ചേച്ചിയുടെ മൃതദേഹം കബർസ്ഥാനിലേക്ക് കൊണ്ടുപോകുമ്പോൾ കുഞ്ഞനിയൻ മുഹമ്മദ് കണ്ണീരോടെ നോക്കിനിന്നു


പവിത്രൻ കുഞ്ഞിമംഗലം

മകളുടെ ആഗ്രഹപ്രകാരം വിദേശത്തേക്ക് കൊണ്ടുപോകാനുള്ള എല്ലാ ഒരുക്കങ്ങളും അഫ്രയുടെ പിതാവ് റഫീഖ് നടത്തുന്നതിനിടെയാണ് പൊടുന്നനെയുള്ള വിടവാങ്ങൽ.

അഫ്രയും അനുജനും

മാട്ടൂൽ: “എനിക്ക് ഇനി ആ മരുന്നുകൊണ്ട് ഉപകാരമില്ല. എന്റെ അനുജന് കിട്ടിയിട്ട് ഓൻ നടന്നാൽ മതി. ഓന് മരുന്ന് കിട്ടണം...” കുഞ്ഞനിയനെ രക്ഷിക്കാൻ സാമൂഹികമാധ്യമങ്ങളിലൂടെ സഹായം ആവശ്യപ്പെട്ട്‌ കോടികൾ സ്വരുക്കൂട്ടിയ അഫ്ര അനുജന് ബാധിച്ച അതേ രോഗത്താൽ മരണത്തിന് കീഴടങ്ങി. സ്പൈനൽ മസ്കുലാർ അട്രോഫി (എസ്.എം.എ.) എന്ന ജനിതകരോഗം ബാധിച്ച പതിനഞ്ചുകാരി മാട്ടൂൽ സെൻട്രലിലെ അഫ്ര റഫീഖാണ് തിങ്കളാഴ്ച വിടപറഞ്ഞത്.

മാട്ടൂൽ സെൻട്രലിലെ പി.കെ. റഫീഖിന്റെയും പി.സി. മറിയുമ്മയുടെയും മൂത്ത മകളാണ് അഫ്ര. അഫ്രയുടെ അനുജൻ ഒന്നരവയസ്സുകാരൻ മുഹമ്മദിനും ഇതേ അസുഖമാണ്. മുഹമ്മദിന്റെ അസുഖം ഭേദമാകാൻ 18 കോടിയോളം രൂപ വിലയുള്ള മരുന്ന് ആവശ്യമായിരുന്നു. ആ മരുന്നുവാങ്ങി അനുജന്റെ ജീവൻ രക്ഷിക്കാൻ സഹായിക്കണമെന്ന് അഫ്ര ചക്രക്കസേരയിലിരുന്ന് വേദനയോടെ സാമൂഹികമാധ്യമങ്ങളിലൂടെ ആവശ്യപ്പെട്ടിരുന്നു. തനിക്ക്‌ ചികിത്സ വേണ്ടെന്നും അനുജന്‌ അത് ലഭ്യമാക്കണമെന്നും ആവശ്യപ്പെട്ടുള്ള അഫ്രയുടെ അഭ്യർഥനയോട് ലോകം വൈകാരികതയോടെയാണ്‌ സ്വീകരിച്ചത്‌. 46 കോടിയിലധികം രൂപയാണ്‌ സുമനസ്സുകൾ വഴി അഫ്രയുടെ കണ്ണീരിന്‌ ലഭിച്ചത്‌. ഇതിൽനിന്ന്‌ മുഹമ്മദിന്‌ മരുന്ന് ലഭ്യമാക്കി. അഫ്രയ്ക്കും ഇതേ മരുന്ന് നൽകിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

