പ്രതീകാത്മക ചിത്രം | PTI
കൊച്ചി: കൊച്ചി മെട്രോയുടെ തൂണിന് നേരിയ ചരിവ് കണ്ടെത്തി. ഇതേത്തുടര്‍ന്ന് പത്തടിപ്പാലത്തെ തൂണിന് ചുറ്റമുള്ള മണ്ണുനീക്കി പരിശോധന നടത്തി. തകരാര്‍ ഗൗരവമുള്ളതല്ലെന്നും മെട്രോ സര്‍വീസിനെ ഇത് ബാധിക്കില്ലെന്നും മെട്രോ അധികൃതര്‍ പറഞ്ഞു.
ആലുവയ്ക്കും പത്തടിപ്പാലത്തിനും ഇടയില്‍ 347-ാം നമ്പര്‍ തൂണിന്റെ ഭാഗത്താണ് ചരിവ് വന്നത്. കെഎംആര്എല്ലിന്റേയും ഡിഎംആര്‍സി എഞ്ചിനീയര്‍മാരുടേയും നേതൃത്വത്തില്‍ പരിശോധന തുടരുകയാണ്. രണ്ടാഴ്ച മുന്‍പാണ് ചെരിവ് ഉണ്ടോ എന്ന സംശയം ഉയര്‍ന്നത്. മെട്രോ കടന്നുപോവുന്ന ഭാഗത്തെ ഭൂമിക്ക് എന്തെങ്കിലും മാറ്റം സംഭവിച്ചോ എന്നതടക്കമുള്ള കാര്യങ്ങളാണ് ഇപ്പോള്‍ അധികൃതര്‍ പരിശോധിക്കുന്നത്.
പത്തടിപ്പാലം മെട്രോ സ്റ്റേഷന് സമീപമുള്ള 347 -ാം നമ്പര്‍ പില്ലറിന്റെ അടിത്തറയില്‍ ലഘുവായ വ്യതിയാനം വന്നിട്ടുള്ളതായും ഇതിന്റെ ഭാഗമായി ട്രാക്കിന്റെ അലൈന്മെന്റില് ലഘുവായ വ്യത്യാസം ഉണ്ടായതായും കണ്ടെത്തിയതിനെ തുടര്‍ന്ന് അന്വേഷണം പുരോഗമിക്കുകയാണെന്ന് കൊച്ചി മെട്രോ ട്രെയിൻ ലിമിറ്റഡ് അറിയിച്ചു.
ഈ ഭാഗത്തെ മണ്ണിന്റെ ഘടനയില്‍ വന്ന മാറ്റത്തിന്റെ ഭാഗമാണോ ഇതെന്ന് പരിശോധിക്കുന്നുണ്ട്. മെട്രോ ട്രെയിന്‍ സര്‍വീസിനെ ഇത് ബാധിക്കില്ല. മുന്‍കരുതല്‍ എന്ന നിലയില്‍ ഈ ഭാഗത്ത് ട്രയിനിന്റെ വേഗം കുറച്ചിട്ടുണ്ട്. പ്രശ്നത്തിന്റെ യഥാര്‍ത്ഥ കാരണം കണ്ടെത്തി പരിഹരിക്കാനുള്ള വിദഗ്ധ സേവനം തേടിയിട്ടുണ്ടെന്നും കൊച്ചി മെട്രോ ട്രെയിൻ ലിമിറ്റഡ് അറിയിച്ചു.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..