വര്‍ക്കല: മൂര്‍ഖന്‍ പാമ്പിനെ പിടികൂടുന്നതിനിടെ പാമ്പുപിടിത്തക്കാരന്‍ സക്കീര്‍ ശാസ്തവട്ടത്തിന് കടിയേല്‍ക്കാന്‍ കാരണമായത് സംബന്ധിച്ച് വിശദീകരിക്കുകയാണ് വാവ സുരേഷ്. സക്കീറിന് കടിയേല്‍ക്കാന്‍ മൂന്ന് കാരണങ്ങളാണ് വാവ സുരേഷ് പറയുന്നത്.

ഒന്ന് മുറിവേറ്റ പാമ്പിന്റെ തലയില്‍ അമര്‍ത്തിപ്പിടിച്ച് പ്രദര്‍ശിപ്പിച്ചു, മറ്റൊന്ന് പാമ്പിനെ പ്രദര്‍ശിപ്പിച്ചപ്പോള്‍ ശ്രദ്ധ പാളി, മൂന്നാമത്തേത് പടം പൊഴിക്കാനുള്ള സമയത്തായിരുന്നു മൂര്‍ഖനെ പിടിച്ചത്. ഈ സമയത്ത് പാമ്പ് ആക്രമിക്കാനുള്ള സാധ്യത കൂടുതലാണെന്നും വാവ സുരേഷ് പറയുന്നു.

സക്കീറിനെ കടിച്ച മൂര്‍ഖനെ വാവ സുരേഷ് എത്തിയാണ് കൊണ്ടുപോയത്. നേരത്തേ പിടികൂടിയ മറ്റൊരു മൂര്‍ഖനുമായാണ് സക്കീര്‍ നാവായിക്കുളത്തെ വീട്ടിലെത്തിയത്. സക്കീറിനെ ആശുപത്രിയില്‍ കൊണ്ടുപോയപ്പോള്‍ രണ്ടു പാമ്പുകളെയും വീടിനുസമീപം സൂക്ഷിച്ചു. രാത്രി 9.30-ഓടെ വാവ സുരേഷ് സ്ഥലത്തെത്തി രണ്ടിനെയും കൊണ്ടുപോകുകയായിരുന്നു. 

ഞായറാഴ്ച രാത്രി നാവായിക്കുളം 28-ാം മൈലില്‍ പുത്തന്‍വീട്ടില്‍ രമയുടെ വീട്ടിലെത്തി പാമ്പിനെ പിടികൂടുന്നതിനിടെയാണു സക്കീറിന് കടിയേറ്റത്. രമയും അമ്മയുമുള്‍പ്പെടെ പ്രായമായ രണ്ട് സ്ത്രീകള്‍ മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. വീടിനു പുറത്തെ പടിക്കെട്ടിനടിയിലായിരുന്നു പാമ്പ്.

നാട്ടുകാര്‍ അറിയിച്ചതിനെത്തുടര്‍ന്ന് രാത്രി എട്ടുമണിയോടെ സക്കീര്‍ ഈ വീട്ടിലെത്തി. ഏകദേശം അഞ്ചു വയസ്സും നല്ല നീളവുമുള്ള മൂര്‍ഖനെ ഉടന്‍ പിടികൂടി. തറയിലിരുന്ന് നാട്ടുകാര്‍ക്കുമുന്നില്‍ പാന്പിനെ പ്രദര്‍ശിപ്പിക്കുന്നതിനിടെ പെട്ടെന്നു തിരിഞ്ഞ് സക്കീറിന്റെ വലതു കൈത്തണ്ടയില്‍ കൊത്തുകയായിരുന്നു.

Content Highlights: snake bite sakeer sasthavattom-vava suresh