കോഴിക്കോട്ടെ സ്വകാര്യ ആസ്പത്രിയിൽ തിങ്കളാഴ്ച രാവിലെ അഞ്ചോടെയാണ് മരിച്ചത്‌. മരണസമയത്ത് മാതാപിതാക്കളും അടുത്ത ബന്ധുക്കളും ഒപ്പമുണ്ടായിരുന്നു. മാട്ടൂൽ സഫ ഇംഗ്ലീഷ് മീഡിയം സ്കൂളിലെ പത്താം ക്ലാസ് വിദ്യാർഥിനിയാണ്. കഴിഞ്ഞ ബുധനാഴ്ചവരെ അഫ്ര സ്കൂളിൽ പോയിരുന്നു. വെള്ളിയാഴ്ച കണ്ണൂരിലെ സ്വകാര്യ ആസ്പത്രിയിൽപ്രവേശിപ്പിച്ചു. രോഗം മൂർച്ഛിച്ചതിനെത്തുടർന്ന് തൊട്ടടുത്ത ദിവസം കോഴിക്കോട്ടെ സ്വകാര്യ ആസ്പത്രിയിലേക്ക്‌ മാറ്റുകയായിരുന്നു.

സഹോദരി: അൻസില (വിദ്യാർഥി, സഫ ഇംഗ്ലീഷ് മീഡിയം സ്കൂൾ, മാട്ടൂൽ). 12.45-ഓടെ മാട്ടൂൽ സെൻട്രൽ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ ഖബറടക്കി.

അഫ്ര ഇനി കണ്ണീരിൽ കുതിർന്ന ചിത്രം

മാട്ടൂൽ: കുഞ്ഞനുജൻ മുഹമ്മദിനെ പിടിച്ചുകൊണ്ട് അഫ്ര വിൽചെയറിൽ ഇരിക്കുന്ന ഫോട്ടോ നാടിന് മറക്കാനാകാത്തതായിരുന്നു. തന്നെപ്പോലെ അവനും ജീവിതകാലം വീൽചെയറിൽ ആയിപ്പോകുമോ എന്ന വേദനയായിരുന്നു അവൾക്ക്.

ജനിച്ച് കുറച്ച് കഴിയുമ്പോഴേക്കും അഫ്രയുടെ ശരീരം തളർന്നുവന്നിരുന്നു. നാലാമത്തെ വയസ്സുമുതൽ അവൾ വീൽചെയറിലായി. അനുദിനം പേശികൾ ക്ഷയിച്ച് ശരീരം ശോഷിച്ചുവരുന്ന സ്പൈനൽ മസ്കുലാർ അട്രോഫി എന്ന രോഗമായിരുന്നു. അതേ രോഗം കുഞ്ഞനുജനെയും പിടികൂടിയപ്പോഴാണ് അഫ്ര തളർന്നുപോയത്. തന്റെ വേദനയ്ക്കുമേൽ അവന്റെ വേദന അവളെ നന്നേ വിഷമിപ്പിച്ചു. ആ വേദനയാണ് 14-കാരിയായ അഫ്ര ലോകത്തോട് പങ്കുവെച്ചത്. 'ഞാൻ അനുഭവിച്ച വേദന എന്റെ അനിയനുണ്ടാകരുത്.... അവൻ എന്നെപ്പോലെയാകരുത്. രോഗം കാരണം എന്റെ നട്ടെല്ല് വളഞ്ഞുപോയി. വേദന കാരണം ഉറങ്ങാനാകുന്നില്ല. ഓനെ എല്ലാരും കൂടി സഹായിച്ചാൽ രക്ഷപ്പെടും...'

ഈ രോഗത്തിനുള്ള അമേരിക്കയിൽനിന്ന് വരുത്തുന്ന മരുന്നായ 'സോൾജസ്മ'യ്ക്ക് 18 േകാടി രൂപയാണ് വില. ഈ വില ഇത്തരം രോഗികളുടെ ബന്ധുക്കൾക്ക് താങ്ങാനാകാത്തതായിരുന്നു. അതുകൊണ്ടാണ് സഹായം സ്വീകരിക്കാനുള്ള ശ്രമം തുടങ്ങി. ഫണ്ട് ശേഖരണം തുടങ്ങുമ്പോൾ ഒന്നോ രണ്ടോ കോടി മാത്രമേ കിട്ടൂവെന്നാണ് സംഘാടകർ കരുതിയത്. പക്ഷേ എല്ലാ പ്രതീക്ഷകളെയും തകർത്ത് അഫ്രയുടെ കണ്ണിരിനോട് പ്രതികരിച്ച 7.70 ലക്ഷം ആൾക്കാരിലൂടെ 46.78 കോടി രൂപയെത്തുകയുണ്ടായി. അഫ്രയുടെ നീറുന്ന വാക്കുകൾ ലോകം ഉൾക്കൊണ്ടതിന്റെ തെളിവായിരുന്നു അത്‌. ഒരുരൂപ മുതൽ അഞ്ചുലക്ഷം വരെ ആൾക്കാർ സഹായിച്ചു.

