കാസര്‍കോട്: പെരുമ്പാമ്പ് ഉള്‍പ്പെടെയുള്ള പാമ്പുകളെ ജനവാസ കേന്ദ്രത്തില്‍ പ്ലാസ്റ്റിക് ചാക്കില്‍ക്കെട്ടി ഉപേക്ഷിക്കുന്നതായി പരാതി. കാസര്‍കോട് പനയാലിലാണ് ഉപയോഗശൂന്യമായ വാട്ടര്‍ ടാങ്കില്‍ പാമ്പുകളെ ഉപേക്ഷിക്കുന്നത്. ഗുരുതരമായ നിയമലംഘനമാണ് നടക്കുന്നതെന്ന് ആരോപണം ഉയര്‍ന്നിട്ടുണ്ട്. 

കാസര്‍കോട് പള്ളിക്കര പഞ്ചായത്തിലാണ് പനയാല്‍ പ്രദേശം. ഇവിടുത്തെ സ്‌കൂളിന് അടുത്തുള്ള ഉപയോഗശൂന്യമായ ഒരു വാട്ടര്‍ ടാങ്കുണ്ട്. പ്രദേശത്തുനിന്ന് റെസ്‌ക്യൂവര്‍ പിടികൂടുന്ന പാമ്പുകളെ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ വരുന്നിടം വരെ ഈ ടാങ്കില്‍ സൂക്ഷിക്കാറുണ്ടായിരുന്നു. എന്നാല്‍ കുറച്ചുകാലമായി ഇവിടം വനംവകുപ്പ് ഉദ്യോഗസ്ഥര്‍ ഉപയോഗിക്കുന്നില്ലെന്നാണ് പറയുന്നത്. 

മുന്‍പ് റെസ്‌ക്യൂവര്‍ ഈ ടാങ്ക് പാമ്പുകളെ സൂക്ഷിക്കാന്‍ ഉപയോഗിച്ചിരുന്നതായി പ്രദേശവാസികള്‍ പറഞ്ഞു. പിറ്റേദിവസം അല്ലെങ്കില്‍ തൊട്ടടുത്ത കൃത്യമായി വനംവകുപ്പ് ഉദ്യോഗസ്ഥര്‍ എത്തുകയും പാമ്പുകളെ കൊണ്ടുപോവുകയും ചെയ്തിരുന്നു. അതിനാല്‍ തങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടായിരുന്നില്ലെന്നും പ്രദേശവാസികള്‍ കൂട്ടിച്ചേര്‍ക്കുന്നു. മാത്രമല്ല, റെസ്‌ക്യൂവര്‍ നാലുമാസം മുന്‍പ് ജോലി അവസാനിപ്പിച്ചതായും അവര്‍ കൂട്ടിച്ചേര്‍ത്തു. 

ഇന്ന് ടാങ്കില്‍നിന്ന് ദുര്‍ഗന്ധം ഉയര്‍ന്നപ്പോള്‍ പ്രദേശവാസികള്‍ പരിശോധന നടത്തി. അപ്പോഴാണ് പാമ്പുകളെ ചാക്കില്‍ കെട്ടിയ നിലയില്‍ കണ്ടെത്തിയത്. ചിലത് ചത്തനിലയിലും മറ്റു ചിലതിന് ജീവനുമുണ്ടായിയിരുന്നു. ആരാണ് ഇവിടെ പാമ്പിനെ കൊണ്ടിട്ടതെന്ന് അറിയില്ലെന്നും നാട്ടുകാര്‍ പറഞ്ഞു.

content highlights: snakes found in abandoned watertank