വെള്ളാപ്പള്ളി നടേശൻ | Photo - Mathrubhumi archives
കൊച്ചി: എസ്.എന്‍. ട്രസ്റ്റ് ബൈലോയില്‍ നിര്‍ണ്ണായക ഭേദഗതിക്ക് ഹൈക്കോടതിയുടെ അംഗീകാരം. വഞ്ചന, സ്വത്ത് കേസുകളില്‍ ഉള്‍പ്പെട്ടവര്‍ ട്രസ്റ്റ് ഭാരവാഹിത്വത്തില്‍ നിന്ന് മാറിനില്‍ക്കണമെന്നാണ് ഹൈക്കോടതി ഉത്തരവ്. എസ്.എന്‍. ട്രസ്റ്റുമായി ബന്ധപ്പെട്ട ക്രിമിനല്‍ കേസുകളില്‍ ഉള്‍പ്പെട്ടവര്‍ ഭാരവാഹിത്വത്തില്‍നിന്ന് വിട്ടുനില്‍ക്കണമെന്ന് വ്യവസ്ഥചെയ്യുന്നതാണ് ഭേദഗതി.
കണിച്ചുകുളങ്ങര എസ്.എന്‍.ഡി.പി. യോഗം യൂണിയന് മുന്‍ സെക്രട്ടറി കെ. കെ. മഹേശന്റെ മരണത്തില്‍ എസ്.എന്‍.ഡി.പി. യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ ഒന്നാം പ്രതിയാക്കി നേരത്തെ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. ആലപ്പുഴ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി (രണ്ട്) യുടെ നിര്‍ദ്ദേശപ്രകാരമായിരുന്നു മാരാരിക്കുളം പോലീസ് കേസെടുത്തത്. ഈ സാഹചര്യത്തില്‍ ബൈലോയിലെ ഭേദഗതി വെള്ളാപ്പള്ളിക്ക് തിരിച്ചടിയാണ്.
മുന്‍ ട്രസ്റ്റ് അംഗം കൂടിയായ അഡ്വ. ചെറുന്നിയൂര്‍ ജയപ്രകാശിന്റെ ഹര്‍ജിയിലാണ് ഹൈക്കോടതി ഉത്തരവ്. വഞ്ചനാ കേസുകള്‍ക്ക് പുറമേ എസ്.എന്‍. ട്രസ്റ്റിന്റെ സ്വത്തു സംബന്ധമായ ക്രിമിനല്‍ കേസുകളിലും ഉള്‍പ്പെട്ടിരിക്കുന്നവര്‍ ട്രസ്റ്റ് ഭാരവാഹിത്വത്തില്‍ നിന്ന് വിട്ടുനില്‍ക്കണമെന്നാണ് നിര്‍ദ്ദേശം. എസ്.എന്‍. ട്രസ്റ്റ് ബൈലോ തയ്യാറാക്കിയത് ഹൈക്കോടതിയാണ്. അതിനാല്‍ ബൈലോ ഭേദഗതി ചെയ്യാനും ഹൈക്കോടതിക്ക് മാത്രമാണ് അധികാരം.
ക്രിമിനല്‍ കേസുകളില്‍ കുറ്റവിമുക്തരാവുന്നത് വരെ ട്രസ്റ്റ് ഭാരവാഹികളായി തുടരാന്‍ പാടില്ലെന്നാണ് ജസ്റ്റിസ് മുഹമ്മദ് മുസ്താഖിന്റെ ഉത്തരവില്‍ പറയുന്നത്. കുറ്റവിമുക്തരാക്കപ്പെട്ടാല്‍ ഭാരവാഹിത്വത്തലേക്ക് തിരിച്ചുവരുന്നതിന് തടസ്സങ്ങളുണ്ടാവില്ല.
അതേസമയം, ഹൈക്കോടതി ഉത്തരവിലൂടെ ഭാരവാഹികളെ പുറത്താക്കാന്‍ കഴിയില്ല. അധികാരപരിധിയിലുള്ള സിവില്‍ കോടതികളുടെ നിര്‍ദ്ദേശപ്രകാരം സ്ഥാനത്തുനിന്ന് നീക്കാം. ഒരൊറ്റ ഹൈക്കോടതി ഉത്തരവിലൂടെ നിലവിലെ ഭാരവാഹികളെ മാറ്റിയാല്‍ പ്രതിസന്ധി നേരിടുമെന്ന ട്രസ്റ്റിന്റെ വാദം കൂടി പരിഗണിച്ചാണ് തീരുമാനത്തിന് സിവില്‍ കോടതിക്ക് അധികാരം നല്കാന് ഹൈക്കോടതി ഉത്തരവിട്ടത്. ബൈലോയില്‍ 34 എ എന്ന ഭേദഗതിയായാണ് പുതിയ നിര്‍ദ്ദേശം ചേര്‍ത്തിരിക്കുന്നത്.
Content Highlights: sndp yogam general secretary Vellapally Natesan sn trust bylaw high court amendment
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..