എം.വിജിൻ എം.എൽ.എയുടെ നേതൃത്വത്തിലുള്ള ചികിത്സാസഹായകമ്മിറ്റി ഗ്രാമീൺ ബാങ്കിന്റെ മാട്ടൂൽ ശാഖയിൽ തുടങ്ങിയ അക്കൗണ്ടിലേക്ക്‌ പണപ്രവാഹമായിരുന്നു. പണം ആവശ്യത്തിന്‌ ലഭിച്ചുകഴിഞ്ഞു ഇനി അയക്കരുത് എന്നുപറഞ്ഞിട്ടും അത്‌ തുടർന്നു.

പണം ലഭിച്ച ഉടനെ തന്നെ അമേരിക്കയിൽനിന്ന് മരുന്നെത്തിച്ച് കോഴിക്കോട് മിംസ് ആസ്പത്രിയിൽ ചികിത്സ തുടങ്ങി. അനുജന് മരുന്ന്‌ കുത്തിവെച്ചശേഷം അഫ്ര എപ്പോഴും അവനെ ശ്രദ്ധിച്ചുകൊണ്ടേയിരിക്കും. പഴയതുപോലെ അവൻ വേദനിച്ച് കരയുന്നുണ്ടോ, നടക്കാൻ പറ്റുന്നുണ്ടോ എന്നൊക്കെ അവൾ വീൽചെയറിൽ ഇരുന്ന്‌ ചോദിച്ചുകൊണ്ടിരിക്കും. അവൻ നടന്നുകാണാനായിരുന്നു അവളുടെ വലിയ ആഗ്രഹം. ഒപ്പം വീട്ടിലേക്കുള്ള റോഡ് നന്നാക്കണമെന്നും.

ഈ മരുന്ന്‌ അഫ്രയ്ക്കുകൂടി നൽകിയാൽ നിലവിലുള്ള രോഗാവസ്ഥ കൂടുന്നത് തടയാൻ പറ്റുമെന്ന് ഡോക്ടർ പറഞ്ഞതിനാൽ അവൾക്കും നൽകിയിരുന്നു. പക്ഷേ വിജയിച്ചില്ല. അതേസമയം മുഹമ്മദിന് മാറ്റം കാണുന്നുണ്ടെന്ന് ബന്ധുക്കൾ പറഞ്ഞു. രണ്ടുവയസ്സിനുള്ളിൽ ചികിത്സ നടത്തിയാലേ ഫലം കാണൂവെന്നും ഡോക്ടർമാർ വ്യക്തമാക്കി. അഫ്രയുടെ അഭ്യർഥനയും ഫണ്ട് ശേഖരണവും വലിയ വാർത്തയായതോടെ സമാനമായ പല കുട്ടികൾക്കും അത് സഹായകമായി. ഈ രോഗത്തെക്കുറിച്ച് അറിയാനും സഹായം ലഭ്യമാക്കാനും അത് വഴിയൊരുക്കി.

കേരളം കണ്ട ഏറ്റവും വലിയ ചികിത്സാസഹായമായിരുന്നു മുഹമ്മദിന് ലഭിച്ചത്. രണ്ടുപേരുടെയും ചികിത്സ കഴിച്ച്് ബാക്കി തുക സാമാനരോഗത്തിനിരയായവർക്ക് ചികിത്സയ്ക്കായി നൽകാനായിരുന്നു തീരുമാനം. മുഖ്യമന്ത്രിയും ആരോഗ്യമന്ത്രിയും ഇക്കാര്യത്തിൽ ഇടപെട്ടിരുന്നു.

