉത്തരവ് ശരിവെച്ച ജസ്റ്റിസ് പി.ബി. സുരേഷ് കുമാറും ജസ്റ്റിസ് സി.എസ്. സുധയും അടങ്ങിയ ഡിവിഷന്‍ ബെഞ്ച് ഹര്‍ജി തള്ളുകയായിരുന്നു.
യോഗത്തിന്റെ ഭാരണത്തിനായി നിയമപ്രകാരമുള്ള സ്‌കീമിന് രൂപം നല്‍കണമെന്നേ കീഴ്ക്കോടതി നിര്‍ദേശിച്ചിട്ടുള്ളൂവെന്ന് ഹൈക്കോടതി വിലയിരുത്തി. യോഗവും വിവിധ യൂണിയനുകളും ശാഖകളും തമ്മിലുള്ള ബന്ധം എങ്ങനെ എന്നതു സംബന്ധിച്ച് പോലും ഇപ്പോഴും വ്യക്തതയില്ല. അതിനാല്‍ യൂണിയനുകളുടെയും ശാഖകളുടെയും സ്വത്ത് വിനിയോഗം അടക്കമുള്ള വിഷയങ്ങളില്‍ തര്‍ക്കമുണ്ട്.
യൂണിയനുകളും ശാഖകളും യോഗത്തിന്റെ കീഴിലാണോ എന്നതിലും വ്യക്തതയില്ല. അല്ലെന്നും ആണെന്നുമുള്ള വ്യത്യസ്ത നിലപാടാണ് യോഗം പലപ്പോഴും സ്വീകരിച്ചിട്ടുള്ളത്. യോഗത്തിന്റെ പങ്കാളിത്ത വ്യവസ്ഥയിലോ സബ് റൂള്‍സിലോ ഇതിനെ കുറിച്ച് പറയുന്നില്ലെന്നും കോടതി വിലയിരുത്തി.
യോഗത്തിലെ എല്ലാ അംഗങ്ങളെയും പങ്കെടുപ്പിച്ച് വാര്‍ഷിക യോഗവും തിരഞ്ഞെടുപ്പും നടത്തുക പ്രായോഗിക ബുദ്ധിമുട്ടുണ്ടെന്നത് യാഥാര്‍ഥ്യമാണ്. എന്നാല്‍ തിരഞ്ഞെടുക്കപ്പെട്ട പ്രതിനിധികള്‍ അല്ലാത്തവര്‍ വാര്‍ഷിക യോഗത്തില്‍ പങ്കെടുക്കുന്നത് അനുവദിക്കാനാകില്ല. അതിനാല്‍ ജനാധിപത്യ പ്രാതിനിധ്യം ഉറപ്പാക്കാന്‍ നിയമപരമായ ശരിയായ ചട്ടക്കൂട് ആവശ്യമാണെന്നും ഡിവിഷന്‍ ബെഞ്ച് വിലിയിരുത്തി.
Content Highlights: SNDP Yogam Vellappally Nateshan High Court verdict
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..