മരണം വിദേശത്തേക്ക്‌ പോകാനുള്ള ഒരുക്കത്തിനിടെ

മാട്ടൂൽ: ചക്രക്കസേരയിലിരുന്ന്, സ്കൂൾ ബസിൽ യാത്രചെയ്താണ് എൽ.കെ.ജി. മുതൽ പത്താംക്ലാസ്‌ വരെ അഫ്ര പഠനം നടത്തിയത്. ശാരീരികപ്രശ്നങ്ങളുണ്ടങ്കിലും അവൾ മറ്റുള്ള കുട്ടികളെപ്പോലെത്തന്നെ എല്ലാ കാര്യത്തിലും മിടുക്കിയായിരുന്നുവെന്ന് പ്രിൻസിപ്പൽ കെ.പി.സുബൈറും ക്ലാസ് അധ്യാപിക പി.വി.വിനിലയും പറഞ്ഞു. രണ്ടാംക്ലാസ്‌ മുതൽ അഫ്രയുടെ എല്ലാ കാര്യങ്ങളിലും സഹായിയായി കൂടെനിന്നത് സഹപാഠിയായ ഏഴോം മൂലയിലെ എ.കെ.വി.ഫാത്തിമയാണ്.

പ്രിയ കൂട്ടുകാരിയുടെ വേർപാടിൽ ഏറെ ദുഃഖിതയായ ഫാത്തിമ അഫ്രയെ അവസാനമായി ഒരുനോക്കുകണ്ട് മടങ്ങി. സ്കൂളിലെ ജീവനക്കാരിയായ ഓമനയ്ക്കും സങ്കടം താങ്ങാനായില്ല. തിങ്കളാഴ്ച രാവിലെ പത്തരയോടെയാണ് അഫ്രയുടെ മൃതദേഹം വീട്ടിലെത്തിച്ചത്. വീടും പരിസരവും ശോകമൂകമായിരുന്നു. മാട്ടൂലിലെ വിവിധ വിദ്യാലയങ്ങളിലെ അധ്യാപകരും നാട്ടുകാരും വിവിധ രാഷ്ട്രീയപാർട്ടി നേതാക്കളും മതമേലധ്യക്ഷൻമാരുമുൾപ്പെടെ ആയിരങ്ങളാണ് അന്തിമോപചാരമർപ്പിച്ചത്. മികച്ച യൂട്യൂബർ കൂടിയായിരുന്നു അഫ്ര.

മകളുടെ ആഗ്രഹപ്രകാരം വിദേശത്തേക്ക് കൊണ്ടുപോകാനുള്ള എല്ലാ ഒരുക്കങ്ങളും അഫ്രയുടെ പിതാവ് റഫീഖ് നടത്തുന്നതിനിടെയാണ് പൊടുന്നനെയുള്ള വിടവാങ്ങൽ. തന്റെ ചികിത്സയ്ക്കായി മനമുരുകി പ്രാർഥിച്ച ചേച്ചിയുടെ മൃതദേഹം കബർസ്ഥാനിലേക്ക് കൊണ്ടുപോകുമ്പോൾ കുഞ്ഞനിയൻ മുഹമ്മദ് നോക്കിനിന്ന രംഗം കണ്ടുനിന്നവരുടെ കണ്ണുകളെ ഈറനണിയിച്ചു.

Content Highlights: SMA-afflicted Afra passes away

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
rape survivor vijay babu

1 min

9-ാം ക്ലാസുകാരനെതിരായ പീഡനക്കേസില്‍ ട്വിസ്റ്റ്; പെണ്‍കുട്ടിയുടെ പിതാവ് മകളെ പീഡിപ്പിച്ചകേസില്‍ പ്രതി

Aug 12, 2022


Nambi, Sasikumar

9 min

നമ്പി നാരായണൻ അപമാനിക്കുന്നത് ഐ.എസ്.ആർ.ഒയെ- ശശികുമാർ

Aug 10, 2022


thomas isaac

2 min

'ആ അഞ്ചുവര്‍ഷം നഷ്ടപ്പെട്ടില്ലായിരുന്നെങ്കില്‍ വേറൊരു കേരളമായേനെ, ഇ.ഡിയുടെ നീക്കം പാര്‍ട്ടി നേരിടും'

Aug 11, 2022

Most Commented